2 കോടി രൂപയുടെ എസ്‌യുവിക്ക് 'രക്ഷകനായത്' വെറും 11 ലക്ഷത്തിന്റെ ഇന്ത്യൻ കാര്‍! തരംഗമായി വീഡിയോ
ഒരു ഓഫ്‌റോഡിംഗ് ശേഷിയുള്ള വാഹനം കൈയ്യില്‍ കിട്ടിയാല്‍ എക്‌സ്പീരിയന്‍സ് ഇല്ലാത്ത ഡ്രൈവര്‍മാര്‍ പോലും തന്റെ സ്‌കില്‍ പരീക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്. തല്‍ഫലമായി മികച്ച ഓഫ്‌റോഡിംഗ് കഴിവുകളുള്ള വാഹനങ്ങള്‍ പോലും കുടുങ്ങിപ്പോകുന്ന സംഭവങ്ങളുണ്ട്. കടല്‍ത്തീരത്തെ മണല്‍തിട്ടയില്‍ വാഹനങ്ങള്‍ കുടുങ്ങിയ വാര്‍ത്തകളും വീഡിയോസും നിങ്ങളും കണ്ടിട്ടുണ്ടാകും.
ബീച്ചുകളിലൂടെ വാഹനം ഇറക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള അപകടസാധ്യതകള്‍ അവഗണിച്ച് പലരും അശ്രദ്ധമായി വാഹനം ഓടിക്കുന്നത് കാണാം. മികച്ച ഓഫ്-റോഡ് ശേഷിയുള്ള വാഹനങ്ങള്‍ പോലും കടല്‍ത്തീരത്തെ മണല്‍തിട്ടകളില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് തമിഴ്‌നാട്ടിലെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ നിന്ന് പുറത്തുവരുന്നത്. എന്നാല്‍ ഇവിടെ ശ്രദ്ധേയമായ വസ്തുത എന്തെന്നാല്‍ ഓഫ്‌റോഡിംഗ് ശേഷിക്ക് പേരുകേട്ട ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ 5 ഡോര്‍ എസ്‌യുവിയാണ് മണലില്‍ കുടുങ്ങിക്കിടക്കുന്നത്.

ഏകദേശം 2 കോടി രൂപ വില വരുന്ന ഡിഫെന്‍ഡറിനെ രക്ഷക്കെത്തിയത് ഇന്ത്യക്കാരുടെ സ്വന്തം മഹീന്ദ്ര ഥാര്‍ എസ്‌യുവിയും. ഡിഫെന്‍ഡറിനെ ഥാര്‍ 'രക്ഷിക്കുന്ന' വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാണ്. ഈസ്റ്റ് കോസ്റ്റ് റോഡിലെ ബീച്ചില്‍ കുടുങ്ങിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. മണല്‍തിട്ടക്ക് മുകളിലൂടെ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി കുടുങ്ങപ്പോകുകയായിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും കാര്‍ നീക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
ഓഫ്-റോഡ് സാഹസികതയ്ക്ക് അനുയോജ്യമായ വിവിധ സൗകര്യങ്ങളോടെയാണ് ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ വരുന്നത്. എന്നാല്‍ ഓഫ്-റോഡിംഗ് എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. എത്ര കഴിവുറ്റ എസ്‌യുവിയാണെങ്കിലും ചിലപ്പോള്‍ ഓഫറോഡിംഗിനിടെ സ്റ്റക്കായിപ്പോകുന്ന സാഹചര്യം വരാം. ചില സാഹചര്യങ്ങളില്‍ ഡ്രൈവറുടെ പരിചയക്കുറവും വിനയാകാം. എന്തായാലും ഇവിടെ ഡിഫെന്‍ഡര്‍ കുടുങ്ങി. വണ്ടി ചെരിഞ്ഞ് നില്‍ക്കുന്നതിനാല്‍ പിന്‍ ടയറിലേക്ക് ലോഡ് വന്ന് ട്രാക്ഷന്‍ ലഭിക്കാതെ ചുമ്മാ കറങ്ങുകയായിരുന്നു.
സ്‌റ്റോക്ക് കണ്ടീഷനിലുള്ള ടയറുകളായതിനാല്‍ താഴ്ന്ന ട്രാക്ഷന്‍ ഏരിയകളില്‍ ഇത് നന്നായി പ്രവര്‍ത്തിച്ചില്ല. ഒടുവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുതിയ തലമുറ മഹീന്ദ്ര ഥാര്‍ സംഭവ സ്ഥലത്തെത്തി. ഒരു ചങ്ങല ഘടിപ്പിച്ചാണ് മണല്‍തിട്ടയില്‍ നിന്ന് ഡിഫെന്‍ഡറിനെ നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. മുന്നില്‍ നിന്ന് കെട്ടി വലിക്കുന്നതിന് പകരം റിവേഴ്‌സില്‍ ഡിഫെന്‍ഡറിനെ നീക്കാനായിരുന്നു പ്ലാന്‍. തുടക്കത്തില്‍ മണലില്‍ ഗ്രിപ്പ് ലഭിച്ചില്ലെങ്കിലും അധികം സമയം എടുക്കാതെ ഥാര്‍ ഡിഫെന്‍ഡറിനെ വലിച്ച് നീക്കി.
വില കൂടിയ കാറിനെ അതും ഒരു ഓഫ്‌റോഡര്‍ എസ്‌യുവിയെ മഹീന്ദ്ര ഥാര്‍ പുഷ്പം പോലെ കെട്ടിവലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഇതുപോലെ ഥാറും അതിന്റെ മുന്‍ഗാമികളും ഓഫ്‌റോഡിംഗ് ട്രാക്കുകളില്‍ കുടുങ്ങിയ വണ്ടികളെ രക്ഷിച്ചെടുത്ത നിരവധി സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവിടെ രണ്ട് വണ്ടികളും തമ്മിലുള്ള വിലയിലെ അന്തരമാണ് ഇത് വലിയ ചര്‍ച്ചയാകാന്‍ കാരണം.

ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ഥാറിന്റെ പ്രാരംഭ വില വെറും 10.98 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 16.94 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. ഇൗ സംഭവം കൊണ്ട് ഥാര്‍ ഡിഫെന്‍ഡറിനേക്കാള്‍ ഓഫ്‌റോഡിംഗ് ശേഷിയുള്ള വാഹനമെന്ന് പറയാന്‍ സാധിക്കില്ല. ഓഫ്-റോഡിംഗ് ട്രിക്കി ആയതിനാല്‍ വാഹനങ്ങള്‍ അപ്രതീക്ഷിതമായി കുടുങ്ങിയേക്കാം. ഇത് വാഹനത്തെയും ഡ്രൈവറെയും ആശ്രയിച്ചിരിക്കുന്നുവെങ്കിലും അജ്ഞാതമായ സ്ഥലങ്ങളിലേക്ക് ഓഫ്-റോഡിംഗിന് പോകുമ്പോള്‍ അപ്രതീക്ഷിതമായ വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമായിരിക്കണം.
ഓഫ്-റോഡ് ട്രയലുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു ബാക്കപ്പ് വാഹനം ഇല്ലാതെ ദുഷ്‌കരമായ ഓഫ് റോഡിംഗ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ഡ്രൈവറുടെ എക്‌സ്പീരിയന്‍സോ വാഹനത്തിന്റെ ഓഫ്‌റോഡിംഗ് ശേഷിയോ പരിഗണിക്കാതെ തന്നെ ഏത് വാഹനവും കുടുങ്ങാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഒരു റിക്കവറി വെഹിക്കിള്‍ കൊണ്ടുപോകുക വഴി തടസങ്ങളില്ലാത്ത രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കാനാകും.
ഒപ്പം ടയിംഗ് റോപ്പുകള്‍, ടയര്‍ ഇന്‍ഫ്‌ലേറ്റര്‍, ഹാന്‍ഡ് ഡിഗര്‍, സാന്‍ഡ് ലാഡര്‍ എന്നിവ പോലുള്ള ഓഫ്-റോഡ് റിക്കവറി ഉപകരണങ്ങള്‍ കൈയ്യില്‍ കരുതേണ്ടതും അത്യാവശ്യമാണ്. ജനവാസമില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്ത് മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്ന സാഹചര്യങ്ങള്‍ വരെ ഉണ്ടായേക്കാം. മണിക്കൂറുകള്‍ എടുത്താകാം സഹായമെത്തുക. അതുകൊണ്ട് ആവശ്യത്തിന് വെള്ളവും ഡ്രൈ ഫ്രൂട്‌സും കരുതാം. ഓഫ്-റോഡ് സാഹസികത ആവേശം പകരുന്നതാണ്. എന്നാല്‍ അതില്‍ അപകടങ്ങള്‍ പതിയിരിക്കുന്നതിനാല്‍ മതിയായ സന്നാഹങ്ങളോടെ പോകാന്‍ ശ്രമിക്കുക.


Click it and Unblock the Notifications








