റോക്സിലേക്ക് ജീപ്പ് റാംഗ്ലറിൻ്റെ പരകായപ്രവേശം, റോക്സിൻ്റെ ഇജ്ജാതി കൺവേർഷൻ കണ്ടിട്ടുണ്ടാവില്ല
മഹീന്ദ്ര ഥാർ റോക്സ് അവതരിപ്പിച്ചതിന് ശേഷം പിന്നീടങ്ങോട്ട് ബുക്കിങ്ങിൻ്റെ ബഹളം തന്നെയായിരുന്നു. ഇപ്പോഴോ ഡെലിവറിയുടെ ബഹളവും. രാജ്യത്തെ നിരത്തുകളിൽ റോക്സ് പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുകയാണ്. ആദ്യത്തെ രണ്ട് ദിവസം കാണാം വണ്ടി സ്റ്റോക്ക് മോഡലിൽ പോകുന്നത്. അതിന് ശേഷം പിന്നെ കസ്റ്റമൈസേഷൻ, വീൽ അപ്സൈസ്, അങ്ങനെ നീളുന്നു മോഡിഫിക്കേഷനുകൾ. എന്നാൽ പുത്തൻ ഥാർ റോക്സിനെ ജീപ്പ് റാംഗ്ലറാക്കി മാറ്റിയിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പാരീസ് ചോപ്രയാണ് യുട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിലവിൽ ജീപ്പ് റാംഗ്ലർ റൂബിക്കോണിലേക്ക് പൂർണ്ണമായി കൺവേർട്ട് ചെയ്യപ്പെട്ട ഒരേയൊരു മഹീന്ദ്ര ഥാർ റോക്‌സ് ഇതാണ് എന്നാണ് ഉടമസ്ഥൻ്റെ അവകാശവാദം. റോക്സിൽ വരുത്തിയ മാറ്റങ്ങളിലേക്ക് വരികയാണെങ്കിൽ മുൻവശത്ത് യഥാർത്ഥ ജീപ്പ് റാംഗ്ലർ റുബിക്കോൺ ഫ്രണ്ട് ബമ്പർ നൽകിയിട്ടുണ്ട്. കൂടുതൽ ബോക്‌സി ഡിസൈൻ ഉള്ള സ്റ്റോക്ക് ബമ്പറിന് പകരമാണ് ഈ ബമ്പർ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് എൽഇഡി പ്രൊജക്ടർ ഫോഗ് ലൈറ്റുകളും ഈ ബമ്പറിൽ ചേർത്തിട്ടുണ്ട്.

മുന്നിൽ റാംഗ്ലർ മോഡലിലുളള ഫെൻണ്ടറുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. അതിന് മാത്രം 30000 രൂപയോളം ചിലവായിട്ടുണ്ട്. കൺവേർഷൻ്റെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം എന്താണെന്ന് വച്ചാൽ ഒറിജിനൽ റാംഗ്ലറിലെ അലോയ് വീലുകളും ടയറുമാണ് ഇതിൽ ചേർത്തിരിക്കുന്നത്. യഥാർത്ഥ ജീപ്പ് റാംഗ്ലർ റൂബിക്കോണിൻ്റെ 17 ഇഞ്ച് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. അകത്തേക്ക് നോക്കിയാൽ ഡോറുകളിലും ഡാഷ്‌ബോർഡിലും ആംബിയൻ്റ് ലൈറ്റിംഗ് ലഭിക്കുന്നു. കൂടാതെ, ആംബിയൻ്റ് ലൈറ്റുകളുള്ള മെഴ്‌സിഡസ്-ബെൻസ് ജി-വാഗൺ സ്റ്റൈലിലുളള എസി വെൻ്റുകളും ചേർത്തിട്ടുണ്ട്.
അടുത്തിടെ പുറത്തിറക്കിയ മറ്റ് മഹീന്ദ്ര ഉൽപ്പന്നങ്ങൾ പോലെ തന്നെ 5-ഡോർ ഥാറിനും വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് 1 മണിക്കൂറിനുള്ളിൽ എസ്‌യുവി ബുക്ക് ചെയ്‌തത് 1.76 ലക്ഷത്തിലധികം ആളുകളായിരുന്നു. MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിൽ വരുന്ന ഥാർ റോക്‌സിന്റെ ടൂവീൽ ഡ്രൈവ് മോഡലുകൾക്ക് 12.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

അതേസമയം 4X4 പതിപ്പ് വാങ്ങുകയാണെങ്കിൽ 18.79 ലക്ഷം മുതൽ 22.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ 162 bhp പവറും 330 Nm ടോർക്കും വരെ ഉത്പാദിക്കും.
മറുവശത്ത് പെട്രോൾ ഓട്ടോമാറ്റിക്കിൽ പവർ ഡെലിവറി കൂടുതലാണ്. 177 bhp കരുത്തിൽ പരമാവധി 380 Nm torque നൽകാൻ ഥാർ 5-ഡോർ പെട്രോൾ ഓട്ടോമാറ്റിക് യോഗ്യമാണ്. ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് വേരിയൻ്റുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ നിർമിക്കാനാവുന്ന വിധമാണ് കമ്പനി ട്യൂൺ ചെയ്‌തിരിക്കുന്നത്.

ഇടിപ്പരീക്ഷയിൽ ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി വിജയിച്ചെത്തിയിരുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റിലാണ് എസ്‌യുവിയുടെ മാസ്‌മരിക പ്രകടനം വിലയിരുത്തപ്പെട്ടത്. മുതിർന്നവരുടെ സംരക്ഷണത്തിന് 32-ൽ 31.09 പോയിന്റും കുട്ടികളുടെ സേഫ്റ്റിക്ക് 49-ൽ 45 പോയിന്റും സ്കോർ ചെയ്‌താണ് മഹീന്ദ്ര ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയെടുത്തിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








