ഇവൻ ഒറ്റയ്ക്ക് വഴിവെട്ടും! ഥാർ റോക്സിൻ്റെ കണ്ണുത്തളളിക്കുന്ന മോഡിഫിക്കേഷൻ
മഴക്കാലമായത് കൊണ്ട് ഇപ്പോൾ ഓഫ്റോഡറുമാർക്ക് ചാകരയാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. എവിടെയെങ്കിലും വെളളപ്പൊക്കം വന്നാൽ പിന്നങ്ങോട്ട് ഥാർ, ബൊലേറോ, ടൊയോട്ട ഹൈലക്സ് എന്നിങ്ങനെ ഓഫ്റോഡർ രാജാക്കൻമാരുടെ റീൽസായിരിക്കും സോഷ്യൽ മീഡിയ ഭരിക്കുക. പാലായിൽ വെളളത്തിൽ കൂടെ വരുന്ന ഥാറിനെ കുറിച്ച് വെബ്സൈറ്റിൽ വന്ന വാർത്ത നിങ്ങളെല്ലാവരും വായിച്ചു കാണുമല്ലോ. ഒരു സ്റ്റോക്ക് വണ്ടിയുമായിട്ടാണ് ഡ്രൈവർ വെളളത്തിലൂടെ ഓടിച്ചു പോന്നത്. അപ്പോൾ ഒരു ഓഫ്റോഡ് സ്പെക്ക് നിറച്ച വണ്ടിയാണങ്കിലോ. അത്തരത്തിലൊരു കിടിലൻ ഥാർ റോക്സിൻ്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരുടേയും കണ്ണുത്തളളിച്ചിരിക്കുകയാണ്.
ക്ലാസിക് നോയിഡ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് മോഡിഫൈ ചെയ്ത ഥാർ റോക്സിൻ്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. വാഹനത്തിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളിലേക്ക് നോക്കിയാൽ മുൻവശത്തായി ഫങ്ഷണൽ എയർ സ്കൂപ്പുള്ള ഒരു പുത്തൻ ബോണറ്റ് ആണ് വാഹനത്തിന് ലഭിക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ കാണാം. എഞ്ചിനെ തണുപ്പിക്കുന്നതിന് വേണ്ടി ഈ സ്കൂപ്പ് സഹായിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ജീപ്പ് റാങ്ലർ റൂബിക്കൺ മോഡലിൽ ലഭിക്കുന്ന ഹണികോമ്പ് മെഷുള്ള സെവൻ-സ്ലാറ്റ് ഗ്രില്ലാണ് നൽകിയിരിക്കുന്നത്.

വാഹനത്തിൽ സ്റ്റോക്കായി ലഭിക്കുന്ന ബംബറിന് പകരം ഒരു മെറ്റൽ ബമ്പറും നൽകിയിട്ടുണ്ട്. ഈ ബംബർ ലഭിച്ചിരിക്കുന്നത് കൊണ്ട് തന്നെ വാഹനത്തിൻ്റെ അപ്രോച്ച് ആംഗിളിൽ വ്യത്യാസം വരികയും വളരെ അനായാസമായി തന്നെ ഓഫ്റോഡിങ്ങിന് സാധിക്കും. ലൈറ്റുകളുടെ കാര്യത്തിലേക്ക് വന്നാൽ അധിക എൽഇഡി ഫോഗ് ലൈറ്റുകളും വാഹനത്തിലുണ്ട്. വാഹനത്തിൻ്റെ നിറത്തിലേക്ക് വന്നാൽ സാറ്റിൻ ബ്ലാക്കാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.
സൈഡ് പ്രൊഫൈലിലേക്ക് വന്നാൽ മാക്സിസ് 980 AT ടയറുകൾ ആണ് ഉളളത്. അത് കൊണ്ട് തന്നെ ഓഫ്റോഡിങ്ങിലും അത് പോലെ തന്നെ സാധാരണ ഹൈവേകളിലും വാഹനത്തിന് സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് ഗുണം. ഓഫ്റോഡിങ്ങിൽ വാഹനം കുടുങ്ങിയാൽ തന്നെ ഒരു റിക്കവറി ട്രാക്കുകളും വാഹനത്തിൻ്റെ റൂഫിൽ സ്ഥാപിച്ചിട്ടുണ്ട്.

പിൻ ബമ്പറിൽ സ്റ്റാൻഡേർഡ് മോഡലിന് സമാനമായിട്ടുളളതാണ് നൽകിയിരിക്കുന്നത് എന്ന് മാത്രമല്ല.റോക്സിൽ സ്റ്റോക്ക് വരുന്ന സി ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളും അത് പോലെ തന്നെ മാറ്റമില്ലാതെ നിർത്തിയിട്ടുണ്ട് എന്നത് കൊണ്ട് തന്നെ പിന്നിൽ വാഹനത്തിന് കാര്യമായ മാറ്റം ഇവർ നൽകിയിട്ടില്ല എന്ന് വേണം മനസിലാക്കാൻ. അതിനൊപ്പം തന്നെ മെക്കാനിക്കലായിട്ടും വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല.
ഥാർ റോക്‌സ് എസ്‌യുവിക്ക് 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ വേരിയന്റുകൾ 162 bhp പവറിൽ പരമാവധി 330 Nm torque വരെ ഉത്പാദിക്കാൻ ശേഷിയുള്ളതാണെന്ന് മഹീന്ദ്ര പറയുന്നു. മറുവശത്ത് പെട്രോൾ ഓട്ടോമാറ്റിക്കിൽ പവർ ഡെലിവറി കൂടുതലാണ്.

177 bhp പവറിൽ പരമാവധി 380 Nm torque വരെ നൽകാൻ ഥാർ 5-ഡോർ പെട്രോൾ ഓട്ടോമാറ്റിക്കിനാവും. എസ്‌യുവിയുടെ ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ നൽകാനാവുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം.ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.
IMAGE CREDITS : https://www.instagram.com/classic_noida/


Click it and Unblock the Notifications








