ADAS സിസ്റ്റം ഒക്കെ വർക്കിംഗ് തന്നെ! മെറ്റൽ ബമ്പറിൽ മാസ് ലുക്കിൽ ആദ്യ ഥാർ റോക്സ്
ഏറെ കാലമായി കാത്തിരുന്ന ഡെലിവറികൾ ആരംഭിച്ചതുമുതൽ, മഹീന്ദ്ര ഥാർ റോക്സിൻ്റെ പലതരത്തിലുള്ള പരിഷ്കരണങ്ങളും മോഡിഫിക്കേഷനുകളും ഇതാ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ കാലത്തിനകം വീലുകൾ അപ്പ്സൈസ് ചെയ്തതും, ബോഡി പരിഷ്‌ക്കരിച്ചതും കിറ്റ് കയറ്റിയതും, ഇൻ്റീരിയർ നവീകരിച്ചതും അല്ലാത്തതുമായ നിരവധി ഉദാഹരണങ്ങൾ നാം ഇതിനോടകം കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഒരു ബമ്പർ അപ്‌ഗ്രേഡാണ് ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നത്. വാഹനത്തിന്റെ ഉടമ, സ്റ്റോക്ക് ബമ്പറിന് പകരം ഇഷ്‌ടാനുസൃതമായി നിർമ്മിച്ച മെറ്റൽ ബമ്പറാണ് റോക്സിൽ ഉപയോഗിച്ചിരിക്കുന്നത്. ADAS സിസ്റ്റത്തിനുള്ള ഹാർഡ്‌വെയറും ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും ഇതിലേക്ക് സമന്വയിപ്പിച്ചിട്ടുമുണ്ട് എന്നത് ശ്രദ്ധേയമാണ്.
പല ഥാർ ത്രീ -ഡോർ ഉടമകളും ഇതിനുമുമ്പ് അവരുടെ വാഹനങ്ങളിൽ സമാനമായ മെറ്റൽ ബമ്പറുകൾ സ്ഥാപിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നിരുന്നാലും, റോക്സിൽ ഇത് പോലെ ഒരെണ്ണം ഞങ്ങൾ കാണുന്നത് ഇതാദ്യമാണ്, കൂടാതെ നിരവധി ഘടകങ്ങൾ ഇതിനെ വളരെ വ്യത്യസ്തമാക്കുന്നു. സാധാരണയായി, ADAS സംവിധാനങ്ങൾ ഉള്ള വാഹനങ്ങളിൽ ഒരു ബമ്പർ സ്വാപ്പ് നിർദ്ദേശിക്കപ്പെടുന്ന ഒന്നല്ല.

ADAS സിസ്റ്റങ്ങളുടെ വർക്കിംഗും സാങ്കേതികവിദ്യയും പ്രധാനമായും ഫ്രണ്ട് വിൻഡ്‌സ്‌ക്രീനിൽ ഇരിക്കുന്ന ക്യാമറ, മുൻ ബമ്പറിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു LIDAR (റഡാർ) എന്നിങ്ങനെ രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. OE ഫിറ്റ്‌മെൻ്റിൻ്റെ അതേ കൃത്യതയും ഫിനിഷും ഉള്ള ഒരു കസ്റ്റമൈസ് ചെയ്ത ബമ്പറിൽ ഇവ വീണ്ടും ഇൻസ്‌റ്റാൾ ചെയ്യുക എന്നത് അപൂർവ്വമാണ് എന്ന് തന്നെ പറയാം.
ഇവിടെ, റോക്‌സിനായി മെറ്റൽ ബമ്പറുകൾ നിർമ്മിക്കുന്നതിലും ഇലക്‌ട്രോണിക്‌സ് അതോടൊപ്പം സമന്വയിപ്പിക്കുന്നതിലും തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്. ഇൻസ്റ്റാളേഷൻ മികച്ചതാണെന്നും ക്യാമറയുടെ പോലും ഫിനിഷ് ബെസ്റ്റാണ് എന്നും ഉടമ പറയുന്നു. രണ്ട് പാർക്കിംഗ് സെൻസറുകൾ, പുതിയ ആഫ്റ്റർ മാർക്കറ്റ് LED പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, LIDAR എന്നിവ പുതിയ ബമ്പറിൽ സ്ഥാപിച്ചിരിക്കുന്നു.

എന്നിരുന്നാലും, ADAS സിസ്റ്റത്തിൻ്റെ മൊത്തത്തിലുള്ള കാര്യക്ഷമതയെയും കൃത്യതയെയും ഈ ബമ്പർ സ്വാപ്പ് എങ്ങനെ ബാധിച്ചേക്കാം എന്ന് കണ്ടറിയേണ്ടതുണ്ട്. വീൽ ആർച്ച് ഗാർണിഷുകളുമായി ചേരുന്ന തരത്തിൽ ബമ്പറിന് മാറ്റ് പെയിൻ്റ് ഫിനിഷ് നൽകാൻ ഉടമയ്ക്ക് ആദ്യം പദ്ധതിയുണ്ടായിരുന്നു. എന്നിരുന്നാലും, പകരം അദ്ദേഹം ഗ്ലോസ് ബ്ലാക്ക് ഷെയ്ഡ് തിരഞ്ഞെടുത്തതായി വീഡിയോ കാണിക്കുന്നു.
പുതിയ മെറ്റൽ ബമ്പർ റോക്സിലേക്ക് കൂടുതൽ മസ്കുലാർ ഫീൽ ചേർത്തു എന്ന് നിസംശയം പറയാം. ബമ്പർ നവീകരണം ഈ റോക്സിന് മുൻവശത്ത് ഒരു പുതിയ മെറ്റൽ സ്കിഡ് പ്ലേറ്റും നൽകി. പുതിയ ബമ്പറും സ്‌കിഡ് പ്ലേറ്റും വാഹനത്തിൻ്റെ ഓഫ് -റോഡിംഗ് കഴിവുകൾ വർധിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല, പ്രത്യേകിച്ച് അപ്രോച്ച് ആംഗിളിന്റെ കാര്യത്തിൽ ഇത് ഗുണകരമാണ്.
ഈ വാഹനത്തിൽ മറ്റ് നവീകരണങ്ങളും അപ്പ്ഡേറ്റുകളും ഉടമ നടത്തിയിട്ടുണ്ട്. ഈ ഥാർ റോക്സിന് ഇപ്പോൾ പുതിയ 22 ഇഞ്ച് വീലുകളും ട്വീക്ക് ചെയ്ത സസ്പെൻഷൻ സജ്ജീകരണവും വരുന്നു. പുതിയ സജ്ജീകരണം കാരണം റൈഡ് ക്വാളിറ്റ്/ നിലവാരം എന്നത് എങ്ങനെയിരിക്കുന്നു എന്ന് കണ്ടറിയണം. 22 ഇഞ്ച് വീലുകൾ വളരെ വലുതായി കാണപ്പെടുകയും മികച്ച സാന്നിധ്യം നൽകുകയും ചെയ്യുന്നതാണ്. മുമ്പ് പല സന്ദർഭങ്ങളിലും റോക്സിൽ ഇത്തരം സ്വാപ്പുകൾ നാം കണ്ടിട്ടുണ്ട്.
ഈ റോക്സിന് ആഫ്റ്റർ മാർക്കറ്റ് ടെയിൽ ലാമ്പ് സ്വാപ്പുകളും പുതിയ റിയർ ഫോഗ് ലാമ്പുകളും ലഭിക്കുന്നു. ടെയിൽ ലൈറ്റുകൾ ഇപ്പോൾ സ്മോക്ക്ഡ് ഫിനിഷുള്ള ട്രെൻഡി 'അവർ ഗ്ലാസ്' യൂണിറ്റുകളിലേക്കാണ് ഉടമ അപ്ഗ്രേഡ് ചെയ്തിട്ടുള്ളത്. പിൻ റിഫ്‌ളക്ടറുകൾക്കുള്ളിൽ ഇരിക്കുന്ന റിയർ ഫോഗ് ലാമ്പുകൾക്ക് പോലും അവർഗ്ലാസ് പാറ്റേണുകൾ ലഭിക്കും എന്ന് ശ്രദ്ധേയമാണ്.
വാഹനത്തിന്റെ ലോഞ്ച് വേളയിൽ, ത്രീ-ഡോർ ഥാറിനും റോക്സിനും ഇടയിൽ ഏറ്റവും കുറഞ്ഞ പാർട്സ് ഷെയറിംഗ് മാത്രമാണ് ഉള്ളതെന്ന് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു. അതിനാൽ പുതിയ എസ്‌യുവിക്ക് വ്യത്യസ്‌ത മൗണ്ടിംഗ് പോയിൻ്റുകൾ ലഭിക്കുന്നതിനാൽ നമുക്ക് റോക്സിൽ ത്രീ -ഡോർ മോഡലിന്റെ മെറ്റൽ ബമ്പറുകൾ സെറ്റ് ചെയ്യാൻ കഴിയില്ല. എന്നിരുന്നാലും, ടെയിൽ ലാമ്പുകൾ റെട്രോഫിറ്റ് ചെയ്യാൻ കഴിയും.


Click it and Unblock the Notifications








