പുണ്യനദിയില്‍ ഥാറിനെ 'കുളിപ്പിച്ച്' യുവാക്കള്‍; കൈയ്യോടെ പൊക്കി പൊലീസ്
സോഷ്യല്‍ മീഡിയ വ്യാപകമായത് വിനോദസഞ്ചാര മേഖലക്ക് പുത്തനുണര്‍വാണേകിയത്. യാത്രകള്‍ക്കും സഞ്ചാരികള്‍ക്കും കൂടുതല്‍ പ്രചാരം ലഭിച്ച് തുടങ്ങി. ഇന്ന് അവധി ദിവസങ്ങളില്‍ വിനോദസഞ്ചാര മേഖലകളില്‍ അനുഭവപ്പെടുന്ന തിരക്ക് അതിനുള്ള തെളിവാണ്. ഒരു നല്ല ടൂറിസ് കേന്ദ്രം സന്ദര്‍ശിക്കുന്നത് മനസ്സിനും ശരീരത്തിനും കുളിര്‍മയേകുന്നു. അതിനാല്‍ തന്നെ ഇടക്കൊന്ന് റീഫ്രഷ് ആകാന്‍ ഏവരും സ്വീകരിക്കുന്ന മാര്‍ഗം യാത്ര പോകുക എന്നതാണ്.
ചിലര്‍ ഇത്തരത്തില്‍ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. എന്നാല്‍ യാത്രക്കിടെ സ്വന്തം സന്തോഷം മാത്രം നോക്കുന്ന ആവാസവ്യവസ്ഥയെ അപകടത്തിലാക്കുന്ന ശീലമാണ് മനുഷ്യനുള്ളത്. ദിവസവും അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ നാം കാണുന്നു. മനുഷ്യരാല്‍ അനുദിനം മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നദിയാണ് ഗംഗ. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് പുണ്യ നദിയാണ് ഗംഗ. നദികളില്‍ പുണ്യവതി എന്നാണ് ഗംഗ അറിയപ്പെടുന്നത്. ഏതു തരത്തിലുള്ള പാപം ചെയ്യുന്നവനും ഗംഗാ സ്‌നാനത്തിന് ശേഷം പുണ്യാത്മാവായി മാറുമെന്നാണ് വിശ്വാസം.

ഇപ്പോള്‍ ഹരിദ്വാറില്‍ പുണ്യനദിയായ ഗംഗയില്‍ മഹീന്ദ്ര ഥാര്‍ എസ്‌യുവി ഇറക്കി 'കുളിപ്പിച്ച' ഡല്‍ഹിയില്‍ നിന്നുള്ള ആറ് വിനോദസഞ്ചാരികളെ ഉത്തരാഖണ്ഡ് പൊലീസ് പിടികൂടി പിഴ ചുമത്തി. നീല്‍ധാര മേഖലയിലൂടെ ഒഴുകുന്ന ഗംഗാ നദിക്ക് നടുവില്‍ ഒരു എസ്‌യുവി പാര്‍ക്ക് ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. യുവാക്കള്‍ കാര്‍ കഴുകുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് എസ്‌യുവി പിടിച്ചെടുക്കുകയായിരുന്നു.
'മര്യാദ' ഓപറേഷന്‍ പ്രകാരമാണ് കുഴപ്പക്കാരായ പൊലീസുകാര്‍ക്ക് പിഴ ചുമത്തിയത്. 'ഓപ്പറേഷന്‍ മര്യാദ' പ്രകാരം 2021 ജൂലൈ മുതല്‍ 10 പോലീസുകാരടങ്ങുന്ന സംഘം ഗംഗാ തീരത്ത് ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. പുണ്യസ്ഥലത്ത് വിനോദസഞ്ചാരികള്‍ ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശനമായ ജുഡീഷ്യല്‍ നടപടിക്ക് വിധേയമാക്കും.
അടുത്ത കാലത്തായി എസ്‌യുവി ഉടമകള്‍ നിരുത്തരവാദപരമായി തങ്ങളുടെ കാറുകള്‍ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഓടിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 4WD സിസ്റ്റവുമായി എത്തുന്ന മഹീന്ദ്ര ഥാറിന്റെ ഓഫ്-റോഡിംഗ് കഴിവുകളെ പറ്റി വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ നമ്മള്‍ വിവേകപൂര്‍ണമായി പെരുമാറണം.
ഹില്‍ സ്റ്റേഷനുകളിലും പുണ്യ സ്ഥലങ്ങളിലും എസ്‌യുവികള്‍ കൊണ്ടുപോകുന്ന വിനോദസഞ്ചാരികള്‍ പരിസ്ഥിതി സംരക്ഷിക്കാനും അവിടുത്തെ പവിത്രത ഉറപ്പാക്കുകയും ചെയ്യുകയാണ് വേണ്ടത്. മലിനമായിക്കൊണ്ടിരിക്കുന്ന ഗംഗ നദി ശുദ്ധീകരിക്കാനും അത് മലിനമാക്കുന്നത് തടയാനും സര്‍ക്കാര്‍ ഗൗരവമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇത്തരത്തില്‍ കാര്‍ കഴുകി നദി മലിനമാക്കിയതിനാണ് ഥാര്‍ ഉടമയായ യുവാവിനെതിരെ നടപടിയെടുത്തത്.
ഥാറിന്റെ പുത്തന്‍ എതിരാളിയായ മാരുതി ജിംനി 5 ഡോറിന്റെ പരസ്യ ചിത്രീകരണം അടുത്തിടെ വിവാദമായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിംനി 5 ഡോര്‍ ജൂണില്‍ ലോഞ്ച് ചെയ്യാന്‍ പോകുകയാണ്. 'ദുര്‍ബലമായ ആവാസവ്യവസ്ഥ'യില്‍ പരസ്യം ചിത്രീകരിച്ചതിന് ലഡാക്ക് എംപിയില്‍ നിന്നാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നത്.
ജിംനിയുടെ പരസ്യ ചിത്രീകരണത്തിന്റെ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലഡാക്കിലെ പ്രശസ്തമായ പാംഗോങ്ങ് തടാകത്തിലൂടെ ജിംനി ഓടിക്കുന്നതായിരുന്നു വീഡിയോയിലുള്ളത്. ആമീര്‍ ഖാന്‍ നായകനായ 'ത്രീ ഇഡിയറ്റ്സ്' എന്ന മെഗാഹിറ്റ് സിനിമയുടെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചതോടെ ഇവിടം പ്രശസ്തമായി.
ലഡാക്കില്‍ നിന്നുള്ള ബിജെപി ലോക്‌സഭാംഗം ജംയാങ് സെറിംഗ് നംഗ്യാല്‍ ആണ് ട്വിറ്ററിലൂടെ മാരുതി സുസുക്കിയെ രൂക്ഷമായി വിമര്‍ശിച്ചത്. നിരുത്തരവാദപരമെന്നാണ് മാരുതി സുസുക്കിയുടെ ജിംനി പരസ്യചിത്രീകരണത്തെ ലഡാക്ക് എംപി വിശേഷിപ്പിച്ചത്. വാണിജ്യ ലാഭത്തിനുവേണ്ടി ദുര്‍ബലമായ ആവാസവ്യവസ്ഥയെ നശിപ്പിക്കരുതെന്നും ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാനും ആവശ്യമായ നിയമനടപടി സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
പാഗോങ്ങ് തടാകത്തില്‍ ചിത്രീകരിച്ച ജിംനിയുടെ പരസ്യ വീഡിയോ വൈറലായെങ്കിലും സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. വെല്ലുവിളികള്‍ നിറഞ്ഞ പ്രതലങ്ങളില്‍ മാരുതി ജിംനിയുടെ പെര്‍ഫോമന്‍സ് കാണിക്കാനാണ് പരസ്യ ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്നതിനാല്‍ ഇതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു ചിലരുടെ വാദം. എന്നാല്‍ ബിജെപി എംപിയുടെ അഭിപ്രായത്തെ പിന്തുണച്ചും നിരവധി പേര്‍ ഉണ്ടായിരുന്നു.


Click it and Unblock the Notifications








