ബിഎംഡബ്ല്യുവിനോട് വരെ മുട്ടാൻ കരുത്തുള്ള മഹീന്ദ്ര ഇവി, ഈ ഡ്രാഗ് റേസ് കണ്ടാൽ കണ്ണുത്തളളും
മഹീന്ദ്രയുടെ ഇവികൾ രണ്ടെണ്ണം വിപണിയിലെത്തിയെങ്കിലും അത് ആഡംബര ബ്രാൻഡുകളോട് പോലും ഏറ്റുമുട്ടാറായി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ചിലപ്പോൾ വിശ്വാസം വരില്ല. എന്നാൽ നിങ്ങൾ വിശ്വസിച്ചേ പറ്റു. അതാണ് സത്യം. മഹീന്ദ്ര ഇത് വരെ അവതരിപ്പിച്ചതിൽ ഏറ്റവും പവർഫുളളായ ഇവിയാണ് xev 9e എന്നത്. പെർഫോമൻസിൽ മാത്രമല്ല വിലയിലും ഇവൻ മുന്നിൽ തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോ ആണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ബിഎംഡബ്ല്യു 330Li മോഡലുമായി മഹീന്ദ്ര ഇവി ഒരു ഡ്രാഗ് റേസ് നടത്തിയിരിക്കുകയാണ്. വിജയി ആരാണെന്ന് നിങ്ങൾ ഇപ്പോൾ മനസിൽ ഉറപ്പിച്ച് കാണും.
എന്നാൽ വിജയി നിങ്ങളുദ്ദേശിക്കുന്ന വണ്ടി അല്ലെങ്കിലോ. വിജയി ആരാണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. തുഷാർ ശർമ്മ എന്ന വ്യക്തിയുടെ യുട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തുടക്കത്തിൽ എപ്പോഴും ലീഡ് നേടിയത് മഹീന്ദ്ര തന്നെയാണ് എന്ന് വീഡിയോ കാണുമ്പോൾ മനസിലാകും. തുടക്കത്തിലുളള ടോർക്ക് ഇവിയിൽ വളരെ കൂടുതലാണ്.

59 kWh, 79 kWh ബാറ്ററി പായ്ക്കുകളാണ് ഇവിയിലുള്ളത്. ഇതിൽ ടോപ്പ് എൻഡ് വേരിയന്റുകളുടെ ഡെലിവറിയാണ് കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ചെറിയ ബാറ്ററി പതിപ്പ് 228 bhp കരുത്തും 380 Nm ടോർക്കും നൽകുമ്പോൾ സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യും. വലിയ 79 kWh വേരിയന്റുകൾ 282 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.
ഡ്രാഗ് റേസിലെ എതിരാളിയായ ബിഎംഡബ്ല്യുവിൽ 330Li പെട്രോള്‍, 320Ld ഡീസല്‍ എന്നീ രണ്ട് വേരിയന്റുകളിലും M സ്പോര്‍ട്ട് പാക്കേജ് സ്റ്റാന്‍ഡേര്‍ഡായി വരുന്നു. പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്റെ ആദ്യത്തെ 330Li M സ്‌പോര്‍ട്ട് 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. 258 bhp കരുത്തില്‍ പരമാവധി 400 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.
320Ld ഡീസല്‍ പതിപ്പിലെ 2.0 ലിറ്റര്‍ എഞ്ചിന് 190 bhp പവറില്‍ 400 Nm ടോര്‍ക്ക് വരെ നല്‍കുന്നു. രണ്ട് എഞ്ചിനും ഒരു 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്റെ 330Li പെട്രോള്‍ എഞ്ചിന് 6.2 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. അതേസമയം 320Ld ഡീസലിന് 0-100 കി.മീ വേഗത തൊടാന്‍ 7.6 സെക്കന്‍ഡ് സമയം വേണം.
മത്സരത്തിൽ തുടക്കത്തിലെ ലീഡ് മഹീന്ദ്ര കൊണ്ടുപോയെങ്കിലും വിജയി ബിഎംഡബ്ല്യു തന്നെയാണ്. മഹീന്ദ്ര ഇവിയുടെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ ഡിസൈനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഹോളിവുഡ് സിനിമകളിൽ കണ്ടിരിക്കുന്ന അന്യഗ്രഹ ജീവികളുടെ വാഹനത്തിന് സമാനമായ രൂപം ആരേയും ഞെട്ടിക്കുന്നതാണ്. മുൻവശത്ത് കണക്റ്റിംഗ് എൽഇഡി ബാറുള്ള ഡ്രോപ്പ്-ഡൗൺ എൽഇഡി ഡിആർഎല്ലുകളാണ് കമ്പനി കൊടുത്തിരിക്കുന്നത്.
എൽഇഡി ടെയിൽ ലാമ്പുകളും വാഹനത്തിന്റെ വീതിയിലുടനീളം പ്രവർത്തിക്കുന്ന ഒരു കണക്റ്റിംഗ് ബാറും ഉള്ള ഒരു കൂപ്പെ പോലുള്ള ഡിസൈൻ മഹീന്ദ്ര XEV9e ഇലക്‌ട്രിക് എസ്‌യുവിയെ കിടിലമാക്കുന്ന സംഗതിയാണ്. ഇന്റീരിയറിലേക്ക് കയറിയാൽ പലരുടേയും കണ്ണ്തള്ളിയേക്കാനും സാധ്യതയുണ്ട്. മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകളാണ് ഡാഷ്‌ബോർഡിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഇതിനെ മഹീന്ദ്ര സിനിമാസ്കോപ്പ് കോക്ക്പിറ്റ് എന്നാണ് വിളിക്കുന്നതും.
വിഷൻഎക്സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, മഹീന്ദ്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആർക്കിടെക്ചർ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രോസസർ, 24 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് ഇവിയിലെ പ്രധാന സവിശേഷതകൾ. 7-എയർബാഗുകൾ, ലെവൽ 2+ ADAS, 360-ഡിഗ്രി ക്യാമറ, സീറ്റ് വെന്റിലേഷനോടുകൂടിയ ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഡൈനാമിക് ലൈറ്റുകളുള്ള ഇൻഫിനിറ്റി ഗ്ലാസ് റൂഫ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയിലെ മറ്റ് ഫീച്ചറുകൾ.
മഹീന്ദ്രയുടെ ഇവി കരുത്തൻമാരിലെ BE6 -നെ കുറിച്ച് കൂടി പറഞ്ഞില്ലെങ്കിൽ അത് മോശമായി പോകും. മഹീന്ദ്ര BE6 ഇവിയുടെ പാക്ക് ത്രീ വേരിയന്റിന് മാത്രമേ 79 kWh ബാറ്ററി പായ്ക്ക് ഉള്ളൂ, ബാക്കിയുള്ള വേരിയന്റുകൾക്ക് 59 kWh ബാറ്ററി ഓപ്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ചെറിയ ശേഷിയുള്ള മോഡലുകൾ സിംഗിൾ ചാർജിൽ 556 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ ഉയർന്ന ശേഷിയുള്ളവ ഫുൾ ചാർജിൽ 682 കിലോമീറ്റർ റേഞ്ചാണ് നൽകുക.
ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ BE 6 ഇലക്ക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളിൽ 228 bhp കരുത്തിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഒരുക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റുകളിൽ 282 bhp പവറിൽ 380 Nm torque വരെ നൽകുന്ന കഴിവുള്ള മോട്ടോറുമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു.
മഹീന്ദ്രയുടെ രണ്ട് ഇലക്ട്രിക് എസ്‌യുവികളും ഫീച്ചറുകളുടെ കാര്യത്തിൽ വളരെ മികച്ചതാണ്. ഈ എസ്‌യുവികളുടെ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള പാക്ക് ത്രീ വേരിയന്റുകൾ ഡ്യുവൽ ഫ്ലോട്ടിംഗ് സ്‌ക്രീനുകൾ പോലുള്ള സവിശേഷതകളാൽ സമ്പന്നവുമാണ് കേട്ടോ.. ഈ രണ്ട് സ്‌ക്രീനുകളും 12.3 ഇഞ്ച് യൂണിറ്റുകളാണെന്നതും ശ്രദ്ധേയമാണ്. മധ്യഭാഗത്തുള്ളത് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വലതുവശത്തുള്ളത് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്ററുമാണ് വരുന്നത്.
മഹീന്ദ്ര BE 6 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രൊസസറിനൊപ്പം 24 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. വൈഫൈ 6.0, ബ്ലൂടൂത്ത് 5.2 എന്നിവയും 5G ഇന്റർനെറ്റും ഇതിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ വിഷന്‍എക്സ് ഓഗ്മെന്റഡ് റിയാലിറ്റിയും ഇവിയിൽ ഒരുക്കിയിട്ടുണ്ടെന്നത് പലരുടേയും ഞെട്ടിക്കുന്ന കാര്യമാണ്. ഹാന്‍ഡ്‌സ്-ഫ്രീ പ്രവര്‍ത്തനത്തിനായുള്ള ആമസോൺ അലക്‌സ ഇന്റഗ്രേഷനും വാഹനത്തിന്റെ മാറ്റ് വർധിപ്പിക്കുന്നുണ്ട്.
എആർ റഹ്മാന്‍ രൂപകൽപ്പന ചെയ്‌ത പ്രീ-സെറ്റ് തീമുകളും ശബ്‌ദങ്ങളും വാഗ്ദാനം ചെയ്യുന്ന ലൈവ് യുവർമൂഡ് സിസ്റ്റം എന്നിവയാണ് മഹീന്ദ്ര BE6 ഇവിയിലെ മറ്റ് സവിശേഷതകൾ. ഡോൾബി അറ്റ്‌മോസിനൊപ്പം 16 സ്പീക്കറുകളുള്ള ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റവും യാത്രകൾക്ക് ഹരമേകാനായി കൊടുത്തിട്ടുണ്ട്. ADAS ലെവൽ 2+, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒബ്സ്റ്റക്കിൾ ഡിറ്റക്ഷൻ, 360-ഡിഗ്രി ക്യാമറ, ഏഴ് എയർബാഗുകൾ, ക്രാഷ്-റെസിസ്റ്റന്റ് ബാറ്ററി എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








