മഹീന്ദ്ര ഇലക്ട്രിക് കാര്‍ 'കുപ്പത്തൊട്ടി'യാക്കി മാറ്റി ഉടമ; കാരണം എന്താണെന്ന് അറിയാമോ?
സമീപകാലത്തായി ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര പുറത്തിറക്കിയ വാഹനങ്ങളെല്ലാം ജനപ്രിയമായിരുന്നു. അതിനിടെ XUV400 എന്ന മോഡലിലൂടെ മഹീന്ദ്ര ഇവി വിപണിയിലേക്കും ചുവടുവെച്ചു. എന്നാല്‍ അടുത്തിടെ ഗാസിയാബാദില്‍ നിന്ന് മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി ഉടമ തന്റെ കാര്‍ ചവറ്റുകുട്ടയാക്കി മാറ്റിയ സംഭവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇത്രയും വില കൊടുത്ത് വാങ്ങിയ കാര്‍ ആരെങ്കിലും ചവറ്റുകുട്ടയാക്കുമോ എന്നല്ലേ. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന് തുടര്‍ന്ന് വായിക്കാം. നോയിഡയിലെ സ്വദേശിയാണ് ഇവിടെ കഥയിലെ നായകന്‍. ഇദ്ദേഹം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി വാങ്ങിയത്. തന്റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി വാങ്ങിയ കാറിന് ദിവസം ചെല്ലുംതോറും ഓരോ പ്രശ്‌നങ്ങള്‍ നേരിടാന്‍ തുടങ്ങി.

കാര്‍ വാങ്ങുന്ന സമയത്ത് ഷോറൂം അധികൃതര്‍ വാഗ്ദാനം ചെയ്ത അതേപടിയല്ല കാര്യങ്ങള്‍ നടക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. റേഞ്ചിന്റെ കാര്യത്തിലായിരുന്നു പ്രധാന പരാതി. കാറുടമ കമ്പനിയോട് പലതവണ അപേക്ഷിച്ചിട്ടും കൃത്യമായ നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് അദ്ദേഹം തന്റെ ഇലക്ട്രിക് കാര്‍ ചവറ്റുകൊട്ടയാക്കി പുത്തന്‍ പ്രതിഷേധത്തിന് തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗാസിയാബാദിലെ മഹീന്ദ്ര ഷോറൂമിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്താണ് പ്രതിഷേധിച്ചത്. തനിക്ക് പൊതുജനങ്ങളോട് പറയാനുള്ള കാര്യങ്ങള്‍ ഒരു ബാനറില്‍ പ്രിന്റ് ചെയ്ത് കാറിന്റെ പിറക് വശത്ത് അദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. തനിക്കുണ്ടായ നഷ്ടം കണക്കിലെടുത്ത് ഈ കാര്‍ വാങ്ങാനൊരുങ്ങുന്നവര്‍ രണ്ടാമതൊന്ന് ചിന്തിക്കണമെന്ന് ഇവി ഉടമ മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു.
''മഹീന്ദ്ര XUV400 വാങ്ങുന്നത് വീടിന് തീയിടുന്നതിന് തുല്യമാണ്. കാര്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ വീട്ടില്‍ 10 കിലോവാട്ട് വൈദ്യുതി കണക്ഷന്‍ വേണം. ഇല്ലെങ്കില്‍ പുറത്ത് നിന്ന് ചാര്‍ജ് ചെയ്യണം. ഇതിന് 1000 രൂപ മുടക്കണം. കാറിന് 150 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. കമ്പനി പറയുന്നതുപോലെ 350 കിലോമീറ്റര്‍ റേഞ്ച് ലഭ്യമല്ല. മാലിന്യം തള്ളാന്‍ മാത്രമാണ് കാര്‍ ഉപയോഗിക്കുന്നത്. അതിനാല്‍ ഒരു മഹീന്ദ്ര കാര്‍ വാങ്ങുന്നതിന് മുമ്പ് ചിന്തിക്കുക' ഇതായിരുന്നു ബാനറിലെ ഉള്ളടക്കം.
ഇവി ഉടമയുടെ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മഹീന്ദ്ര മോഡലിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് ഈ സംഭവം വഴിവെച്ചു. സംഭവത്തില്‍ മഹീന്ദ്രയയെ വിമര്‍ശിക്കുന്ന ഒരു കൂട്ടര്‍ ഗാസിയാബാദ് സ്വദേശി ചെയ്യുന്നത് ശരിയാണെന്നും XUV400 ഇലക്ട്രിക് കാര്‍ മോശമാണെന്ന തരത്തിലാണ് പ്രതികരിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് ഇലക്ട്രിക് കാര്‍ ശരിയായി ഉപയോഗിക്കാന്‍ അറിയാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും കൃത്യമായി കൈകാര്യം ചെയ്താല്‍ വണ്ടി നന്നായിരിക്കുമെന്നും ഒരുപക്ഷം വാദിക്കുന്നു.
ഇതാദ്യമായാല്ല മഹീന്ദ്ര XUV400 ഇത്തരം പ്രതിഷേധങ്ങളിലൂടെ ചര്‍ച്ചയാകുന്നത്. മുമ്പ് മറ്റൊരാള്‍ ഈ ഇലക്ട്രിക് എസ്‌യുവി മുടക്കിയ പൈസക്കില്ലെന്ന് പറഞ്ഞ് മഹീന്ദ്ര ഷോറൂമിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയെ കുറിച്ച് പറയുമ്പോള്‍ ഇതിന് 4,200 mm നീളവും 1,821 mm വീതിയും 1,634 mm ഉയരവും 2600 mm വീല്‍ബേസുമാണുള്ളത്. 34.5 kWh ബാറ്ററി പായ്ക്ക് ആണ് ഈ ഇലക്ട്രിക് കാറില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഫുള്‍ ചാര്‍ജില്‍ 350 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. 147.51 bhp കരുത്തും 310 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആണ് ഈ 5 സീറ്റര്‍ കാറിന്റെ കരുത്ത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാര്‍ 8.3 സെക്കന്‍ഡ് എടുക്കുമെന്ന് പറയപ്പെടുന്നു. നിലവില്‍ വിപണിയില്‍ 15.99 ലക്ഷം മുതല്‍ 19.39 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ ടാറ്റ നെക്‌സോണ്‍ ഇവിയെ പൂട്ടാനായിട്ടാണ് മഹീന്ദ്ര ഈ പുത്തന്‍ മോഡല്‍ കൊണ്ടുവന്നത്. തുടക്കത്തില്‍ കാര്‍ വന്‍ അഭിപ്രായം നേടിയെങ്കിലും ഇപ്പോള്‍ ഈ രീതിയില്‍ ചില പരാതികള്‍ ഉയര്‍ന്ന് വരുന്നത് വില്‍പ്പനയെ ബാധിക്കുന്നുവെന്ന് തോന്നുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ചെവി കൊടുക്കുകയും അവ പരിഹരിക്കാനും ആവശ്യമായ നടപടികള്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് കൈക്കൊള്ളുന്നതായിരിക്കും ഉത്തമം.


Click it and Unblock the Notifications








