ഇതൊക്കെയല്ലേ തോന്ന്യാസം? XUV700 -യുടെ ADAS ഫീച്ചറുകൾ ദുരുപയോഗം ചെയ്ത് ഡ്രൈവർ
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നത് വാഹന വ്യവസായത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണ് എന്ന് നിസംശയം പറയാം. ഈ സേഫ്റ്റി സ്യൂട്ടിൽ ഡ്രൈവർമാർക്ക് സമ്മർദരഹിതമായ ഡ്രൈവിംഗ് എക്സ്പീരിയൻസിന് സഹായിക്കുന്ന നിരവധി ഫീച്ചറുകൾ ഉൾപ്പെടുന്നു. കൂടുതൽ കോൺഫഡൻസോടെ വാഹനം ഓടിക്കാൻ ഈ സിസ്റ്റം ഉപഭോക്താക്കളെ അനുവദിക്കുന്നു.
എന്നിരുന്നാലും, ചില ജനപ്രിയ ഇന്ത്യൻ കാറുകളിലുള്ള ഈ സേഫ്റ്റി/ കംഫർട്ട് ഫീച്ചർ, വെറും വൈറൽ വീഡിയോകൾ സർഷ്ടിക്കാൻ പലരും ദുരുപയോഗം ചെയ്യുകയാണ്. ADAS സംവിധാനങ്ങൾ ഉപയോഗിച്ച് ആളുകൾ വിഡ്ഢിത്തരങ്ങൾ ചെയ്യുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അത്തരത്തിൽ ഓൺലൈനിൽ വന്നിരിക്കുന്ന മറ്റൊരു വീഡിയോയാണ് ഞങ്ങൾ ഇവിടെ ഷെയർ ചെയ്യുന്നത്.

"ഓട്ടോമാറ്റിക് കാർ" എന്ന അടിക്കുറിപ്പോടെയുള്ള ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്, ADAS ഉപയോഗിച്ച് മഹീന്ദ്ര XUV700 ഓടുമ്പോൾ ഡ്രൈവർ ഇടത് പാസഞ്ചർ സൈഡ് ഡാഷ്‌ബോർഡിൽ കാലുകൾ പൂർണ്ണമായി നീട്ടി തലയിൽ കൈവെച്ച് വളരെ വിശാലമായി വിശ്രമിക്കുന്നത് നമുക്ക് കാണാൻ കഴിയും.
അതിനിടെ, പാസഞ്ചർ സീറ്റിലിരുന്നയാൾ ഡ്രൈവറുടെ ഈ പ്രവൃത്തിയിൽ ഭയന്നുവിറയ്ക്കുന്നതായും കാണാം. ദയവായി റോഡിലേക്ക് നോക്കി സാധാരണ രീതിയിൽ വണ്ടിയോടിക്കാൻ അയാൾ ഡ്രൈവറോട് അഭ്യർത്ഥിക്കുന്നുമുണ്ട്. എന്നിരുന്നാലും, ഒരു ചെറിയ വൈറൽ വീഡിയോയ്‌ക്കായി ഡ്രൈവർ തന്റെ അപകടകരവും ഒട്ടു ബോധമില്ലാത്തതുമായ പ്രവൃത്തി തുടരുന്നത് കാണാം.

ഈ വീഡിയോ കാണുന്ന ഏതൊരു വ്യക്തിക്കും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മനസിലാക്കാം. ഈ വീഡിയോയിൽ നിന്ന്, വാഹനം ഓടിക്കൊണ്ടിരിക്കുന്ന ഹൈവേ ശൂന്യമാണെന്ന് കാണാം, എന്നാൽ റോഡിൽ എന്ത് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം, ഇത്തരം സാഹചര്യങ്ങളിൽ ADAS സംവിധാനമുള്ള കാറിന് എപ്പോൾ വേണമെങ്കിലും എമർജൻസി ബ്രേക്ക് ഉപയോഗിക്കാം.
എന്നാൽ ഈ സാഹചര്യത്തിൽ കാലുകൾ പൂർണ്ണമായി നീട്ടിയിരിക്കുന്ന ഡ്രൈവർക്ക്, ഇത് കാര്യമായ പരിക്കുകൾ ഉണ്ടാക്കാൻ ഇടയുണ്ട്. ഇതുകൂടാതെ, വാഹനം എവിടെയെങ്കിലും ഇടിച്ചാൽ/ ഒരു കൊളീഷൻ സംഭവിച്ചാൽ, എയർബാഗുകൾ വിന്യസിക്കും, എന്നാൽ ശരിയായ സീറ്റിംഗ് പൊസിഷനിൽ അല്ലാത്തതിനാൽ, ഡ്രൈവറുടെ ജീവന് വരെ ഇത് ഭീഷണിയാവാം.

പൊതുനിരത്തുകളിൽ ഇത്തരം സാഹസങ്ങൾ ചെയ്യുന്നതിന്റെ എല്ലാ അപകടങ്ങളെക്കുറിച്ചും ഡ്രൈവർക്ക് അറിവുള്ളതായിരിക്കാം. എന്നിരുന്നാലും, വന്നേക്കാവുന്ന അപകടസാധ്യതകൾ എല്ലാം അറിഞ്ഞിട്ടും, വൈറലാവുക അല്ലെങ്കിൽ പോപ്പുലറാവുക എന്ന ഒരേയൊരു കാരണത്താലാണ് പലരും ഇത് ചെയ്യുന്നത്. ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മറ്റുള്ളവർക്കൊപ്പം വൈറലാകാൻ ആളുകൾ ഇത്തരത്തിലുള്ള വീഡിയോകൾ സൃഷ്ടിക്കുന്നു.
ലൈക്കുകൾ, കമന്റുകൾ, ഫോളോവേഴ്‌സ്, സബ്‌സ്‌ക്രൈബർമാർ എന്നിവ നേടാൻ വേണ്ടിയാണ് ഈ പ്രഹസനം. ഇതിന് എതിരെ അധികൃതർ കാര്യമായ നിയമ നടപടികൾ സ്വീകരിക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇത് ആദ്യമായിട്ടല്ല XUV700 -ൽ ഇത്തരം സാഹസങ്ങൾ. മഹീന്ദ്ര XUV700 2021 -ലാണ് പുറത്തിറക്കിയത്, ADAS ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറുകളിൽ ഒന്നാണിത്.
ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ, സമാനമായ രീതിയിലുള്ള സ്റ്റണ്ടുകൾ ചെയ്യാൻ പലരും ഈ വാഹനം ഉപയോഗിക്കുന്നതിന്റെ വീഡിയോകൾ ഇന്റർനെറ്റിൽ നിറഞ്ഞു തുടങ്ങിയിരുന്നു. എന്തിരുന്നാലും ആളുകൾ ഇത്തരം അഭ്യാസങ്ങൾ റോഡിൽ കാണിക്കുന്നതിന് ഒരു നീക്കുപോക്ക് ഉണ്ടാകാൻ പൊലീസും അധികാരികളും മാതൃകാപരമായ രീതിയെ ഇവ ചെയ്യുന്ന ആളുകളെ തിരുത്തണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. ഈ പ്രവണത ഇപ്പോഴേ നുള്ളി കളഞ്ഞില്ല എങ്കിൽ ഭാവിയിൽ വലിയ അപകടങ്ങൾ നാം കാണേണ്ടിവരും എന്നത് തീർച്ച.


Click it and Unblock the Notifications








