ഇവിടെ ഇപ്പോഴും ബൊലേറോ ഒക്കെ തന്നെ; മഹാരാഷ്ട്ര പൊലീസില്‍ 'ചേര്‍ന്ന' എസ്‌യുവി ഏതെന്ന് കണ്ടോ?
നമ്മുടെ രാജ്യത്ത് വിവിധ പൊലീസ് ഡിപ്പാര്‍ട്‌മെന്റുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഏവര്‍ക്കും സുപരിചിതമാണ്. അടുത്തിടെ റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് മലയാളം സിനിമയായ കണ്ണൂര്‍ സ്‌ക്വാഡില്‍ നായകനായ മമ്മൂട്ടിയും സംഘവും ഉപയോഗിക്കുന്ന ടാറ്റ സുമോ വൈറലായിരുന്നു. അതില്‍ 'നമ്മുടെ വണ്ടിയും പൊലീസാടാ' എന്ന ഒരു ഡയലോഗ് നല്ല കൈയ്യടി നേടിയിരുന്നു.
മമ്മൂട്ടി തന്നെ ഈ വാഹനം സ്വന്തമാക്കിയെന്ന വാര്‍ത്തയും വൈറലായി. ഇതുപോലെ പൊലീസ് സേനയില്‍ സേവനം ചെയ്യുന്ന നിരവധി വാഹനങ്ങളുണ്ട്. അതില്‍ ഒരുപിടി മഹീന്ദ്ര വാഹനങ്ങളുണ്ട്. ജീപ്പ്, ബൊലേറോ, സ്‌കോര്‍പിയോ, TUV300 എന്നിവയാണ് അതില്‍ ചിലത്. മഹാരാഷ്ട്ര പൊലീസ് ഇതില്‍ മഹീന്ദ്ര TUV300 പട്രോള്‍ കാറായി ഉപയാഗിച്ച് വരുന്നുണ്ട്. അടുത്തിടെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നായ മഹീന്ദ്ര XUV700 എസ്‌യുവി മഹാരാഷ്ട്ര പൊലീസിന്റെ വാഹന വ്യൂഹത്തില്‍ ഉള്‍ക്കൊള്ളിച്ചു.

നിലവില്‍ 14.03 ലക്ഷം രൂപയാണ് മഹീന്ദ്ര XUV700 കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. അതേ സമയം ഈ കാറിന്റെ ടോപ് വേരിയന്റിന് 26.57 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. 5 സീറ്റര്‍, 7 സീറ്റര്‍ എന്നിങ്ങനെ രണ്ട് സീറ്റിംഗ് ലേഔട്ടില്‍ ഈ ജനപ്രിയ എസ്‌യുവി മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.
ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ആസ്റ്റര്‍ എന്നിവരോടാണ് ഇതിന്റെ 5 സീറ്റര്‍ മോഡല്‍ മത്സരിക്കുന്നത്. അതേസമയം മഹീന്ദ്ര XUV700 7 സീറ്റര്‍ മോഡല്‍ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കസാര്‍ എന്നിവയുമായി മത്സരിക്കുന്നു. മഹീന്ദ്ര XUV700 ആകെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് അവ. 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി ഇത് വരുന്ു. ഇന്ത്യന്‍ കാര്‍ വിപണിയില്‍ പല ഫീച്ചറുകളും ട്രെന്‍ഡിംഗ് ആകാന്‍ കാരണമായ ഒരു വാഹനമാണ് മഹീന്ദ്ര XUV700.
ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ് (ADAS) അതില്‍ എടുത്തുപറയേണ്ടത്. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 6 വേ പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, കണക്റ്റഡ് കാര്‍ ടെക്നോളജി, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബില്‍റ്റ് ഇന്‍ അലക്‌സ കണക്ടിവിറ്റി, എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകളുമായാണ് മഹീന്ദ്ര XUV700 എത്തുന്നത്.
7 എയര്‍ബാഗ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍ക്കൊള്ളുന്നു. അതിനാല്‍ പൈസ വസൂലാകുന്ന ഒരു മോഡലെന്ന ഖ്യാതി ഇതിനകം ഇത് സ്വന്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്ര പൊലീസ് ഇപ്പോള്‍ മഹീന്ദ്ര XUV700 കാറുകള്‍ തങ്ങളുടെ പടയില്‍ അണിചേര്‍ത്തിരിക്കുന്നത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസ് ആണ് കഴിഞ്ഞ ദിവസം പൊലീസ് ഡിപാര്‍ട്‌മെന്റിലേക്ക് ചേര്‍ക്കുന്ന വിവിധ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്. എസ്‌യുവിയെ കൂടാതെ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്, മാരുതി സുസുക്കി സിയാസ്, ഫോഴ്‌സ് മിനി ബസുകള്‍ എന്നിവയും മഹാരാഷ്ട്ര പൊലീസ് വാങ്ങിയിട്ടുണ്ട്.
ഡിസ്ട്രിക്ട് പ്ലാനിംഗ് ഡെവലപ്‌മെന്റ് കമ്മിറ്റി ഫണ്ട് ഉപയോഗിച്ച് 2.81 കോടി രൂപ മുടക്കിയാണ് പൊലീസ് 15 പുത്തന്‍ വാഹനങ്ങള്‍ വാങ്ങിയത്. എന്നാല്‍ പൊലീസിന് വേണ്ടി എത്ര മഹീന്ദ്ര XUV700 കാറുകള്‍ വാങ്ങിയിട്ടുണ്ട് എന്ന കാര്യം തീര്‍ച്ചയില്ല. മഹീന്ദ്രയുടെ മുന്‍നിര എസ്‌യുവിയായ XUV700-ക്ക് ഉയര്‍ന്ന കാത്തിരിപ്പ് കാലയളവുണ്ട്. അതുകൊണ്ടായിരിക്കും ചിലപ്പോള്‍ നിരത്തിലെത്തിക്കുന്ന വാഹനങ്ങളുടെ കൃത്യമായ എണ്ണം പുറത്തുവിടാത്തത്.
ഫ്‌ലാഗ്ഓഫ് പരിപാടിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്ന് ഈ മഹീന്ദ്ര XUV700 കാറുകളില്‍ പോലീസ് കാറുകളാണെന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കറുകള്‍ ഇല്ല. എന്നാല്‍ കാറിന്റെ റൂഫില്‍ സ്‌ട്രോബ് ലൈറ്റുകളുണ്ട്. പരിപാടിക്കായി ഈ കാര്‍ നേരിട്ട് ഷോറൂമില്‍ നിന്നെത്തിച്ചതാണെന്ന് തോന്നുന്നു. വൈകാതെ പൊലീസ് വാഹനത്തിന് അനുസൃതമായ മോക്കോവര്‍ ഈ XUV700-ക്ക് വരുത്തുമെന്ന് കരുതുന്നു.


Click it and Unblock the Notifications








