സ്‌കോര്‍പിയോ മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തില്‍ ആനന്ദ് മഹീന്ദ്രക്കെതിരെ എഫ്‌ഐആര്‍; കമ്പനിക്ക് പറയാനുള്ളത് ഇതാണ്
ഇന്നൊരാള്‍ കാര്‍ വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന ഘടകം സുരക്ഷയാണ്. എന്നാല്‍ അപകട സമയത്ത് സുപ്രധാന സേഫ്റ്റി ഫീച്ചറുകളില്‍ ഒന്നായ എയര്‍ബാഗ് പ്രവര്‍ത്തനക്ഷമമായിലെന്ന് കാണിച്ച് സമീപകാലത്ത് നിരവധി പരാതികളാണ് ഉയര്‍ന്ന് വരുന്നത്. കാറിന്റെ സേഫ്റ്റി സംബന്ധിച്ച് തെറ്റായ ഉറപ്പുകള്‍ നല്‍കിയത് തന്റെ മകന്റെ മരണത്തിലേക്ക് നയിച്ചെന്ന് കാണിച്ച് കാണ്‍പൂര്‍ സ്വദേശി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനെതിരെ കേസ് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.
യുപി സ്വദേശിയായ രാജേഷ് മിശ്രയുടെ പരാതിയില്‍ ആനന്ദ് മഹീന്ദ്രക്കും മറ്റ് 12 പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 2022 ജനുവരി 14-ന് നടന്ന അപകടത്തില്‍ രാജേഷിന്റെ മകന്‍ ഡോ. അപൂര്‍വ് മിശ്രയാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെ നീതി തേടി പിതാവ് പ്രാദേശിക കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ ഉത്തരവായത്. ഇപ്പോള്‍ കേസില്‍ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിരിക്കുകയാണ് മഹീന്ദ്ര.

ഏകദേശം 17.40 ലക്ഷം രൂപ വിലവരുന്ന കറുത്ത നിറത്തിലുള്ള മഹീന്ദ്ര സ്‌കോര്‍പിയോയെ ചുറ്റിപ്പറ്റിയാണ് ആരോപണവും പരാതിയുമെല്ലാം ഉയര്‍ന്നിരിക്കുന്നത്. പരസ്യങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്രമോഷനുകളിലൂടെയും കമ്പനിയും സാക്ഷാല്‍ ആനന്ദ് മഹീന്ദ്ര കാറിന്റെ സവിശേഷതകളും സേഫ്റ്റിയും സംബന്ധിച്ച് അവകാശവാദങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ് കാര്‍ വാങ്ങി തന്റെ ഏക മകനായ അപൂര്‍വ് മിശ്രയ്ക്ക് സമ്മാനമായി നല്‍കിയതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
കൂട്ടുകാര്‍ക്കൊപ്പം ലഖ്നൗവില്‍ നിന്ന് കാണ്‍പൂരിലേക്ക് മടങ്ങുന്നതിനിടെ 2022 ജനുവരി 14-ന് നടന്ന അപകടത്തിലായിരുന്നു അപൂര്‍വ് മരണപ്പെട്ടത്. കാറിലെ യാത്രക്കാരെല്ലാം സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നു. കനത്ത മൂടല്‍മഞ്ഞ് കാരണം കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ച് കാര്‍ മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒന്നിലേറെ തവണ കരണം മറിഞ്ഞ സ്‌കോര്‍പിയോയില്‍ ഉണ്ടായിരുന്ന അപൂര്‍വ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ഡീലര്‍ഷിപ്പും കമ്പനിയും അവരുടെ പരസ്യങ്ങളിലൂടെ നല്‍കിയ ഉറപ്പുകള്‍ ഇല്ലായിരുന്നുവെങ്കില്‍ താന്‍ ഒരിക്കലും ഈ കാര്‍ വാങ്ങില്ലായിരുന്നുവെന്ന് രാജേഷ് മിശ്ര എഫ്ഐആറില്‍ വാദിക്കുന്നു. എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടും കാറിലെ എയര്‍ബാഗുകള്‍ വിന്യസിക്കാത്തത് കാരണമാണ് തനിക്ക് തന്റെ ഏക മകനെ നഷ്ടമായതെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നു. തെറ്റായ ഉറപ്പുകള്‍ നല്‍കി കമ്പനി തന്നെ കബളിപ്പിച്ചെന്നും പിന്നീട് കാറില്‍ എയര്‍ബാഗുകള്‍ ഇല്ലെന്ന് കണ്ടെത്തിയതായും മിശ്ര വാദിക്കുന്നു.
പരാതിയുമായി ഷോറൂമിലത്തിയ തന്നെ ഡയരക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിക്കാരന്‍ പറയുന്നു. ആനന്ദ് മഹീന്ദ്രയ്ക്കും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ 12 ജീവനക്കാര്‍ക്കുമെതിരെ വഞ്ചനാക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റായ്പൂര്‍വ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, വഞ്ചന, വധഭീഷണി, ഗൂഢാലോചന തുടങ്ങി നിരവധി ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
2023 സെപ്റ്റംബര്‍ 23-നാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ഇതിലാണ് മഹീന്ദ്ര പ്രസ്താവനയിലൂടെ ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുന്നത്. 2022 ജനുവരിയില്‍ നടന്ന സംഭവം കഴിഞ്ഞ് ഇപ്പോള്‍ ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നതായി മഹീന്ദ്ര അവരുടെ ഔദ്യോഗിക പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. വാഹനത്തില്‍ എയര്‍ബാഗുകള്‍ ഇല്ലെന്ന ആരോപണമുയര്‍ന്നതായി കമ്പനി അംഗീകരിച്ചെങ്കിലും 2020-ലാണ് സ്‌കോര്‍പിയോ S9 വേരിയന്റ് നിര്‍മ്മിച്ചതെന്നും സുരക്ഷാ ഫീച്ചറുകളുടെ ഭാഗമായി എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്.
തങ്ങളുടെ ആഭ്യന്തര അന്വേഷണത്തില്‍ എയര്‍ബാഗ് തകരാര്‍ സംബന്ധിച്ച തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. വാഹനം മറിയുന്ന ഇതുപോലുള്ള കേസുകളില്‍ സാധാരണയായി ഡിസൈന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി മുന്‍വശത്തെ എയര്‍ബാഗുകള്‍ വിന്യസിക്കില്ലെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവര്‍ത്തനം സമഗ്രമായി പരിശോധിക്കുന്നതിനായി സംഭവത്തില്‍ തങ്ങളുടെ വിദഗ്ധ സംഘം നടത്തിയ അന്വേഷണം 2022 ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കിയതായും മഹീന്ദ്ര അറിയിച്ചു.
വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും തുടര്‍ അന്വേഷണങ്ങള്‍ക്ക് പൂര്‍ണമായി സഹകരിക്കുമെന്നറിയിച്ച കമ്പനി മരിച്ച യുവാവിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മികച്ച സുരക്ഷയുള്ള എസ്‌യുവികളാണ് സമീപകാലത്തായി മഹീന്ദ്ര പുറത്തിറക്കുന്നത്. അവ ക്രാഷ് ടെസ്റ്റുകളില്‍ മികച്ച സ്‌കോറുകളും നേടിയിട്ടുണ്ട്. എയര്‍ബാഗുകള്‍ സേഫ്റ്റി റേറ്റിംഗില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
കൂടുതല്‍ എയര്‍ബാഗ് ഉള്‍പ്പെടുത്തുന്നത് ക്രാഷ് ടെസ്റ്റില്‍ മെച്ചപ്പെട്ട റേറ്റിംഗ് ലഭിക്കാന്‍ കാറുകളെ സഹായിക്കുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകള്‍ ഇപ്പോള്‍ രണ്ട് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായാണ് വരുന്നത്. എന്നാല്‍ കാറിലുള്ള എയര്‍ബാഗ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്നത് അറിയേണ്ടതും പ്രധാനമാണ്. പഴക്കം ചെല്ലുമ്പോള്‍ എയര്‍ബാഗ് തുറക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇതൊഴിവാക്കാന്‍ കാറിന്റെ എയര്‍ബാഗുകള്‍ ഇടയ്ക്കിടെ പരിശോധിക്കേണ്ടത് ആവശ്യമാണ്.


Click it and Unblock the Notifications








