മഴയാണ് മക്കളെ സൂക്ഷിച്ചോണം! അപകടം ആർക്കും സംഭിക്കാം; ആലപ്പുഴയിൽ നടന്ന സംഭവത്തിനു പിന്നിൽ ഇതാണ് കാരണങ്ങൾ

മഴയാണ് മക്കളെ ശ്രദ്ധിച്ച് പോണം കേട്ടോ എന്ന് അമ്മമാരുടെ പതിവ് ഉപദേശങ്ങൾ തെല്ലും വകവെയ്ക്കാതെയാണ് നാം പലപ്പോഴും മഴയത്ത് വീട്ടിൽ നിന്ന് വാഹനങ്ങൾ എടുത്ത് പുറത്തിറങ്ങുന്നത്. ഞാൻ എപ്പോഴും പോവാറുള്ളതല്ലേ...കൊച്ചു കുട്ടി ഒന്നുമല്ലല്ലോ എന്നിങ്ങനെ പതിവ് ഡയലോഗ് കാച്ചി പുറത്തേക്ക് പോവുന്ന നാം തിരികെ വീട്ടിൽ എത്തും വരെ അവരുടെ നെഞ്ചിൽ ഒരു ആന്തലായിരിക്കും. ചുമ്മാ സെന്റി അടിച്ച് ക്ലീഷെയാക്കാൻ പറയുന്നതല്ല, ഞാനും ഇപ്രകാരമായിരുന്നു. ആലപ്പുഴയിലെ ഈ അപകടത്തിന്റെ ദൃശ്യങ്ങൾ അമ്മയ്ക്കൊപ്പം ഇരുന്ന് കാണുന്നത് വരെ.

കെഎസ്ആർടിസി ബസുമായി ഇടിച്ച് നിരത്തിൽ പൊലിഞ്ഞു പോയ ആ യുവാക്കളുടെ മുഖങ്ങളാണ് മനസിൽ മിന്നി മറയുന്നത്. അതുകൊണ്ട് തന്നെ ഇനി അത്തരത്തിൽ ഒരു ദാരുണാവസ്ഥ നമുക്ക് ഉണ്ടാവാതെ ഇരിക്കാൻ ശ്രദ്ധിക്കാം. നാം ഡ്രൈവിംഗ് എത്ര പരിചയമുള്ളവരായിരിക്കട്ടെ, സ്ഥിരം പൊയ്ക്കൊണ്ടിരിക്കുന്ന വഴി ആയിരിക്കട്ടെ, എന്നും ഉപയോഗിക്കുന്ന വാഹനം ആയിരിക്കട്ടെ പുറത്തേക്ക് ഇറങ്ങും മുമ്പ് എല്ലാം ഒന്നുകൂടെ നോക്കിയിട്ട് ശ്രദ്ധയോടെ ഇറങ്ങാം. പെരുമഴയാണ് പലപ്പോഴും നമ്മുടെ പരിധിയിൽ എല്ലാം നിന്നു എന്ന് വരില്ലെന്നേ.

ആലപ്പുഴയിൽ നടന്ന അപകടത്തിനു പിന്നിലെ ചില കാരങ്ങളും ഞങ്ങൾ ഇവിടെ സൂചിപ്പിക്കാം, ഇക്കാര്യങ്ങൾ നിങ്ങളും ഒന്ന് ശ്രദ്ധിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. മഴയത്ത് വാഹനം ഓടിക്കുമ്പോൾ നാം വിചാരിക്കുന്നതു പോലെ പലപ്പോഴും നമ്മുടെ ബ്രേക്കുകൾ പോലും വർക്ക് ചെയ്യണം എന്നില്ല, അതു കൊണ്ട് ഈ പറയുന്ന കാര്യങ്ങൾ അല്പം തന്ത വൈബായി തോന്നിയാലും ഒന്നു ഗൗനിച്ചേക്കണേ.

ഒന്നാമതായി ഇവിടെ അപകടത്തിൽ പെട്ട വാഹനത്തിന്റെ പഴക്കമാണ് ചൂണ്ടിക്കാട്ടാനുള്ളത്. പഴയ വണ്ടികൾ ഉരുക്കാണ്, എയർബാഗിന്റെ ഒന്നും ആവശ്യമില്ല, ശക്തമായ ബോഡിയാണ് എന്നെല്ലാം വാദിക്കുന്നവരാവും നമ്മിൽ പലരും, ഇക്കാര്യങ്ങൾ പാടെ തെറ്റാണ് എന്ന് ഞങ്ങളും പറയുന്നില്ല. നല്ല ക്ലാസിക് അംബാസഡറിന്റെ ഡോറിന്റെ ഘനം പോലും ഇന്നത്തെ പല കാറുകൾക്കുമില്ല എന്നത് വാസ്തവമാണ്.

എന്നിരുന്നാലും പണ്ടത്തെ ആ പ്രതാപ കാലം കഴിഞ്ഞ് പിന്നീട് വമ്പൻ അസംബ്ലിലൈനുകളിൽ നിർമ്മിക്കപ്പെട്ട് വിപണിയിൽ എത്തിയ പല വാഹനങ്ങളുടേയും ബലം കാലക്രമേണ കുറയും എന്നത് ശ്രദ്ധേയമാണ്. ഇവിടെ അപകടത്തിൽ പെട്ടത് അത്തരം ഒരു വാഹനമാണ്, 11 വർഷത്തോളം പ്രായമായ ഷെവർലെ ടവേര എന്ന എംപിവിയുടെ ബോഡിച്ച് അപകടത്തിന്റെ ആഘാദം തെല്ലും താങ്ങാനായില്ല എന്ന് പുറത്തുവരുന്ന വീഡിയോയിൽ നിന്നും ചിത്രങ്ങളിൽ നിന്നും വളരെ വ്യക്തമാണ്.

അടുത്തതായി ഇത്തരം വാഹനങ്ങളുടെ വിൻഡ്ഷീൽഡിന്റെ അവസ്ഥയാണ്. പലപ്പോഴും വാഹനത്തിന്റെ ജെന്യുവിനിറ്റിയും ഒറിജിനാലിറ്റിയും കാത്തുസൂക്ഷിക്കാൻ നാം വാഹനത്തിൽ വന്ന വിൻഡ്ഫീൽഡുകൾ മാറ്റി സ്ഥാപിക്കാറില്ല, അത് ഉടമസ്ഥന്റെ ഇഷ്ടം, എന്നിരുന്നാലും കാലപ്പഴക്കം ചെന്ന ഇവ പലപ്പോഴും നാം കൃത്യമായി പരിപാലിക്കാറുമില്ല എന്നതാണ് വാസ്തവം. അതിനാൽ പലപ്പോഴും മഴയും മിസ്റ്റും പിടിക്കുന്ന സാഹചര്യങ്ങളിൽ ഇവയിലൂടെ വ്യക്തമായി കാണാൻ കഴിയില്ല.

പല സന്ദർഭങ്ങളിലും വൈപ്പർ ഇട്ടാൽ പോലും വിൻഡ്ഷീൽഡ് ക്ലിയറാവില്ല, ഡ്രൈവറിന്റെ കാഴ്ച്ചയെ ഇത് സാരമായി ബാധിക്കും. ഇതും വലിയ അപകടങ്ങൾക്ക് കാരണമാവും. അതിനാൽ കൃത്യമായി വിൻഷീൽഡുകൾ പരിപാലിക്കുകയും മഴക്കാലത്തിന് മുമ്പ് അവയിൽ റെയിൻ റിപ്പല്ലന്റ് കോട്ടിംഗ് ചെയ്യുന്നതും നല്ലതായിരിക്കും എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.

മൂന്നാമതായി ഇവിടെ ചൂണ്ടിക്കാട്ടേണ്ടത് വാഹനത്തിന്റെ ടയറുകളുടെ അവസ്ഥയാണ്. തേഞ്ഞു തീർന്ന ടയറുകളുമായി മഴയത്ത് വാഹനവുമായി കറങ്ങിയാൽ അപകടം അച്ചിട്ടതാണ് എന്ന് തന്നെ പറയാം. ക്ലീൻ ഷേവ് ചെയ്ത മുഖം പോലെയുള്ള ടയറുകളുമായി മഴ പെയ്ത് നനഞ്ഞു കിടക്കുന്ന റോഡിലേക്ക് ഇറങ്ങിയാൽ ഗ്രിപ്പിന്റെ കാര്യം ഗോവിന്ദ! അക്വാപ്ലേറ്റിംഗ് എന്ന പ്രതിഭാസവും ഈ കേസിൽ സംഭവിച്ച് അപകടം ഉണ്ടാവാറുണ്ട്.

അപകടത്തിന്റെ സിസിടിവി ദൃശങ്ങളിൽ വാഹനം ബസുമായി കൂട്ടിയിടിക്കുന്നതിനു മുമ്പ് വളവ് എടുക്കുമ്പോൾ തന്നെ നന്നായി തെന്നി മാറുന്നത് നമുക്ക് കാണാനാവും. പെട്ടെന്ന് വണ്ടി തെന്നി മാറിയപ്പോൾ ഡ്രൈവർക്ക് ഉണ്ടായ ഞെട്ടലും, പരിചയക്കുറവും ഈ സംഭവത്തിൽ ഒരു വില്ലനായി എന്നു തന്നെ പറയാം.

അടുത്തതായി ബ്രേക്കിന്റെ കാര്യങ്ങളാണ്, മഴക്കാലത്ത് നാം ആദ്യം പോയി ചെക്ക് ചെയ്യേണ്ടത് വാഹനത്തിന്റെ ബ്രേക്കിംഗ് സിസ്റ്റമാണ്. എന്റെ വണ്ടി എവിടെ ചവിട്ടിയാൽ എവിടെ നിക്കും എന്ന് എനിക്ക് അറിയാം എന്ന ആത്മവിശ്വാസത്തിൽ ഇരിക്കുന്നവരെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല, എന്നിരുന്നാലും ഒന്ന് പോയി ചെക്ക് ചെയ്തേക്കെന്നേ എന്തിനാ റിസ്ക് എടുക്കുന്നത്.

ഈ വാഹനത്തിൽ എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ABS + EBD എന്നീ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു, ഈ കേസിൽ ഇത് ഉണ്ടായിരുന്നെങ്കിലും എന്തെങ്കിലും മാറ്റം വരും എന്ന് ഞങ്ങൾ പറയുന്നില്ല, പക്ഷേ നിങ്ങൾ മഴയത്തും മറ്റും സ്ഥിരം വാഹനം ഉപയോഗിക്കുന്നവരാണ് എങ്കിൽ വാഹനത്തിന്റെ ഈ പറഞ്ഞ ഓപ്ഷനുകൾ ഒന്നു ശ്രദ്ധയോടെ പരിപാലിക്കുന്നത് നന്നായിരിക്കും.

പിന്നെ ഇവിടുത്തെ അപകടത്തിലെ മറ്റൊരു വില്ലൻ ഓവർ ലോഡാണ്, എന്നാൽ എല്ലാവരും പറയും പോലെ ടവേരയിൽ ഇത് അത്ര വലിയ ഓവർലോഡ് അല്ല. ആദ്യമായി തന്നെ ടവേര ഒരു 7-സീറ്റർ വാഹനം അല്ല, ഒരു 9 അല്ലെങ്കിൽ 10 സീറ്റർ മോഡലാണ്. എന്നാൽ ഇതിൽ തന്നെ 11 പേർ സഞ്ചരിച്ചു എന്ന് പറയുന്നത് ഓവർ ലോഡ് തന്നെയാണ്.

വാഹനത്തിന്റെ തന്നെ ഭാരവും, പിന്നെ അകത്തുണ്ടായിരുന്നവരുടെ ഭാരവും എല്ലാം കൊണ്ടായിരിക്കാം, അത്ര വലിയ ഇടിയിലും വാഹനം തെറിച്ച് മാറാതിരുന്നത്. എന്നാൽ അല്പം തെറിച്ചിരുന്നു എങ്കിൽ ആഘാദം കുറഞ്ഞേനെ. 90 ഡിഗ്രി ആംഗിളിൽ വന്ന് കെഎസ്ആർടിസിയുമായി ഇടിച്ച ടവേരയുടെ മുകളിലാണ് ആഘാദം കൂടുതൽ ഏറ്റത്. നമുക്ക് നഷ്ടമായത് വിലപ്പെട്ടതാണ്, എന്നാൽ ഇനിയും വിലമതിക്കാനാവാത്ത അനേകം ജീവനുകൾ പൊലിയാതിരിക്കാൻ ഇക്കാര്യങ്ങൾ നാം ശ്രദ്ധിക്കാം.

More from DriveSpark

Article Published On: Tuesday, December 3, 2024, 20:47 [IST]
English summary
Major reasons behind alapuzha road accident explained
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X