ട്രോളുന്നവർ ഇത് എങ്ങനെ സഹിക്കും! മോളിവുഡിൽ തനിക്ക് മാത്രം സ്വന്തമായ പോർഷയിൽ പൊളി ലുക്കിൽ പൃഥ്വി
സമകാലിക സംഭവങ്ങളെല്ലാം തന്നെ ഇപ്പോൾ ട്രോളുകളിലൂടെയാണല്ലോ കൂടുതൽ ശ്രദ്ധ നേടുന്നത്. പുകഴ്ത്താനാണെങ്കിലും ആരെയെങ്കിലും കരിവാരി തേക്കാനും ട്രോളുകളിലൂടെ സാധിക്കും.സിനിമ രംഗത്ത് നടക്കുന്ന പല സംഭവങ്ങളും ട്രോളുകളിലുടെ ശ്രദ്ധിക്കപ്പെടാറുണ്ട്, പ്രത്യേകിച്ച് നടമാരെകുറിച്ചുളള വാർത്തകൾ. പല നടൻമാരുടേയും ഫാൻസ് അസോസിയേഷൻ അംഗങ്ങൾ മറ്റ് നടൻമാർക്കെതിരെ ട്രോളുകൾ പടച്ചു വിടുന്നത് എല്ലാവരും കാണാറുള്ളതാണല്ലോ. ഓരോ ദിവസവും ട്രെൻഡ് മാറിക്കൊണ്ടിരിക്കും. കുറച്ച് ദിവസങ്ങളായി നടൻ പൃഥ്വിരാജിനെതിരെ വ്യാപക ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ആദ്യകാല സിനിമകളിലെ സീനുകൾ ഉപയോഗിച്ച് ട്രോളുകയാണ്. അഭിനയിക്കാൻ അറിയില്ലെന്നും, വിദ്യാഭ്യാസമില്ലെന്നുമുളള തരത്തിലാണ് ആക്ഷേപങ്ങൾ.
എന്നാൽ ഒരു പണിക്കും പോകാതെ വെറുതേ ഫോണ്ടിൽ തോണ്ടി ട്രോളിടുന്ന വ്യക്തികൾ ഒരു കാര്യ മനസിലാക്കണം. അഭിനയത്തിലാണെങ്കിലും സംവിധാനത്തിലാണെങ്കിലും, പാട്ട് പാടുന്നതിലുമൊക്കെ തൻ്റെ കഴിവ് അദ്ദേഹം നിരവധി തവണ തെളിയിച്ചിട്ടുണ്ട്. പിന്നെ ഇപ്പോൾ സൂപ്പർസ്റ്റാറുകളായി നിൽക്കുന്ന താരങ്ങളെല്ലാം തന്നെ അഭിനയത്തിൻ്റെ തുടക്കക്കാലത്ത് പല കുറവുകളും സംഭവിച്ചിട്ടുണ്ട്. അതൊക്കെ തിരുത്തിയും പുതുമകൾ കൊണ്ടുവന്നുമാണ് ഇന്ന് കാണുന്ന സൂപ്പർതാരങ്ങളായി അവർ എത്തിനിൽക്കുന്നത്.

അഭിനയവും സംവിധാനവും എന്നിവയ്ക്കൊപ്പം തന്നെ വലിയ വാഹനഭ്രവും രക്തത്തിൽ അലിഞ്ഞുചേർന്ന വ്യക്തിയാണ് സാക്ഷാൽ പൃഥ്വിരാജ്. താരത്തിൻ്റെ ഗാരേജിലെ പെർഫോമൻസ് രാജാവാണ് പോർഷയുടെ സ്പോർട്‌സ് കാറായ 3.49 കോടി രൂപ വിലയുള്ള 911 GT3 ടൂറിംഗ്. 3.49 കോടി രൂപയാണ് അടിസ്ഥാനപരമായി വരുന്ന വിലയെങ്കിലും ഉടമകളുടെ താൽപര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷൻ കൂടി ചെയ്തിട്ടുണ്ട്.
ബുക്ക് ചെയ്താൽ ഏറെ നാൾ കാത്തിരുന്നാൽ മാത്രമേ ഈ സ്പെഷ്യൽ പോർഷ 911 GT3 ടൂറിംഗ് സ്വന്തമാക്കാനാവൂ. ഇന്ത്യയിൽ വളരെ കുറച്ചു പേർക്ക് മാത്രമാണ് ഈ സൂപ്പർകാർ സ്വന്തമായുള്ളൂ. താരത്തിൻ്റെ ഈ വാഹനം അങ്ങനെ അധികം പുറത്ത് കാണാറില്ലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് ഷൂട്ടിങ്ങ് സൈറ്റിൽ പോർഷയിൽ എത്തുന്നത്.

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് പിഡികെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 4.0 ലിറ്റർ ഫ്ലാറ്റ്-സിക്സ് നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് പോർഷ 911 GT3 ടൂറിംഗ് പാക്കേജിന് തുടിപ്പേകുന്നത്. ഇത് 502 bhp കരുത്തിൽ 470 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നാണ് ജർമൻ ബ്രാൻഡ് പറയുന്നത്.
വെറും 3.2 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ കൈവരിക്കാനാവുന്ന സൂപ്പർകാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 317 കിലോമീറ്ററാണ്. ഏകദേശം 9 കിലോമീറ്റർ മൈലേജാണ് പോർഷയുടെ മോഡലിന് കമ്പനി അവകാശപ്പെടുന്നത്. 911 GT3 ടൂറിംഗിന്റെ അഗേറ്റ് ഗ്രേ മെറ്റാലിക് നിറമാണ് താരം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.
ആദ്യനോട്ടത്തിൽ തന്നെ പോർഷയാണെന്ന് മനസിലാവുന്ന സ്റ്റൈലാണ് 911 GT3 ടൂറിംഗും പിടിച്ചിരിക്കുന്നത്. രണ്ട് എയർ ഔട്ട്‌ലെറ്റുകളുള്ള പുതിയ കാർബൺ ഫൈബർ ബോണറ്റ്, വലിയ റേഡിയേറ്റർ ഗ്രില്ലുള്ള പുതിയ ബമ്പർ, വികസിപ്പിക്കാവുന്ന ഫ്രണ്ട് സ്പ്ലിറ്റർ, വലിയ സ്വാൻ-നെക്ക് ആകൃതിയിലുള്ള റിയർ വിംഗ്, പുത്തൻ ഡിഫ്യൂസർ, അഡാപ്റ്റീവ് സ്‌പോയിലർ, ക്രോം വിൻഡോ ട്രിം എന്നിവയെല്ലാണ് കാറിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
ഇന്റീരിയറിലേക്ക് കയറിയാൽ ഡ്രൈവ് മോഡ് സെലക്ടറോട് കൂടിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, പോർഷ കമ്മ്യൂണിക്കേഷൻ മാനേജ്‌മെന്റ് (PCM), ഇലക്ട്രോണിക് ആയി ക്രമീകരിക്കാവുന്ന സ്‌പോർട്‌സ് സീറ്റ് തുടങ്ങിയവയാണ് അകത്തളത്തെ ആഡംബരമാക്കുന്നത്. പോർഷ 911 GT3 ടൂറിംഗിന് പുറമെ ലംബോർഗിനി ഉറൂസ്, ബിഎഡബ്ല്യു 7 സീരീസ്, മെർസിഡീസ് G-വാഗണ്‍, മിനി കൂപ്പര്‍ തുടങ്ങി ആഡംബര കാറുകളുടെ വമ്പൻ കളക്ഷനാണ് പൃഥ്വിരാജിനുള്ളത്.


Click it and Unblock the Notifications








