23-ാം വയസ്സില്‍ BMW വാങ്ങി മലയാളി ഇൻഫ്ലുവന്‍സര്‍! തുടക്കം സ്റ്റാര്‍മാജിക്കിലൂടെ, സുരേഷ് ഗോപി ചിത്രത്തിലുണ്ട്
ടിവി പരിപാടികളും സോഷ്യല്‍ മീഡിയയും ഒരു വ്യക്തിയുടെ വളര്‍ച്ചക്ക് ഇന്ധനമായ ഒരുപാട് ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളായി പേരെടുത്ത ഒത്തിരി പേര്‍ സിനിമ, സംഗീതം, മോഡലിംഗ് എന്നീ മേഖലകളില്‍ ഉയര്‍ന്ന പടവുകള്‍ കയറിപ്പോയിട്ടുണ്ട്. തന്റെ ആകര്‍ഷകമായ റീലുകളും നൃത്ത വീഡിയോകളും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരമാണ് ചൈതന്യ പ്രകാശ്. 18-ാം വയസ്സില്‍ ഫ്‌ലവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ചൈതന്യ ആദ്യം മലയാളികള്‍ക്ക് പ്രിയങ്കരിയായത്. ഇപ്പോള്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ സോഷ്യല്‍ മീഡിയയിലെ ഏറ്റവും വിലപിടിപ്പുള്ള ഇന്‍ഫ്‌ലുവന്‍സര്‍മാരില്‍ ഒരാളാണ് ചൈതന്യ.
ബോളിവുഡ് താരം രണ്‍ബിര്‍ കപൂറിന്റെ ഷംശേര' എന്ന ചിത്രത്തിന്റെ പ്രാമോഷന്‍ പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു ചൈതന്യ എന്നത് കൂടി കേട്ടാല്‍ മനസ്സിലാകുമല്ലോ ചൈതന്യയുടെ റേഞ്ച്. പത്തനംതിട്ട സ്വദേശിനിയായ ചൈതന്യയെ 15 ലക്ഷത്തോളം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ഹയ, ഗരുഡന്‍ എന്നീ ചിത്രങ്ങളിലൂടെ മോളിവുഡിലും സാന്നിധ്യമറിയിച്ചു. സുരേഷ് ഗോപിയും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച ഗരുഡന്‍ എന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തിലായിരുന്നു ചൈതന്യ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോള്‍ തന്റെ 23-ാം വയസ്സില്‍ സ്വപ്‌ന വാഹനം സ്വന്തമാക്കി സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ് ചൈതന്യ. ബിഎംഡബ്ല്യുവിന്റെ ലക്ഷള്‍ വിലമതിക്കുന്ന X1 എന്ന മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഷോറൂമില്‍ നിന്ന് കാര്‍ ഏറ്റുവാങ്ങുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് ചൈതന്യ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഈ നേട്ടത്തില്‍ തനിക്ക് പിന്തുണയുമായി കൂടെയുണ്ടായിരുന്ന എല്ലാവരോടും പേരെടുത്ത് നന്ദി പറഞ്ഞ് ചൈതന്യ ചെറുതല്ലാത്ത ഒരു കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
'നാല് വീലുകള്‍, ഒരു താക്കോല്‍ എന്നതിനെക്കാള്‍ വലുതാണ് ഈ നിമിഷം. ആരുമറിയാത തുടച്ചുകളഞ്ഞ കണ്ണുനീരിന്റെയും നിശബ്ദമായ പരിശ്രമത്തിന്റെയും ആരും കാണാതെ ഞാന്‍ ഓരോ തവണയും എന്നോട് തന്നെ 'മുന്നോട്ട് പോകൂ' എന്ന് പ്രചോദിപ്പിച്ചതിന്റെയും പ്രതീകമാണ് ഈ ബിഎംഡബ്ല്യു X1' ചൈതന്യ കുറിച്ചു. ഇത് തന്റെ ജീവിതത്തിലെ നാഴികക്കല്ല് മാത്രമല്ലന്ന് പറഞ്ഞ താരം എനിക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ക്കും കഴിയുമെന്ന് ഓര്‍മിപ്പിക്കുകയും ചെയുന്നുണ്ട്.

'21-ാം വയസിലാണ് ഞാന്‍ ആദ്യമായി കാര്‍ വാങ്ങുന്നത്. ഭാഗ്യം കൊണ്ടല്ല, സ്ഥിരമായ കഠിനാധ്വാനത്തിലൂടെയും ഉറച്ച വിശ്വാസത്തിലൂടെയുമാണ് അത് സ്വന്തമാക്കിയത്. സ്വയം സംശയം തോന്നുമ്പോഴും സ്വന്തം വഴി വെട്ടിത്തെളിക്കുന്ന എല്ലാ പെണ്‍കുട്ടികളോടുമാണ്, ഞാന്‍ നിങ്ങളെ കാണുന്നുണ്ട്. കേവലം പാതകള്‍ പിന്തുടരാനുള്ളവരല്ല നമ്മള്‍, പാതകള്‍ വെട്ടിയുണ്ടാക്കുന്നവരാണ് നമ്മള്‍.' -ചൈതന്യ എഴുതി അവസാനിപ്പിച്ചു. പുത്തന്‍ കാര്‍ വാങ്ങിയ ചൈതന്യക്ക് സുഹൃത്തുക്കളും ആരാധകരുമെല്ലാം കമന്റ് ബോക്‌സിലൂടെ ആശംസകള്‍ നേരുന്നുണ്ട്.
ബാവേറിയന്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ എസ്‌യുവിയാണ് X1. എസ്‌യുവി X1 sDrive18i പെട്രോള്‍, X1 sDrive18d ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. 50.90 ലക്ഷം മുതല്‍ 53.80 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇതില്‍ ചൈതന്യ തെരഞ്ഞെടുത്തിരിക്കുന്നത് ഏത് വേരിയന്റാണെന്ന് വ്യക്തമല്ല. X1 പെട്രോള്‍ ആണെങ്കില്‍ 64.71 ലക്ഷം രൂപയും ഡീസലാണെങ്കില്‍ 68.77 ലക്ഷം രൂപയുമാണ് കൊച്ചിയില്‍ ഓണ്‍-റോഡ് വിലയായി മുടക്കേണ്ടത്.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോ എസ്യുവിയുടെ ആദ്യത്തെ 1.5 ലിറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ യൂണിറ്റ് 136 bhp പവററും 230 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മറുവശത്ത് 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍ 150 bhp പവറും 360 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി വരുമ്പോള്‍ ഡീസലില്‍ 7-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ലഭിക്കുക.
വലിയ കിഡ്നി ഗ്രില്‍, മെലിഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ബമ്പറിന് ബ്ലാക്ക്-ഔട്ട് ഇന്‍സേര്‍ട്ടുകളോട് കൂടിയ കോണാകൃതിയിലുള്ള ക്രീസുകള്‍ എന്നിവയാണ് മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളും 18 ഇഞ്ച് അലോയ് വീലുകളുമാണ് വശങ്ങളിലെ പ്രധാന ആകർഷണം. പിന്‍ഭാഗത്ത് സ്ലിം റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍-ലാമ്പുകളും ബമ്പറില്‍ സില്‍വര്‍ ഇന്‍സെര്‍ട്ടുകളുള്ള ഒരു സ്‌കള്‍പ്പ്ഡ് ടെയില്‍ ഗെയിറ്റും കാണാം. M സ്പോര്‍ട്ട് വേരിയന്റുകളിലെ ബമ്പറുകള്‍ക്ക് സ്പോര്‍ട്ടിയര്‍ ഡിസൈനും വരുന്നു.
10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.70 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാര്‍ ടെക്, ഡ്യുവല്‍ സോണ്‍ എസി, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ് ഓപ്പറേഷന്‍, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിങ്ങനെ ആഡംബര ഫീച്ചറുകളുടെ നിര തന്നെ എസ്‌യുവിയുടെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.


Click it and Unblock the Notifications








