7 കോടിയെറിഞ്ഞ് 75 കോടി വാരിയ നിര്‍മാതാവ്! '4444' ഗരാജിലേക്ക് പുത്തന്‍ ഇന്നോവ ചേര്‍ത്ത് ഗുഡ്‌വില്‍ മുതലാളി
മോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസാണ് ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സ് (Goodwill Entertainments). 2011-ല്‍ ബാങ്കോക്ക് സമ്മറിലൂടെ കടന്നുവന്ന ഗുഡ്‌വില്‍ ഇതിനോടകം 27 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. അബ്രഹാമിന്റെ സന്തതികള്‍, ഷൈലോക്ക്, കാവല്‍, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയില്‍ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജോബി ജോര്‍ജ് (Jobby George). ഏറ്റവും അവസാനം ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി നിര്‍മിച്ച രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഓണത്തിന് യാതൊരു ഹൈപ്പുമില്ലാതെ വന്ന് ബോക്‌സ്ഓഫീസ് തൂഫാനാക്കിയ കിഷ്‌കിന്ധാകാണ്ഡമാണ് അതില്‍ ഒന്ന്.
ബ്രില്ല്യന്റ് തിരക്കഥ കൊണ്ടും ആസിഫലി, വിജയരാഘവന്‍ എന്നീ നടന്‍മാരുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കൊണ്ടും കിഷ്‌കിന്ധാകാണ്ഡം പോയ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി. എആര്‍എം പോലെ ഒരു പാന്‍ ഇന്ത്യന്‍ അപ്പീലുള്ള ചിത്രവുമായി ക്ലാഷ് വെച്ച് തീയറ്ററില്‍ ആളെ നിറയക്കാന്‍ കിഷ്‌കിന്ധാകാണ്ഡത്തിനായി. 7 കോടി മുതല്‍ മുടക്കിലെടുത്ത പടത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 75 കോടിക്ക് മുകളിലാണ്.

തൊട്ടുപിന്നാലെ എത്തിയ 'നാരായണീന്റെ മൂന്നാണ്‍മക്കള്‍' എന്ന സിനിമ തീയറ്റര്‍ വിജയമായില്ലെങ്കിലും ഒടിടിയിലെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ചിത്രം ചര്‍ച്ച ചെയ്യുന്ന പ്രമേയവും നിര്‍മാണ നിലവാരവും കൈയ്യടി നേടിക്കൊടുത്തെങ്കിലും അതില്‍ ചിത്രീകരിച്ച ചില ബന്ധങ്ങള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ഏതായാലും സിനിമാ നിര്‍മാതാവെന്ന നിലയില്‍ ജോബി ജോര്‍ജിന് ഇപ്പോള്‍ മികച്ച സമയമാണ്.
സിനിമാ മേഖലയില്‍ മാത്രമല്ല തീയറ്റര്‍, ട്രാന്‍സ്‌പോര്‍ട്ട് എന്നിങ്ങനെ വിവിധ ബിസിനസുകളും ജോബി നടത്തി വരുന്നു. സിനിമയല്ലാതെ ജോബിയുടെ മറ്റൊരു ഇഷ്ടം വാഹനങ്ങളാണ്. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ 2023 പതിപ്പ് കേരളത്തില്‍ ആദ്യമായി സ്വന്തമാക്കിയത് ജോബി ആയിരുന്നു. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ലോംഗ് വീല്‍ബേസ് പതിപ്പാണ് ഇദ്ദേഹം സ്വന്തമാക്കിയത്. ഇത് കൂടാതെ മറ്റ് നിരവധി ആഡംബര കാറുകളും ജോബിയുടെ ഗരാജില്‍ ഉണ്ട്.
ഇപ്പോള്‍ ഒരു പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ചേത്ത് തന്റെ ഗരാജ് വലുതാക്കിയിരിക്കുകയാണ് സിനിമാ നിര്‍മാതാവ്. പുത്തന്‍ കാറിന്റെ കൂടെ നില്‍ക്കുന്ന ചിത്രം ജോബി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ജോബിയുടെ മിക്ക വണ്ടികള്‍ക്കും 4444 ആണ് നമ്പര്‍. സമാനമായ രീതിയില്‍ ഹൈക്രോസിനും '4444' നമ്പര്‍ ലഭിക്കുമോ എന്ന് ചിലര്‍ കമന്റ് ബോക്‌സില്‍ ചോദിക്കുന്നുണ്ട്. ഇന്നോവ ഹൈക്രോസിന്റെ ടോപ് എന്‍ഡ് വേരിയന്റാണ് ജോബി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന.
ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന ഏറ്റവും ജനപ്രിയമായ പ്രീമിയം എംപിവിയാണ് ഹൈക്രോസ്. മൂന്നാം തലമുറ ഇന്നോവ ഹൈക്രോസ് എന്ന പേരില്‍ ഹൈബ്രിഡ് ഹൃദയവുമായി വന്നപ്പോള്‍ ഇരുകൈയ്യും നീട്ടിയാണ് ഇന്ത്യക്കാര്‍ സ്വീകരിച്ചത്. ക്രിസ്റ്റയില്‍ നിന്നും ഹൈക്രോസായി മാറിയപ്പോള്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഡീസല്‍ എഞ്ചിനും മാനുവല്‍ ഗിയര്‍ബോക്സും ഒഴിവാക്കിയെങ്കിലും എംപിവിയുടെ ജനപ്രീതിക്ക് ഇളക്കമൊന്നും തട്ടിയിട്ടില്ല. 2022 നവംബറില്‍ വില്‍പ്പനയ്ക്കെത്തിയ ഹൈക്രോസ് 2024 നവംബറില്‍ 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരുന്നു.

ടൊയോട്ട ഇന്നോവ ഹൈക്രോസ് GX, GX(O), VX, VX(O), ZX, ZX(O) എന്നിങ്ങനെ ആറ് വേരിയന്റുകളില്‍ വാങ്ങാം. ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ലേക്ക്, സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, സ്പാര്‍ക്ക്‌ലിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവന്റ് ഗാര്‍ഡ് ബ്രോണ്‍സ് മെറ്റാലിക് എന്നീ വൈവിധ്യമാര്‍ന്ന കളര്‍ ഓപ്ഷനുകളില്‍ എംപിവി തെരഞ്ഞെടുക്കാം.
ജാപ്പനീസ് ബ്രാന്‍ഡിന്റെ 8-സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന് 19.94 ലക്ഷം രൂപ മുതല്‍ 31.34 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ നിലവിലെ എക്‌സ്‌ഷോറൂം വില വരുന്നത്. അക്കോസ്റ്റിക് വെഹിക്കിള്‍ അലേര്‍ട്ട് സിസ്റ്റം അല്ലെങ്കില്‍ AVAS എന്ന് വിളിക്കുന്ന സവിശേഷത ചേര്‍ത്ത് ഹൈക്രോസിന്റെ െൈഹബ്രിഡ് പതിപ്പുകള്‍ ഇക്കഴിഞ്ഞ ദിവസം അപ്‌ഡേറ്റ് ചെയ്തിരുന്നു. ഇന്നോവ ഹൈക്രോസിന്റെ VX, VX (O), ZX, ZX (O) എന്നീ വകഭേദങ്ങളിലാണ് AVAS ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുന്നത്.
2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ NA പെട്രോള്‍, അല്ലെങ്കില്‍ 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളാണ് ഹൈക്രോസില്‍ വരുന്നത്. NA പെട്രോള്‍ എഞ്ചിന് 173 bhp പവറും 209 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിന്‍ 184 bhp പവറും 188 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്.
ഇ-സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. മാനുവല്‍ ഇന്നോവ വേണ്ടവര്‍ ഇന്നോവ ക്രിസ്റ്റ തെരഞ്ഞെടുക്കേണ്ടി വരും. ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്നതിനാല്‍ തന്നെ എംപിവിക്ക് 23.24 കിലോമീറ്റര്‍ മൈലേജാണ് ടൊയോട്ട മൈലേജ് പറയുന്നത്. നിലവില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിന് ഇന്ത്യയിൽ നേരിട്ട് എതിരാളികളൊന്നുമില്ല.


Click it and Unblock the Notifications








