അവതാരകമാര്‍ക്കിടയിലെ സൂപ്പര്‍താരം! യാത്രകള്‍ക്ക് കൂട്ടായി പുത്തന്‍ മെര്‍സിഡീസ് C-ക്ലാസ് സ്വന്തമാക്കി
മലയാളക്കരയിലെ ഏറ്റവും പ്രശസ്തയായ അവതാരകരില്‍ ഒരാളാണ് മീര അനില്‍. സുന്ദരമായ അവതരണ ശൈലിയും, ആത്മവിശ്വാസമുള്ള സ്റ്റേജ്പ്രസന്‍സും, പ്രേക്ഷകരുമായി എളുപ്പത്തില്‍ സംവദിക്കുകയും ചെയ്യുന്ന മീര വര്‍ഷങ്ങളായി മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. പ്രത്യേകിച്ച് വിനോദപരിപാടികളിലെ അവരുടെ ഊര്‍ജ്ജസ്വലമായ അവതരണരീതി മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്നു. വിവിധ ചാനലുകളിലെ എന്റര്‍ടൈന്‍മെന്റ്, റിയാലിറ്റി, ഇവന്റ് ഷോകളിലൂടെ അവര്‍ വലിയൊരു ആരാധകവൃന്ദം നേടിയെടുത്തു. ഏഷ്യാനെറ്റിന്റെ സൂപ്പര്‍ഹിറ്റ് പ്രോഗ്രാമായ 'കോമഡി സ്റ്റാര്‍സ്' ആയിരുന്നു മീരയുടെ കരിയറില്‍ ഏറ്റവും ശ്രദ്ധനേടിയത്. ചില ടെലിവിഷന്‍ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിട്ട മീര നിവിന്‍ പോളിയും അമല പോളും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച മിലിയിലൂടെയും ബിഗ്‌സ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര (Meera Anil) തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങള്‍ അവിടെ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സ്വന്തം വീട്ടിലേക്ക് ഒരു പുത്തന്‍ അതിഥിയെ വരവേറ്റ വിവരം സന്തോഷത്തോടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് മീര. പുത്തന്‍ മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ് ആഡംബര വാഹനം സ്വന്തമാക്കിയാണ് താരം ചെറുപ്പം മുതലുള്ള സ്വപ്‌നങ്ങളില്‍ ഒന്ന് പൂവണിയിച്ചത്.

ഭര്‍ത്താവ് വിഷ്ണുവിനും മാതാപിതാക്കള്‍ക്കുമൊപ്പമെത്തിയാണ് മീര പുതിയ കാര്‍ ഏറ്റുവാങ്ങിയത്. വാഹനം എടുത്ത ആദ്യം ഭര്‍ത്താവ് വിഷ്ണുവിന്റെ മല്ലപ്പള്ളിയിലെ വീട്ടിലേക്കാണ് പോയത്. പുതിയ ബെന്‍സില്‍ ഉടന്‍ തന്നെ തങ്ങള്‍ ഹംപിയിലേക്ക് യാത്ര പോകുന്നതായി മീര മനോരമ ഒാണ്‍ലൈനിനോട് പറഞ്ഞു. ലോകത്തിലെ എണ്ണംപറഞ്ഞ ഓഫ്‌റോഡര്‍ എസ്‌യുവികളില്‍ ഒന്നാമ മെര്‍സിഡീസ് ജി-വാഗണ്‍ ആണ് ഇനി അടുത്ത ലക്ഷ്യമെന്നും മീര പറഞ്ഞു. തന്റെയും വിഷ്ണുവിന്റെയും സ്വപ്ന വാഹനമാണതെന്നും മീര കൂട്ടിച്ചേര്‍ത്തു.
മെര്‍സിഡീസ് ബെന്‍സിന്റെ വിലകുറഞ്ഞ മോഡലുകളില്‍ ഒന്നാണ് സി-ക്ലാസ്. ഈ എന്‍ട്രി ലെവല്‍ മോഡല്‍ കമ്പനിയുടെ വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കുന്നു. ആധുനിക സൗകര്യങ്ങളും, പ്രീമിയം ചാര്‍ജ് ഇല്ലാതെ തന്നെ ശക്തമായ എഞ്ചിനുകളും വാഗ്ദാനം ചെയ്യുന്ന ഒരു മികച്ച മോഡലാണ് മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്. ആഡംബര, സുഖ സൗകര്യങ്ങളുടെ കൂടെ പെര്‍ഫോമന്‍സിന്റെ കൂടെ സമ്പൂര്‍ണ സംയോജനം വാഗ്ദാനം ചെയ്യുന്ന 'ബേബി- എസ്' ആയി C-ക്ലാസ് സ്വയം അടയാളപ്പെടുത്തുന്നു.

മെര്‍സിഡീസ്-ബെന്‍സ് C-ക്ലാസിന് 4.75 മീറ്ററില്‍ കൂടുതല്‍ നീളവും 2.86 മീറ്റര്‍ വീല്‍ബേസും ഉണ്ട്. C200, C200d, പുതിയ C300 AMG ലൈന്‍ എന്നീ മൂന്ന് ട്രിമ്മുകളില്‍ C-ക്ലാസ് വാഗ്ദാനം ചെയ്യുന്നു. പഴയ ഡീസല്‍-പവേര്‍ഡ് C300d AMG ലൈനിന് പകരമായാണ് പുതിയ C300 AMG ലൈന്‍ ചേര്‍ത്തിരിക്കുന്നത്. സുഖസൗകര്യങ്ങള്‍, ടെക്നോളജി, സേഫ്റ്റി എന്നിവയില്‍ പ്രീമിയം അപ്‌ഗ്രേഡുകളോടെയാണ് മെര്‍സിഡീസ്-ബെന്‍സ് കഴിഞ്ഞ വര്‍ഷം C-ക്ലാസ് പരിഷ്‌കരിച്ച് പുറത്തിറക്കിയിരുന്നു.
ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, 6 ഫാസ്റ്റ് ചാര്‍ജിംഗ് യുഎസ്ബി C പോര്‍ട്ടുകള്‍, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഹുഡിന് കീഴില്‍ 204 hp പവറും 300 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു പെപ്പി 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ എഞ്ചിനാണുള്ളത്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.
വെറും 7.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കുന്നു. ഡീസല്‍ പതിപ്പില്‍, C220d, C300d എന്നീ രണ്ട് വേരിയന്റുകള്‍ ഉണ്ട്.200hp / 440Nm, 265hp / 550Nm എന്നിങ്ങനെയാണ് ഇവയുടെ പവര്‍, ടോര്‍ക്ക് കണക്കുകള്‍. ഇവ രണ്ടും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഉപയോഗിക്കുന്നത്. ഏറ്റവും ശക്തമായ ക്രമീകരണങ്ങളില്‍ കാര്‍ വെറും 5.7 സെക്കന്‍ഡില്‍ 100 kmph വേഗത കൈവരിക്കും.
പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.മീര സ്വന്തമാക്കിയത് കാറിന്റെ ഏത് വേരിയന്റാണെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ മനോരമയില്‍ വന്ന ലേഖനത്തില്‍ പെട്രോള്‍ വേരിയന്റ് ആണെന്ന് സൂചനകള്‍ നല്‍കുന്നുണ്ട്. ഏതായാലും കാറിന്റെ ആകര്‍ഷകമായ വെള്ള നിറമാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ കൊച്ചിയില്‍ 7491 ലക്ഷം മുതല്‍ 82.10 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ ഓണ്‍റോഡ് വില.


Click it and Unblock the Notifications








