'പോയി വല്ല മിത്സുബിഷിയും വാങ്ങ്'; അപമാനിച്ച് വിട്ട റോള്‍സ് റോയ്‌സ്‌കാരോട് മലയാളി കോടീശ്വരന്‍ ചെയ്ത 'പ്രതികാരം'
ആഡംബരത്തിന്റെ പരകോടിയെന്ന് അറിയപ്പെടുന്ന കാറുകള്‍ പുറത്തിറക്കുന്ന ബ്രാന്‍ഡാണ് റോള്‍സ് റോയ്‌സ്. മുമ്പ് റോള്‍സ് റോയ്സ് കാറുകള്‍ വളരെ വിരളമായി മാത്രമായിരുന്നു ഇന്ത്യന്‍ നിരത്തുകളില്‍ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ടാക്‌സിയായി വരെ റോള്‍സ് റോയ്സ് കാറുകള്‍ നിരത്തില്‍ ഓടുന്നതായി കാണാം. ഏകദേശം 25 വര്‍ഷം മുമ്പ് ഇന്ത്യന്‍ നിരത്തുകളില്‍ റോള്‍സ് റോയ്സ് കാറുകള്‍ കാണുന്നത് അപൂര്‍വമായ കാഴ്ചയായിരുന്നു. അതുകൊണ്ട് തന്നെ റോള്‍സ് റോയ്‌സ് ഷോറൂമിലെത്തിയ ഇന്ത്യക്കാര ജീവനക്കാര്‍ അപമാനിച്ചുവെന്ന തരത്തില്‍ ഒരുപാട് കഥകളും പുറത്ത് വന്നിരുന്നു. അവയില്‍ പലതും വ്യാജ വാര്‍ത്തകള്‍ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും മലയാളിയുമായ ജോയ് ആലുക്കാസിനെ റോള്‍സ് റോയ്സ് ജീവനക്കാരന്‍ അപമാനിച്ച വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ജോയ് ആലുക്കാസ് തന്നെയാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തുമായി വ്യാപിച്ച് കിടക്കുന്ന ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമാണ് ജോയ് ആലുക്കാസ്.

റോള്‍സ് റോയ്‌സിന്റെ കലിനന്‍ അടക്കം നിരവധി ആഡംബര കാറുകള്‍ സ്വന്തമായുള്ള ജോയ് ആലുക്കാസിന് ഇത്തരം ഒരു ദുരനുഭവം ഉണ്ടായി എന്ന കാര്യം നിങ്ങള്‍ക്കും ഒരുപക്ഷേ വിശ്വസിക്കാന്‍ പ്രയാസമുണ്ടായേക്കാം. എന്നാല്‍ അടുത്തിടെ സിഎന്‍ബിസി ടിവി18 അവരുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഈ സംഭവത്തെ കുറിച്ച് അദ്ദേഹം ഉള്ളുതുറക്കുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അതിവേഗം പ്രചരിക്കുകയാണ്.
2000-ത്തില്‍ യുഎഇയിലെ ദുബായില്‍ വെച്ചായിരുന്നു സംഭവം. യുഎഇയില്‍ അടക്കം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ജോയ് ആലുക്കാസിന് നിരവധി ജ്വല്ലറികള്‍ ഉണ്ട്. ദുബായിലെ റോള്‍സ് റോയ്സ് ഷോറൂം സന്ദര്‍ശിച്ച ജോയ് ആലുക്കാസിനോട് എന്തിനാണ് ഇങ്ങോട്ട് വന്നത് എന്നായിരുന്നു ജീവനക്കാരില്‍ ഒരാളുടെ ചോദ്യം.തനിക്ക് റോള്‍സ് റോയ്സ് കാറുകളോട് താല്‍പ്പര്യമുണ്ടെന്നും അവ പരിശോധിക്കാന്‍ വേണ്ടി വന്നതാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു.

സാധാരണയായി അത്തരത്തില്‍ ഒരു മറുപടി ലഭിച്ചാല്‍ കാറുകള്‍ ഉപഭോക്താവിന് കാണിച്ച് കൊടുക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയുമാണ് ഷോറൂം ജീവനക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ എന്നാല്‍ ഇവിടെ മറിച്ചാണ് സംഭവിച്ചത്. ജോയ് ആലുക്കാസിന്റെ മറുപടി കേട്ട ഉടനെ 'ഇവിടെ നിന്ന് പോയി അടുത്തുള്ള മിത്സുബിഷി ഷോറൂമില്‍ പോയി കാറുകള്‍ പരിശോധിക്കുക' എന്നായിരുന്നു റോള്‍സ് റോയ്‌സ് ഡീലര്‍ഷിപ്പ് ജീവനക്കാരന്റെ വാക്കുകള്‍.
റോള്‍സ് റോയ്സ് ഷോറൂം ജീവനക്കാരന്റെ പെരുമാറ്റത്തില്‍ അപമാനിതനായ ജോയ് ആലുക്കാസ് വാശിക്ക് അതേ കാര്‍ തന്നെ വാങ്ങി. കാര്‍ വാങ്ങിയ ശേഷമാണ് തനിക്ക് ആ കാറിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ലെന്നും തനിക്ക് ഇതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞത്. ഈ ഒരു കാര്‍ എങ്ങനെ തന്റെ ജ്വല്ലറിയുടെ വളര്‍ച്ചക്ക് ഉപയോഗപ്പെടുത്താം എന്നതായി പിന്നീടുള്ള ചിന്ത. അപ്പോഴാണ് നറുക്കെടുപ്പിലൂടെ ഈ കാര്‍ സമ്മാനം നല്‍കാമെന്ന ആശയം മനസ്സില്‍ ഉദിച്ചത്.
നറുക്കെടുപ്പുകള്‍ അക്കാലത്തേ ദുബായില്‍ വളരെ പ്രസിദ്ധമായിരുന്നു. നറുക്കെടുപ്പ് നടത്താനും ബമ്പര്‍ സമ്മാനമായി റോള്‍സ് റോയ്‌സ് സമ്മാനം നല്‍കാനും ജോയി ആലുക്കാസ് തീരുമാനിച്ചു. ഉപഭോക്താക്കള്‍ക്ക് റോള്‍സ് റോയ്സ് സമ്മാനമായി നല്‍കിയ യുഎഇയിലെ ആദ്യത്തെ ജ്വല്ലറികളില്‍ ഒന്നാണ് ജോയ് ആലുക്കാസ്. ഏതായാലും ഈ മാര്‍ക്കറ്റിംഗ് തന്ത്രം മേഖലയില്‍ ജ്വല്ലറിയുടെ വളര്‍ച്ചക്ക് ഗുണം ചെയ്തു.
അക്കാലത്ത് റോള്‍സ് റോയ്സ് കാറുകള്‍ തനിക്ക് ആവശ്യമില്ലെന്ന് കരുതിയെങ്കിലും ഇന്ന് റോള്‍സ് റോയ്സ് ഗോസ്റ്റ്, റോള്‍സ് റോയ്സ് കലിനന്‍ എന്നിവയുള്‍പ്പെടെയുള്ള റോള്‍സ് റോയ്സ് കാറുകള്‍ ജോയ് ആലുക്കാസിന്റെ ഗരാജിലുണ്ട്. അടുത്തിടെയാണ് അദ്ദേഹം ഒരു പുതിയ റോള്‍സ് റോയ്സ് കലിനന്‍ വാങ്ങിയത്. റോള്‍സ് റോയ്‌സ് ആദ്യമായി നിര്‍മിച്ച എസ്‌യുവിയാണ് കലിനന്‍. ഇന്ത്യയിലെ സമ്പന്നര്‍ക്കും സെലിബ്രിറ്റികള്‍ക്കുമിടയില്‍ പ്രശസ്തമാണ് ഈ കാര്‍.
569 bhp പാവറും 850 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കലിനന്‍ എസ്‌യുവിക്ക് കരുത്തേകുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ വരുന്നത്. മറ്റേതൊരു റോള്‍സ്-റോയ്സ് മോഡലിനെയും പോലെ കലിനനും യാത്രക്കാര്‍ക്ക് അത്യാഡംബരം നിറഞ്ഞതും സുഖകരവുമായ യാത്ര സമ്മാനിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു പുതിയ സ്റ്റാന്‍ഡേര്‍ഡ് റോള്‍സ് റോയ്സ് കലിനന്‍ എസ്‌യുവിയുടെ എക്സ്ഷോറൂം വില 6.95 കോടി രൂപയില്‍ ആരംഭിക്കുന്നു.


Click it and Unblock the Notifications








