ബ്രെഡ് ഓംലെറ്റുണ്ടാക്കാനും ഇവി മതി! സകല ഫീച്ചറും പരീക്ഷിക്കുന്ന മലയാളി പൊളിയല്ലേ
കാറുകള്‍ ഗതാഗത മാര്‍ഗമായി മാത്രം കണ്ടിരുന്ന കാലമെല്ലാം കഴിഞ്ഞു. പ്രത്യേകിച്ചും ഇലക്ട്രിക് കാറുകളുടെ വരവോട് കൂടി നമ്മള്‍ ചിന്തിച്ചിട്ട് പോലുമില്ലാത്ത നിരവധി പ്രായോഗിക സൗകര്യങ്ങള്‍ കാറുകള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു ഇലക്ട്രിക് കാര്‍ ഉപയോഗിച്ച് മറ്റൊന്ന് ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന വെഹിക്കിള്‍-ടു-വെഹിക്കിള്‍ സവിശേഷതയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതിന്റെ കൂടെ തന്നെ ഇപ്പോള്‍ മോഡേണ്‍ ഇവികളില്‍ എല്ലാം കാണപ്പെടുന്ന സവിശേഷതയാണ് വെഹിക്കിള്‍-ടു-ലോഡ് (V2L). ഇത് ഇവികളെ മൊബൈല്‍ ജനറേറ്ററുകളായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്നു. ഈ ഫംഗ്ഷന്‍ ഉപയോക്താക്കളെ അവരുടെ വാഹനത്തില്‍ നിന്ന് നേരിട്ട് ചെറിയ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്ക് പവര്‍ നല്‍കാന്‍ അനുവദിക്കുന്നു.
ഇതിന്റെ ഒരു ഉദാഹരണം എടുത്ത് കാണിച്ചിരിക്കുകയാണ് മലയാളി ദമ്പതികള്‍. ദീപു ഉണ്ണിയെന്ന വ്യക്തിയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ദൂരയാത്രകളിലും മറ്റും V2L സവിശേഷത എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് കാണിക്കുന്നത്. മലയാളി ദമ്പതികള്‍ അവരുടെ ഹ്യുണ്ടായി അയോണിക് 5 ഇവിയുടെ V2L സവിശേഷത ഉപയോഗിച്ച് റോഡരികില്‍ പ്രഭാതഭക്ഷണം തയാറാക്കുകയയായിരുന്നു. വെറും ഗതാഗത മാര്‍ഗം എന്നതിലുപരി ഇലക്ട്രിക് കാറുകളുടെ പ്രായോഗിക ഗുണങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതായിരുന്നു വീഡിയോ.

ദീപു ഉണ്ണി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ തങ്ങളുടെ ഹ്യുണ്ടായി അയോണിക് 5-ന്റെ V2L സവിശേഷത ഉപയോഗിച്ച് ഒരു ഇലക്ട്രിക് ഇന്‍ഡക്ഷന്‍ കുക്കര്‍ കാറുമായി ബന്ധിപ്പിക്കുന്നത് കാണാം. പ്രഭാത ഭക്ഷണത്തിനായി ബ്രെഡ് ഓംലെറ്റ് തയാറാക്കാനാണ് അവര്‍ തീരുമാനിച്ചത്. ഇന്‍ഡക്ഷന്‍ കുക്കര്‍ ചൂടായ ശേഷം എളുപ്പത്തില്‍ മുട്ട അതില്‍ പാകം ചെയ്‌തെടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇലക്ട്രിക് വാഹനത്തിന്റെ നൂതനമായ സവിശേഷതകള്‍ അടിയന്തിര സാഹചര്യങ്ങളില്‍ എങ്ങിനെ രക്ഷക്കെത്തുമെന്ന് കൂടി ഇത് കാണിക്കുന്നു.
ഉത്തരേന്ത്യയില്‍ എവിടെയോ ദൂരയാത്രക്കിടയില്‍ പകര്‍ത്തിയതാണ് ഈ വീഡിയോ എന്നാണ് തോന്നുന്നത്. ദൂരയാത്രകളില്‍ പ്രത്യേകിച്ച് ഹോട്ടലുകളില്‍ നിന്നും മറ്റുമുള്ള ഭക്ഷണങ്ങള്‍ അത്ര സുരക്ഷതമല്ലാത്തതിനാല്‍ സ്വയം പാകം ചെയ്ത് കഴിക്കുന്നതാണ് നല്ലത്. ലോംഗ് ട്രിപ്പുകള്‍ പോകുന്നയാളുക ഇതിനായി ഗ്യാസ് സ്റ്റൗ അടക്കമുള്ള സൗകര്യങ്ങള്‍ കൊണ്ടുപോകാറാണ് പതിവ്. എന്നാല്‍ V2L ഫീച്ചറുകള്‍ ഉള്ള ഇവികളാണെങ്കില്‍ ഇതിന്റെ സ്ഥലവും ചെലവും ലാഭിക്കാം.

വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്ന വാഹനമായ ഹ്യുണ്ടായി അയോണിക് 5 അതിന്റെ പ്രീമിയം സവിശേഷതകള്‍ കൊണ്ട് വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. V2L, വെഹിക്കിള്‍-ടു-വെഹിക്കിള്‍ (V2V) എന്നീ രണ്ട് സവിശേഷതകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. 217 bhp പവറും 350 Nm ടോര്‍ക്കും നല്‍കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് ഈ ഇവിക്ക് കരുത്ത് പകരുന്നത്.
അയോണിക് 5 ഇവി 72.6 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. ഇത് ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ വരെ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മാത്രമല്ല ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയുമുള്ളതിനാല്‍ ഈ കാറില്‍ ധൈര്യമായി ദൂരയാത്രകള്‍ പോകാം. ബാറ്ററി 10-80% ചാര്‍ജ് ചെയ്യാന്‍ വെറും 18 മിനിറ്റ് മാത്രം മതി.

ഇലക്ട്രിക് വാഹനം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നത് ഇതാദ്യമായല്ല നാം കാണുന്നത്. ടാറ്റ കര്‍വ് ഇവി ഉപയോഗിച്ച് ഇന്‍സ്റ്റന്റ് നൂഡില്‍സ് പാചകം ചെയ്യുന്നതും പൂരി വറുക്കുന്നതുമടക്കമുള്ള സമാനമായ സംഭവങ്ങള്‍ മുമ്പും സോഷയല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഹ്യുണ്ടായി അയോണിക് 5 മോഡലില്‍ അല്ലാതെ ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവികളിലും എംജി വിന്‍ഡ്സര്‍ പ്രോ, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് തുടങ്ങിയ മോഡലുകളിലും V2L സവിശേഷത ലഭ്യമാണ്.
ഭക്ഷണം പാകം ചെയ്യാന്‍ മാത്രമല്ല ക്യാമ്പിംഗ് ട്രിപ്പുകളില്‍ ലൈറ്റുകള്‍, സ്പീക്കറുകള്‍, കുക്ക്ടോപ്പുകള്‍ തുടങ്ങിയ അവശ്യ ഉപകരണങ്ങള്‍ പവര്‍ ചെയ്യാന്‍ ഇത് അവരെ അനുവദിക്കുന്നു. V2L പോലുള്ള സവിശേഷതകളിലൂടെ ഇവികള്‍ 'പവര്‍ ബാങ്ക്' പോലെ പ്രവര്‍ത്തിക്കാനുള്ള അവയുടെ കഴിവ് പ്രകടമാക്കുന്നു. റോഡരികില്‍ ഭക്ഷണം പാകം ചെയ്യുന്നത് മുതല്‍ അവശ്യ ഉപകരണങ്ങള്‍ക്ക് പവര്‍ നല്‍കുന്നതടക്കം ഒരു മൊബിലിറ്റി സെല്യൂഷന്‍ എന്നതിലുപരി വിപുലമായ സൗകര്യങ്ങളാണ് ഇവികള്‍ വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








