അംബാന്റെ സ്റ്റൈൽ സ്വിമ്മിംഗ് പൂൾ അനുകരണം, അമളി പറ്റി യുട്യൂബർ; പിന്നാലെ രൂക്ഷ വിമശനവും കമന്റ്സിൽ പൊങ്കാലയും
ലൈക്കിനും ഷെയറിനും അതിലുപരി ഒരു ഇൻഫ്ലുവൻസർ സ്റ്റാറ്റസിനും വളരെയധികം പ്രാധ്യാനം നൽകുന്ന ഒരു ഇൻസ്റ്റ വേൾഡിലാണ് നാം ജീവിക്കുന്നത് എന്നതാണ് വളരെ ദുഃഖകരമായ ഒരു സത്യം. എല്ലാവരേയും അടച്ച് ആക്ഷേപിക്കുകയല്ല, എന്നിരുന്നാലും ഇക്കാലത്ത് ഭൂരിഭാഗം പേരും വൈറൽ കണ്ടന്റിന് പിന്നാലെയാണ് എന്നതാണ് വാസ്തവം.
പണ്ടൊക്കെ രാവിലെ കാപ്പിക്ക് എന്നാ പലഹാരമായിരിക്കും എന്ന് വിചാരിച്ച് എഴുന്നേറ്റ് വരുന്നതിന് പകരം ഇന്നത്തെ യുവ തലമുറ എഴുന്നേൽക്കുന്നത് ഇന്ന് എന്ത് കണ്ടന്റ് പോസ്റ്റ് ചെയ്യാം എന്ന് വിചാരിച്ചാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം കൂടിയതോടെ കണ്ടന്റുകൾക്ക് ക്ഷാമമായി തുടങ്ങി. പിന്നെ എല്ലാവരും ചെയ്യുന്നതിന് റീച്ചും കുറഞ്ഞു തുടങ്ങി.

അതിനാൽ മറ്റാരു ചെയ്യാത്ത വെറൈറ്റ് കാര്യങ്ങളും സാഹസങ്ങളും ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറലാവാനുള്ള ശ്രമത്തിലാണ് ഇന്ന് പലരും. അത്തരത്തിൽ വൈറലാവാൻ ചെയ്ത ഒരു കണ്ടന്റ് ഫ്ലോപ്പ് ആയതാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്. കാർ തന്നെ സ്വിമ്മിംഗ് പൂളാക്കി മാറ്റിയ മലയാളി യുട്യൂബറാണ് ഇവിടുത്തെ നമ്മുടെ ചിന്താ വിഷയം.
കാറിന്റെ മാത്രമല്ല കാറിനുള്ളിലും പുറത്തുമുള്ളവരുടെ വരെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലുള്ള ഇയാളുടെ ഈ പ്രവൃത്തിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ആവേശം എന്ന സിനിമയില്‍ ലോറിയുടെ പിന്‍ഭാഗത്ത് സ്വിമ്മിംഗ് പൂൾ സെറ്റ് ചെയ്തതിന് ശേഷം കുളിക്കുന്ന രംഗങ്ങളുണ്ട്.

അംബാൻ അടിപൊളിയാക്കിയ ഈ സീൻ നാം ഏവരും വളരെ ആസ്വദിച്ചിട്ടുമുണ്ടാവും. സിനിമയില്‍ പോലും വാഹനത്തിന് പുറത്താണ് വെള്ളം നിറച്ചത് എങ്കില്‍ ഇവിടെ കാറിന്റെ ഉള്ളിൽ തന്നെയാണ് സ്വിമ്മിംഗ് പൂൾ സെറ്റ് ചെയ്തത്. മുമ്പ് ഹ്യുണ്ടായി സാൻട്രോയിലും ഇത്തരത്തിൽ സ്വിമ്മിംഗ് പൂൾ സജ്ജമാക്കിയ വീഡിയോയും വാർത്തയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ ഇവയെല്ലാം ഒരു പ്രൈവറ്റ് സ്പെയ്സിലോ മറ്റോ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലായിരുന്നു എന്നത് ശ്രദ്ധിക്കണം. എന്നാൽ ഇവിടെ യുട്യൂബർ വാഹനത്തിനുള്ളിൽ പൂൾ ഉണ്ടാക്കിയതിന് ശേഷം പൊതു നിരത്തിലൂടെ ഓടിക്കുകയും ചെയ്തു. യുട്യൂബര്‍ക്കു പുറമേ മൂന്നു സുഹൃത്തുക്കള്‍ കൂടി ചേര്‍ന്നാണ് കാര്‍ സ്വിമ്മിംഗ് പൂളാക്കി മാറ്റുന്നത് എന്നത് വീഡിയോ വ്യക്തമാക്കുന്നു.
ടാറ്റയുടെ നിവിലെ മുൻനിര മോഡലായ സഫാരിയുടെ പ്രീ ഫെയ്സ്‌ലിഫ്റ്റ് മോഡലാണ് ഇവര്‍ വെള്ളം നിറച്ച് പൂൾ ഒരുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. പിന്നിലെ പാസഞ്ചര്‍ സീറ്റിന്റെ ഭാഗത്ത് ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച് പ്ലാസ്റ്റിക് കയറുകൊണ്ട് ഫ്രണ്ട് സീറ്റിലും പിന്നിലുമെല്ലാം കെട്ടിയ ശേഷമാണ് പൈപ്പ് ഉപയോഗിച്ച് ഇതിൽ വെള്ളം നിറക്കുന്നത്.
ഈ വെള്ളത്തില്‍ ഡ്രൈവര്‍ ഒഴികെയുള്ള ബാക്കിയുള്ളവര്‍ ഇരുന്നും കിടന്നുമൊക്കെയാണ് വാഹനത്തിൽ സഞ്ചരിക്കുന്നത് എന്ന് വിഡിയോയിൽ കാണാം. പൊതു നിരത്തിലൂടെ ഈ കാര്‍ സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങളും ഇതിലുണ്ട്. പകല്‍ സമയം നല്ല ഗതാഗത തിരിക്കുള്ളപ്പോഴാണ് ഇവര്‍ സ്വിമ്മിംഗ് പൂള്‍ കാറുമായി പുറത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.

വഴിയിലുള്ള യാത്രക്കാര്‍ പല തരത്തില്‍ കാറിനുള്ളിലേക്കു നോക്കുന്നതും കാണാം. ഇതിനിടെ കയർ ലൂസായി വെള്ളം ചോര്‍ന്ന് ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തേക്ക് പോവുകയും സൈഡ് എയര്‍ബാഗ് പുറത്തേക്കു വരികയും ചെയ്യുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നതായി കാണാം. എയർബാഗ് ഓപ്പൺ ആയതോടെ പിന്നിലെ ഡോര്‍ തുറന്ന് ഇവർ വെള്ളം പൊതു നിരത്തിലേയ്ക്കാണ് ഒഴുക്കി വിടുന്നതും.
വാഹനം വളരെ പതിയെ നീങ്ങുമ്പോഴായിരുന്നു വെള്ളം കയറി ഈ എയർ ബാഗ് ഓപ്പൺ ആയത്, ഇത് വാഹനം അല്പം സ്പീഡിൽ ഓടിക്കൊണ്ടിരുന്ന സാഹചര്യത്തിൽ ആയിരുന്നു എങ്കിലോ? ഡ്രൈവർക്ക് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളുമായി ഒരു കൂട്ടയിടിക്ക് സാധ്യത തള്ളിക്കളയാൻ ആവില്ല. വഴിയാത്രക്കാരുടെ സുരക്ഷയെ പോലും ബാധിക്കുന്ന ഇത്തരം പ്രവൃത്തിക്കെതിരെ ഈ യുട്യൂബ് വിഡിയോക്ക് താഴെ വലിയ തോതില്‍ വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്.


Click it and Unblock the Notifications








