യല്ല ഹബീബി! ട്രാക്ക് ഒന്ന് മാറ്റി മമിത; കോംപാക്ടിൽ നിന്ന് ഓഫ്-റോഡ് എസ്‌യുവിയിലേക്ക് ഗിയർ മാറ്റി താരം
ശ്രദ്ധേയമായ ചെറിയ വേഷങ്ങളിലൂടെ രംഗത്ത് എത്തി ഇന്ന് മലയാള സിനിമയിൽ മിന്നും താരമായി മാറിയ നടിയാണ് മമിത ബൈജു. സിനിമയ്ക്കും അഭിനയത്തിനും തകർപ്പൻ ഡാൻസിനും ഒപ്പം തന്നെ താരത്തിന് ഡ്രൈവിംഗും വളരെ ഇഷ്ടമാണ്. സൂപ്പർ ശരണ്യ, പ്രണയ വിലാസം എന്നീ ചിത്രങ്ങൾക്ക് ശേഷം താൻ സ്വന്തമാക്കിയ ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ പലപ്പോഴും താരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത പല ചടങ്ങുകളിലും എത്തി കണ്ടിട്ടുണ്ട്.
കഴിഞ്ഞ മെയിലാണ് താരം ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ സ്വന്തമാക്കുന്നത്, അതിന് ശേഷം ഇപ്പോൾ രാമചന്ദ്ര ബോസ് & കൊ. എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ മാരുതിയുടെ ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡ് മോഡലായ ജിംനിയെ തന്റെ ഗരാജിൽ എത്തിച്ചിരിക്കുകയാണ് മമിത. കുന്നും മലയും അനായാസം തരണം ചെയ്യാവുന്ന വാഹനത്തിന്റെ ഏത് വേരിയന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത് എന്ന് വ്യക്തമല്ല.

എന്നിരുന്നാലും ജിംനിയുടെ വളരെ ആകർഷകമായ കൈനറ്റിക് യെല്ലോ എന്ന ഷെയ്ഡാണ് മമതി വാങ്ങിയിരിക്കുന്നത്. വേരിയന്റുകൾ അനുസരിച്ച് 12.74 ലക്ഷത്തിൽ തുടങ്ങി 15.05 ലക്ഷം രൂപ വരെയാണ് ജിംനിയുടെ എക്സ്-ഷോറൂം വില. വളരെ സുപരിചിതമായ K15B 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ജിംനി 5-ഡോർ പതിപ്പിന്റെ ഹൃദയം.
ഈ എഞ്ചിൻ യൂണിറ്റ് 105 bhp മാക്സ് പവറും 134 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റ് എന്നിവയാണ് ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡ് എസ്‌യുവിയിൽ നിർമ്മാതാക്കൾ നൽകുന്ന ട്രാൻസ്മിഷൻ ചോയിസുകൾ.

താരത്തിന്റെ ജിംനി മാനുവൽ ആണോ അതോ ഓട്ടോമാറ്റിക് ആണോ എന്നും വ്യക്തമല്ല. പവർ ഔട്ട്പുട്ടുകൾക്ക് അപ്പുറം വാഹനത്തിന്റെ മാനുവൽ പതിപ്പ് ലിറ്ററിന് 16.94 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഓട്ടോമാറ്റിക് പതിപ്പും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല, ലിറ്ററിന് 16.39 കിലോമീറ്ററാണ് ഇത് നൽകുന്നത്.
ഇനി എഞ്ചിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ അല്പം കഠിനമായ ഓഫ്റോഡ് സാഹചര്യങ്ങൾ അനായാസം തരണം ചെയ്യാൻ സഹായിക്കുന്ന സുസുക്കി ഓൾ ഗ്രിപ്പ് പ്രോ സിസ്റ്റവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യാനുസരണം ഉപയോഗിക്കാൻ ഫോർവീൽ ഹൈ, ഫോർവീൽ ലോ മോഡുകളും ഇതിലുണ്ട്. ഒരു ടിപ്പിക്കൽ എസ്‌യുവി എന്ന പോലെ ലാഡർ ഓൺ ഫ്രെയിം ഷാസിയിലാണ് മാരുതി സുസുക്കി ജിംനിയെ ഒരുക്കിയിരിക്കുന്നത്.

സവിശേഷതകളുടെ കാര്യത്തിൽ 9.0 ഇഞ്ച് ടച്ച്സ്ക്രീൻ, സ്മാർട്ട് പ്ലേ പ്രോ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ആർക്കമീസ് സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോ എഇഡി ഹെഡ്‌ലാമ്പ് വിത്ത് വാഷർ എന്നിങ്ങനെ ലിസ്റ്റ് നീളുന്നു. സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിലും ഒട്ടും കുറവില്ല. ആറ് എയർ ബാഗുകൾ, ഹിൽ-ഡിസന്റ് കൺട്രോൾ, ABS + EBD, ഹിൽ-ഹോൾഡ് അസിസ്റ്റുമായി വരുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), റിയർ വ്യൂ ക്യാമറ തുടങ്ങിയവ വാഹനത്തിൽ വരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ ഡ്രൈവിംഗ് താൻ ഡ്രൈവിംഗ് പഠിച്ചിരുന്നു എന്ന് മമിത പറഞ്ഞിട്ടുണ്ട്. അച്ഛൻ ഡോ. ബൈജു തന്നെയാണ് താരത്തിന്റെ ആദ്യ ഗുരു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഡ്രൈവിംഗ് പഠനവും ആരംഭിച്ചിരുന്നു, അതിനാൽ ലൈസൻസ് കൈക്കലാക്കാനായി 18 വയസ് തികയേണ്ട താമസമേ താരത്തിന് ഉണ്ടായിരുന്നുള്ളൂ എന്ന് പറയാം.
ആദ്യമായി ഡ്രൈവിംഗ് പഠിച്ച് തുടങ്ങിയത് വാഗൺആർ ടോൾ ബോയ് ഹാച്ച്ബാക്കിലാണെങ്കിലും മമിതയ്ക്ക് പ്രിയം എസ്‌യുവികളോടാണ്. സീറ്റിംഗ്, റോഡ് വ്യൂ, കൊണ്ടു നടക്കാനുള്ള സൗകര്യം എന്നിവ കാരമാണ് കോംപാക്ട് എസ്‌യുവികളോട് താൽപര്യം. എന്നിരുന്നാലും മറ്റ് വാഹനങ്ങളും ഇടയ്ക്ക് ഓടിച്ചു നോക്കാറുണ്ട് എന്നും താരം പല സന്ദർഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഇനി ജിംനിയുമൊത്ത് അത്യാവശ്യം ഓഫ് റോഡ് അഡഞ്ചറാണോ മമിത പ്ലാൻ ചെയ്യുന്നത് എന്ന് കണ്ടറിയാം.


Click it and Unblock the Notifications








