340 കോടിയുടെ സ്വത്തില്‍ 100 കോടിക്ക് വാങ്ങിയത് കാറുകള്‍! മമ്മൂട്ടിയേക്കാള്‍ വലിയ വണ്ടിപ്രാന്തന്‍ വേറാരുണ്ട്
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 73-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അഞ്ച് പതിറ്റാണ്ടായി വെള്ളിത്തിരയില്‍ നിറഞ്ഞ് നില്‍ക്കുന്ന വിസ്മയ താരം വിവിധ ഭാഷകളിലായി 400-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞു. സമകാലീനരായ സൂപ്പര്‍ താരങ്ങള്‍ സ്റ്റാര്‍ഡം നോക്കി സിനിമകള്‍ ചെയ്യുമ്പോള്‍ തന്നിലെ നടനെ തേച്ച് മിനുക്കിയെടുക്കുന്ന തിരക്കിലാണ് മമ്മൂട്ടി. അതിന്റെ തെളിവാണ് ഇക്കഴിഞ്ഞ സംസ്ഥാന അവാര്‍ഡുകളില്‍ വരെ അദ്ദേഹം ഫൈനല്‍ റൗണ്ടില്‍ എത്തിയത്. സിനിമയാണ് തന്റെ ജീവിതമെന്നും അതില്ലെങ്കില്‍ താന്‍ ഇല്ലെന്നുമാണ് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുന്നത്. മലയാളത്തിന്റെ ബിഗ് 'M'-നെ കുറിച്ച് മലയാളികളോട് കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ലാത്തിനാല്‍ അധികം നീട്ടിക്കൊണ്ടു പോകുന്നില്ല.
സിനിമ കഴിഞ്ഞാല്‍ മമ്മൂക്കയുടെ അടുത്ത പാഷന്‍ വാഹനങ്ങളാണ്. വാഹനങ്ങളുടെ കാര്യത്തിലായാലും ഗാഡ്ജറ്റുകളുടെ കാര്യത്തിലായാലും ഇത്രയേറെ അപ്‌ഡേറ്റഡ് ആയ മറ്റൊരു നടന്‍ ഇല്ലെന്ന് സിനിമ രംഗത്ത് നിന്നുള്ളവര്‍ അടക്കം സാക്ഷ്യപ്പെടുത്താറുള്ളതാണ്. അദ്ദേഹത്തിന്റെ കാര്‍ ശേഖരം കണ്ടാല്‍ നമുക്ക് അത് മനസ്സിലാകുകയും ചെയ്യും. വിവിധ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മമ്മൂട്ടിയുടെ മൊത്തം ആസ്തി 340 കോടി രൂപയോളമാണ്. ഒരു സിനിമക്ക് 10 കോടി രൂപ വരെയാണ് അദ്ദേഹം പ്രതിഫലം വാങ്ങുന്നത്.

മമ്മൂട്ടിയുടെ പക്കലുള്ള കാറുകള്‍ക്ക് മാത്രം 100 കോടിയോളം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ മിക്ക കാറുകളുടെയും നമ്പര്‍ വരുന്നത് '369' ആണ്. സിനിമ മേഖലയിലെത്തുമ്പോള്‍ മമ്മൂട്ടിയുടെ സ്യൂട്‌കെയ്‌സിന്റെ നമ്പര്‍ ലോക്ക് ആയിരുന്നത്രേ 369. പിന്നീട് ഇത് മമ്മൂക്കയുടെ വാഹങ്ങളുടെ ഇഷ്ടപ്പെട്ട നമ്പരായി മാറി. മമ്മൂക്കയുടെ '369' ഗരാജിലെ വണ്ടികള്‍ക്ക് മാത്രമായി ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പേജുകള്‍ വരെയുണ്ട്.
ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, മിനി കൂപ്പര്‍ S, ബിഎംഡബ്ല്യു 5 സീരീസ്, E46 ബിഎംഡബ്ല്യു M3, മിത്സുബിഷി പജേറോ സ്‌പോര്‍ട്ട്, ഫോക്സ്‌വാഗണ്‍ പസാറ്റ്, ഔഡി A7 സ്‌പോര്‍ട്‌സ്ബാക്ക് എന്നിങ്ങനെ പോകുന്ന നീണ്ട വാഹന നിര അദ്ദേഹത്തിനുണ്ട്. ഈ ലേഖനത്തില്‍ മമ്മൂട്ടിയുടെ ഗരാജിലെ പ്രധാനപ്പെട്ട 5 കാറുകള്‍ പരിചയപ്പെടുത്താം.

മെര്‍സിഡീസ് AMG A45 S: മമ്മൂട്ടിയുടെ ഗരാജിലെ ഏറ്റവും പുതിയ അംഗമാണ് മാഗ്മ ഓറഞ്ച് ഷേഡിലുള്ള ഒരു പുതിയ മെര്‍സിഡീസ് ബെന്‍സ് AMG A45 S ഹോട്ട് ഹാച്ച്ബാക്ക്. ഒരു കാലത്ത് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്ന A-ക്ലാസ് ഹാച്ച്ബാക്കിന്റെ പെര്‍ഫോമന്‍സ് പതിപ്പാണിത്.
415 bhp പവറും 500 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു. 92.50 ലക്ഷം രൂപ മുതലാണ് ഈ ജര്‍മന്‍ കാറിന്റെ എക്‌സ്‌ഷോറൂം വില.
ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍: സിനിമ താരങ്ങളുടെ പ്രിയപ്പെട്ട ലക്ഷ്വറി എസ്‌യുവികളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. മോളിവുഡില്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കിയ ആദ്യ താരങ്ങളില്‍ ഒരാളാണ് മമ്മൂട്ടി. ബ്രിട്ടീഷ് ബ്രാന്‍ഡില്‍ നിന്നുള്ള ഈ എസ്‌യുവി മമ്മൂട്ടി ഓടിച്ച് പോകുന്ന ദൃശ്യങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അമ്മ യോഗത്തിനും മറ്റ് പൊതുപരിപാടികള്‍ക്കും പലപ്പോഴും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത് ഈ കാറിലാണ്.
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ മൂന്ന് ബോഡി സ്റ്റൈലുകളില്‍ ലഭ്യമാണ്. 90 (ഷോര്‍ട്ട് വീല്‍ബേസ്), 110 (സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ്), 130 (ലോംഗ് വീല്‍ബേസ്) എന്നിവയാണവ. 97 ലക്ഷം രൂപ മുതല്‍ 2.30 കോടി രൂപയാണ ഇതിന്റെ വില. ഡിഫെന്‍ഡര്‍ 110 നാല് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു.
2.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ലഭ്യമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും അനുയോജ്യമായ ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കാനാകും. പരുക്കന്‍ ലുക്കിന് പുറമെ ഡിഫെന്‍ഡര്‍ 110 എസ്‌യുവിയില്‍ അത്യാധുനിക ഫീച്ചറുകളും സാങ്കേതികവിദ്യയും സുഖസൗകര്യങ്ങളും പ്രദാനം ചെയ്യുന്നു.
മെര്‍സിഡീസ് ബെന്‍സ് G-ക്ലാസ്: 369 ഗരാജിലെ മറ്റൊരു കിടിലന്‍ എസ്‌യുവിയാണ് മെര്‍സിഡീസ് ബെന്‍സ് ജി-വാഗണ്‍. 2.55 കോടി മുതല്‍ 4 കോടി രൂപ വരെയാണ് ഈ കാറിന്റെ വില. ഉയര്‍ന്ന വിലയുള്ള ഈ കാര്‍ മികച്ച സ്റ്റിയറിംഗും വേഗതയും ബ്രേക്കിംഗും കാരണം മികച്ച ഡ്രൈവിംഗ് അനുഭവം സാധ്യമാക്കുന്നു. പരുക്കന്‍ റോഡുകളില്‍ കൂടി ഇത് വളരെ സുഖകരമായി ഓടിക്കാം.
3 ഡീസല്‍ വേരിയന്റിലും ഒരു പെട്രോള്‍ വേരിയന്റിലുമാണ് G-ക്ലാസ് ഇന്ത്യയില്‍ ഓഫര്‍ ചെയ്യുന്നത്. 4WD, AWD ഡ്രൈവ്‌ട്രെയിനുകളില്‍ ഇത് ലഭ്യമാണ്. മണിക്കൂറില്‍ 210 മുതല്‍ 220 കിലോമീറ്റര്‍ വരെയാണ് പരമാവധി വേഗത. ഇത് വെറും 5.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഇലക്ട്രിക് G-വാഗണ്‍ അടുത്ത വര്‍ഷം പുറത്തിറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
റേഞ്ച് റോവര്‍: മമ്മൂട്ടിയുടെ പക്കലുള്ള മറ്റൊരു കിടിലന്‍ കാറാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍. 1.64 കോടി രൂപ മുതല്‍ 1.84 കോടി രൂപ വരെ വിലയുള്ള കസ്റ്റമൈസ് ചെയ്യാവുന്ന വാഹനം മമ്മൂട്ടിയുടെ കളക്ഷനില്‍ മറ്റൊരു ആകര്‍ഷണമാണ്. കസ്റ്റമൈസേഷനുകള്‍ അടക്കം ഏകദേശം 3.5 കോടി രൂപയിലധികം താരം ഈ കാറിനായി ചെലവഴിച്ചതായാണ് വിവരം.

മമ്മൂട്ടിയുടെ താല്പര്യപ്രകാരം ടാന്‍ നിറത്തിലുള്ള ഇന്റീയര്‍, ഹീറ്റഡ് & കൂള്‍ഡ് മസാജ് മുന്‍ സീറ്റുകള്‍, എക്‌സ്‌ക്യൂട്ടീവ് പിന്‍ സീറ്റുകള്‍ എന്നിവ ഇന്റീരിയറിലും 22 ഇഞ്ച് 9 സ്പ്ലിറ്റ് സ്‌പോക്ക് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എക്സ്റ്റീരിയറിലും അധികമായി ചേര്‍ത്തിട്ടുണ്ട്. 335 bhp പവറും 740 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.4 ലീറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.
ജാഗ്വാര്‍ F-ടൈപ്പ്: ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാറിന്റെ 2 സീറ്റര്‍ കാറായ F-ടൈപ്പും മമ്മൂട്ടിയുടെ പക്കലുണ്ട്. ഇക്കഴിഞ്ഞ ജൂണില്‍ 75 സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിക്കി F-ടൈപ്പിന്റെ നിര്‍മാണം കമ്പനി അവസാനിപ്പിച്ചിരുന്നു. 2.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഫീച്ചര്‍ ചെയ്യുന്ന ഈ മോഡല്‍ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായും. നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കാന്‍ വെറും 5.9 സെക്കന്‍ഡ് സമയം മതി.


Click it and Unblock the Notifications








