ദുല്‍ഖറിന്റെ പോര്‍ഷ ഓടിച്ച് മമ്മൂട്ടി, വീഡിയോ വൈറല്‍
സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കാറുകളോടുള്ള കമ്പം മലയാളിക്ക് ഏറെ സുപരിചിതമാണ്. മകന്‍ ദുല്‍ഖറും ഇക്കാര്യത്തില്‍ മോശക്കാരനല്ല. ഇന്ത്യയില്‍ പുറത്തിറങ്ങിയിട്ടുള്ള കരുത്തന്‍ കാറുകളില്‍ ഒട്ടുമിക്കവയും ഇവരുടെ ഗരാജില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട്. ബാപ്പയുടെയും മകന്റെയും ഗരാജില്‍ വാഹന പ്രേമികളെന്നും കണ്ണും നട്ടിരിക്കാന്‍ കാരണവുമിതു തന്നെ.

ഇപ്പോഴിതാ പുത്തന്‍ പോര്‍ഷ പനാമേര ടര്‍ബ്ബോ ഓടിച്ചു പോകുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി മീറ്റിംഗ് കഴിഞ്ഞു പുറത്തിറങ്ങുന്ന മമ്മൂട്ടിയാണ് ദൃശ്യങ്ങളില്‍.

കഴിഞ്ഞ ജനുവരിയില്‍ ദുല്‍ഖര്‍ സ്വന്തമാക്കിയ പോര്‍ഷ പനാമേര ടര്‍ബ്ബോയാണ് മമ്മൂട്ടി ഓടിച്ചു പോകുന്നത്. കഴിഞ്ഞ വര്‍ഷം ജനീവ മോട്ടോര്‍ ഷോയില്‍ പോര്‍ഷ അവതരിപ്പിച്ച ഏറ്റവും പുതിയ പനാമേരയാണിത്. പുതിയ പനാമേര ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ ദുല്‍ഖര്‍ കാര്‍ സ്വന്തമാക്കുകയായിരുന്നു.

പനാമേര, പനാമേര ഇ-ഹൈബ്രിഡ്, പനാമേര ടര്‍ബ്ബോ എന്നിങ്ങനെ മൂന്നു പതിപ്പുകള്‍ രാജ്യാന്തര വിപണികളില്‍ പനാമേരയ്ക്കുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇ ഹൈബ്രിഡ്, ടര്‍ബ്ബോ പതിപ്പുകള്‍ മാത്രമെ പനാമേര ലഭ്യമാവുകയുള്ളു.

സ്റ്റാന്‍ഡേര്‍ഡ്, എക്‌സിക്യുട്ടീവ്, ടൂറിസ്‌മോ എന്നീ മൂന്നു വകഭേദങ്ങള്‍ കാറില്‍ തെരഞ്ഞെടുക്കാം. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ പുത്തന്‍ എംഎസ്ബി അടിത്തറ ഉപയോഗപ്പെടുത്തുന്ന പോര്‍ഷ പനാമേരയില്‍ എഞ്ചിന്‍ മുന്‍ഭാഗത്താണ്. എഞ്ചിന്‍ കരുത്തെത്തുക പിന്‍ ചക്രങ്ങളിലേക്കും.

4.0 ലിറ്റര്‍ V8 എഞ്ചിനാണ് പനാമേര ടര്‍ബ്ബോയുടെ ഹൃദയം. എഞ്ചിന് 543 bhp കരുത്തും 77 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. കമ്പനിയുടെ ഏറ്റവും പുതിയ എട്ടു സ്പീഡ് പിഡികെ ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്തെ പിന്‍ ചക്രങ്ങള്‍ക്ക് ലഭിക്കുക.

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കാറിന് 3.8 സെക്കന്‍ഡുകള്‍ മതി. ഓപ്ഷനല്‍ സ്‌പോര്‍ട് ക്രോണോ പാക്കേജ് തെരഞ്ഞെടുത്താല്‍ 3.6 സെക്കന്‍ഡുകള്‍ കൊണ്ടു പനാമേര ടര്‍ബ്ബോ നൂറു കിലോമീറ്റര്‍ വേഗം പിന്നിടും.
മണിക്കൂറില്‍ 306 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ കാറിന് കഴിയും. ഇന്ത്യയില്‍ 2.03 കോടി രൂപയാണ് പോര്‍ഷ പനാമേര ടര്‍ബ്ബോയുടെ എക്‌സ്‌ഷോറൂം വില. പനാമേര ടര്‍ബ്ബോയ്ക്ക് പുറമെ ബിഎംഡബ്ല്യു E46 M3, പോളോ ജിടിഐ, ട്രയംഫ് ബോണവില്‍, ബിഎംഡബ്ല്യു R1200 GS എന്നിങ്ങനെ നീളുന്ന വമ്പന്‍ താരങ്ങള്‍ ദുല്‍ഖറിന്റെ ഗരാജില്‍ കിടപ്പുണ്ട്.

മമ്മൂട്ടിയുടെ കാര്യമെടുത്താല്‍ ഇതാദ്യമായല്ല പോര്‍ഷ ഓടിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. ചുവന്ന നിറത്തിലുള്ള കയെനാണ് മമ്മൂട്ടിയുടെ ഇഷ്ട പോര്‍ഷ. മെര്‍സിഡീസ് ബെന്‍സ് SLS AMG, പോര്‍ഷ 911 കറേറ എസ്, ടൊയോട്ട സുപ്ര, മെര്‍സിഡീസ് ബെന്‍സ് എസ്-ക്ലാസ് പോലുള്ള വമ്പന്‍ കാറുകളുണ്ട് മമ്മൂട്ടിയുടെ ഗരാജില്‍.
Source: YouTube


Click it and Unblock the Notifications








