53 ലക്ഷത്തിൻ്റെ പുതിയ കാർ ബുക്ക് ചെയ്ത് മമ്മൂക്ക, മെഗാസ്റ്റാറിനൊപ്പം കാർ വാങ്ങാൻ മറ്റൊരു ഫാൻബോയ് നടനും
വാഹനപ്രേമികൾ ഏറെ കാത്തിരുന്ന ഫോക്സ്‌വാഗണിൻ്റെ ചുറുചുറുക്കുളള മോഡലാണ് ഗോൾഫ് GTI. ലോഞ്ച് ചെയ്തതിന് ശേഷം പെർഫോമൻസിൻ്റെ രാജാവായ ഈ ഗോൾഫ് ആരായിരിക്കും ആദ്യം കേരളത്തിൽ എത്തിക്കുന്നതെന്ന് അറിയാൻ നിങ്ങളെ പോലെ ഞങ്ങൾക്കും ഏറെ ആകാംക്ഷയുണ്ട്. വ്യവസായ പ്രമുഖരോ, മറ്റ് കോടീശ്വരൻമാരോ ആരുടെ കൈയിലൂടെ ആയിരിക്കും കേരളത്തിലേക്ക് എത്തുക എന്ന ആകാംക്ഷ വാഹനപ്രേമികൾക്കിടയിൽ നിലനിന്നിരുന്നു. ആകാംക്ഷകൾക്ക് വിരമാമമിട്ട് കൊണ്ട് ഈ വണ്ടികൾ എത്തിയിരിക്കുന്നത് മോളിവുഡ് താരങ്ങളുടെ കൈകളിലേക്കാണ്. ഒന്ന് സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടിയും മറ്റൊന്ന് ഫാൻബോയ് നടനും ഓഫ്റോഡ് വാഹനങ്ങളോട് ഏറെ കമ്പമുളള ജോജു ജോർജുമാണ്.
മമ്മൂക്കയുടെ ഗാരേജിനെ സംബന്ധിച്ചിടത്തോളം ഏതൊക്കെ വാഹനങ്ങളുണ്ടെന്ന് കേരളത്തിലെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം. 369 എന്ന നമ്പർപ്രേറ്റ് കണ്ടാൽ നോക്കാത്ത ഒരു മലയാളി പോലുമില്ല. പ്രായം ഇപ്പോഴും റിവേഴ്സ് ഗിയറിൽ തന്നെയുളള മെഗാസ്റ്റാറിന് ഓരോ ദിവസം ചെല്ലുന്തോറും വാഹനങ്ങളോടുളള കമ്പം കൂടുന്നതായിട്ടാണ് തോന്നുന്നത്. ജോജുവിൻ്റെ കാര്യവും വ്യത്യസ്തമല്ല. ജോജുവിൻ്റെ വാഹന കമ്പം മനസിലാകാൻ അദ്ദേഹം തന്നെ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച പണി എന്ന് സിനിമ കണ്ടാൽ മതി.

ചിത്രത്തിൽ കാണിക്കുന്ന പല വാഹനങ്ങളും ജോജുവിൻ്റെ തന്നെ ഉടമസ്ഥതിലുളളതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ അദ്ദേഹം മികച്ച ഒരു ഓഫ്റോഡ് പ്രേമി കൂടിയാണ്. മോളിവുഡിൽ ജീപ്പ് വ്റാംഗ്ലർ ഉളള നടനും അദ്ദേഹമാണ്. അതോടൊപ്പം തന്നെ ഓഫ്റോഡിൻ്റെ രാജാവായ ഡിഫൻഡറും ജോജുവിൻ്റെ ഗാരേജിലുണ്ട്. പല ഓഫ്റോഡ് പരിപാടികളിലും ജോജു പങ്കെടുക്കാറുമുണ്ട്.
സ്പീഡിനെ ഇഷ്ടപ്പെടുന്ന രണ്ട് നടൻമാരും പെർഫോമൻസിന് മുൻതൂക്കം നൽകുന്ന ഈ വാഹനം സ്വന്തമാക്കുന്നതിൽ അതിശയമില്ല. വാഹനത്തിൻ്റെ പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 265 bhp പവറിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐക്ക് തുടിപ്പേകുന്നത്.

ബ്രാൻഡിൻ്റെ ഈ പായും പുലിക്ക് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.9 സെക്കൻഡുകൾ മതി. അതേസമയം പരമാവധി വേഗം 250 കിലോമീറ്ററായി ഫോക്‌സ്‌വാഗൺ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് ഫോക്സ്‌വാഗൺ വാഹനത്തിൻ്റെ വില പ്രഖ്യാപിച്ചത്. 53 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ എന്ന ഹാച്ച്ബാക്ക് മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് (CBU) റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് കാറിന് ഇത്രയും ഉയർന്ന തുക മുടക്കേണ്ടതായി വരുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണല്ലോ. ഗോൾഫ് ജിടിഐ Mk 8.5 എന്നാണ് മോഡലിന്റെ ഔദ്യോഗിക നാമം.തുടക്കത്തിൽ 150 യൂണിറ്റുകളാണ് എത്തിക്കുന്നത്, എന്നാൽ ഡിമാൻ്റ് ഉയർന്നത് കൊണ്ട് തന്നെ അടുത്ത 100 യൂണിറ്റ് കൂടി എത്തിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

പെർഫോമൻസ് കൂടുന്തോറും വാഹത്തിൻ്റെ സേഫ്റ്റിയും കൂടുമെന്ന കാര്യത്തിൽ സംശയിക്കേണ്ട. ബിൽഡ് ക്വാളിറ്റിയിൽ മികച്ചതായി നിൽക്കുന്ന ഗോൾഫിൽ 7 എയർബാഗുകൾ, റിയർ-വ്യൂ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ആങ്കറുകൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-ചേഞ്ച് അസിസ്റ്റ്, റിയർ ട്രാഫിക് അലേർട്ട് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS എന്നിവയെല്ലാം ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








