പുകവലിച്ച് വണ്ടിയോടിക്കുന്നതും അപകടകരം!
വലിക്കുന്നവരെ സംബന്ധിച്ചുള്ള ഏറ്റവും വലിയ പ്രശ്‌നം ശാരീരിക ആരോഗ്യവുമായി ബന്ധപ്പെട്ടുള്ളതല്ല. നമ്മുടെ നാട്ടിലെ ഉപദേശികള്‍ പൊതുവില്‍ ടാര്‍ഗറ്റ് ചെയ്യുന്ന ഒരുകൂട്ടരാണിവര്‍. ബന്ധുക്കള്‍, അധ്യാപകര്‍, പള്ളീലച്ചന്മാര്‍ തുടങ്ങിയവരുടെയെല്ലാം ഉപദേശത്തില്‍ നിന്ന് രക്ഷപെടാനായി ഒരു സിനിമയ്ക്ക് പോകാമെന്നു വെച്ചാല്‍ അവിടെ ശ്വാസകോശം വരെ പിഴിഞ്ഞെടുത്തുള്ള ഉപദേശം! ഇതെല്ലാം ചേര്‍ന്ന് പുകവലിക്കാരെ 'സെക്കോസിസിന്റെ കടുത്ത വകഭേദങ്ങള്‍' ബാധിച്ചവരാക്കുന്നു.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സംഗതി ചില അപകടങ്ങളൊക്കെ വരുത്തിവെക്കുമെന്നത് നമ്മള്‍ സമ്മതിക്കണം. പ്രത്യേകിച്ച് വണ്ടിയോടിക്കുമ്പോള്‍ പുകവലിക്കുന്നത്! വിശ്വാസമാകുന്നില്ലെങ്കില്‍ അമേരിക്കയില്‍ നടന്ന ഒരു സംഭവം (നാട്ടിലെ സംഭവത്തിലൊന്നും നമുക്കത്ര വിശ്വാസം പോരല്ലോ? യേത്?) പറയാം.

യുഎസ്സിലെ കോളറാഡോയില്‍ ഒരു സായിപ്പ് പുകവലിച്ചുകൊണ്ട് വാനോടിക്കുകയാരുന്നു. മുന്‍ കാബിനില്‍ സായിപ്പിന്റെ കൂടെ മറ്റൊരു സായിപ്പും ഇരിപ്പുണ്ടായിരുന്നു. ഡ്രൈവ് ചെയ്യുന്ന സായിപ്പിന്റെ സിഗരറ്റിന്റെ തുമ്പത്തുനിന്ന് ഒരു തുള്ളി തീ അദ്ദേഹത്തിന്റെ ജാക്കറ്റിനുള്ളിലേക്കു വീണു. സംഗതി കൈവിട്ടുപോയി.
പുകവലിക്കുന്നവരുടെ മുഖത്ത് എപ്പോഴും ഹീറോയിസം നിറഞ്ഞുകിടക്കുമെങ്കിലും ഷര്‍ട്ടിനുള്ളിലേക്ക് തീ വീണാല്‍ അവര്‍ക്ക് വലിയ പേടിയാണ്. അതുതന്നെ ഇവിടെയും സംഭവിച്ചു. സായിപ്പ് പേടിച്ചു. വാന്‍ കുത്തനെയുള്ള കയറ്റം കയറിക്കൊണ്ടിരിക്കുകയാണ്. സായിപ്പ് ജാക്കറ്റിനുള്ളിലെ സിഗരറ്റ് തീ തട്ടിക്കളയാനായി, കൂടെ യാത്ര ചെയ്യുന്ന സായിപ്പിനെ ശശിയാക്കിക്കൊണ്ട് വാനിന്റെ പുറത്തേക്ക് ചാടി!
ഡ്രൈവറെടുത്ത കടുത്ത തീരുമാനം മനസ്സിലാക്കാന്‍ കഴിയാത്ത വാനും ചില കടുത്ത തീരുമാനങ്ങളെടുത്തു. കയറ്റത്തോടുന്ന വാനിന്റെ മുന്‍വശം ഒരല്‍പം പൊങ്ങുകയും പിന്‍വീല്‍ തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. സഹയാത്രികന് നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുന്നതിനു മുമ്പേ വാന്‍ പിന്നിലേക്ക് മലക്കം മറിഞ്ഞു!
ജാക്കറ്റിലെ തീ തട്ടിക്കളഞ്ഞ് അടുത്ത സിഗരറ്റിന് തീക്കൊളുത്താം എന്ന പദ്ധതിയുമായി എടുത്തുചാടിയ ഡ്രൈവറുടെ മണ്ടയിലേക്കാണ് വാന്‍ മലക്കം മറിഞ്ഞു വീണത്.
സംഗതി ഇനിയൊരല്‍പം സീരിയസ്സാണ്. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്.
ഇനി, ജീവിക്കണമെന്നാഗ്രഹമുണ്ടോ എന്നറിയാന്‍ ചോദിക്കുവാ. പുകവലി നിറുത്താന്‍ പറ്റുമോ? ഇല്ലല്ലേ....?!!


Click it and Unblock the Notifications








