മെട്രോ യാത്ര ഒരു നേട്ടമാക്കി മാറ്റിയാലോ? ഈ യുവാവ് സ്ഥാപിച്ച റെക്കോഡാണിപ്പോള്‍ സംസാരവിഷയം
ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനായി ഇന്ന് പലരും പല രീതിയിലുള്ള അഭ്യാസങ്ങളും ചെയ്യുന്നു. എന്നാല്‍ ഡല്‍ഹി സ്വദേശിയായ ഒരു യുവാവ് സൃഷ്ടിച്ച റെക്കോഡാണിപ്പോള്‍ നാട്ടില്‍ ചര്‍ച്ചയാകുന്നത്. 15 മണിക്കൂര്‍ കൊണ്ട് 286 മെട്രോ സ്റ്റേഷനുകള്‍ താണ്ടിയാണ് ഡല്‍ഹി സ്വദേശിയായ യുവാവ് ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചത്.
2021-ലായിരുന്നു റെക്കോഡ് നേട്ടം. എന്നാല്‍ ഇപ്പോള്‍ നേട്ടം അംഗീകരിക്കുകയും ഗിന്നസ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമായിരുന്നു. നമ്മുടെ സ്വന്തം കൊച്ചി മെട്രോ 2017ലാണ് ഉദ്ഘാടനം ചെയ്തത്. എന്നിരുന്നാലും ഇന്നും മെട്രോ ട്രെയിനില്‍ കയറാന്‍ ഭാഗ്യം ലഭിക്കാത്തവര്‍ ഉണ്ടാകും. എന്നാല്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഏറ്റവും പ്രധാനപ്പെട്ട യാത്ര മാര്‍ഗമാണ് മെട്രോ. അതിനാല്‍ തന്നെ ഓരോ ദിവസവും ആയിരക്കണക്കിനാളുകളാണ് മെട്രോയില്‍ യാത്ര ചെയ്യുന്നത്.

ഡല്‍ഹി സ്വദേശിയായ ശശാങ്ക് മനു എന്ന യുവാവും ഡല്‍ഹി മെട്രോയില സ്ഥിരം യാത്രക്കാരനായിരുന്നു. തന്റെ ജോലി ആവശ്യാര്‍ത്ഥം എല്ലാ ദിവസവും അദ്ദേഹം മെട്രോയില്‍ യാത്ര ചെയ്യുമായിരുന്നു. തന്റെ ഈ സ്ഥിരം മെട്രോ യാത്ര എന്തുകൊണ്ട് ഒരു നേട്ടമാക്കി മാറ്റിക്കൂട എന്ന ചിന്ത മനുവില്‍ ഉദിച്ചത് പെട്ടെന്നാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മെട്രോ സ്റ്റേഷനുകള്‍ താണ്ടിയെന്ന നേട്ടമാണ് അപ്പോള്‍ മനസ്സില്‍ തെളിഞ്ഞത്.
70-ലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള മനു 2021-ലാണ് റെക്കോഡ് ശ്രമം നടത്തിയത്. എന്നാല്‍ അംഗീകാരം ലഭിച്ചത് ഈ വര്‍ഷം മാത്രമാണ്. അതേ കൊല്ലം തന്നെ ഡല്‍ഹി മെട്രോയിലെ റെവന്യൂ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പ്രഫുല്ല സിംഗും 16 മണിക്കൂര്‍ 2 മിനിറ്റ് കൊണ്ട് എല്ലാ സ്‌റ്റേഷനുകളും ചുറ്റി നേട്ടം സ്വന്തമാക്കിയിരുന്നു. ഗിന്നസ് റെക്കോര്‍ഡ് കമ്മിറ്റിയുമായി ഏറെ മാസങ്ങള്‍ ചര്‍ച്ച നടത്തിയ ശേഷമാണ് മനുവിന് നേട്ടത്തില്‍ അവകാശവാദം ഉന്നയിക്കാനായത്.

കോവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുന്ന സമയത്തായിരുന്നു റെക്കോഡിനുള്ള ശ്രമം. അതിനാല്‍ തന്നെ നിരവധി നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ അധികൃതര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കിടയിലും നേട്ടം എത്തിപ്പിടിക്കാന്‍ മനുവിനായി. ഫ്രീലാന്‍സ് ഗവേഷകനായ മനു ഇതിനായി വണ്‍-ഡേ ടൂറിസ്റ്റ് കാര്‍ഡാണ് ഉപയോഗിച്ചത്. ഈ കാര്‍ഡ് വാങ്ങിയാല്‍ ഒരാള്‍ക്ക് ഡല്‍ഹി മെട്രോയില്‍ ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യാം.
പുലര്‍ച്ചെ അഞ്ച് മണിക്ക് ഡല്‍ഹി മെട്രോയിലെ ബ്ലൂ ലൈനില്‍ നിന്നാണ് യാത്ര തുടങ്ങിയത്. രാത്രി കൃത്യം 8:30-ന് ബ്രിഗേഡിയര്‍ ഹോഷിയാര്‍ സിംഗ് സ്റ്റേഷനില്‍ അദ്ദേഹം യാത്ര അവസാനിപ്പിച്ചു. ടൂറിസ്റ്റ് കാര്‍ഡ് കൈവശമുള്ളതിനാല്‍ അന്ന് ഒരു ദിവസം കൊണ്ട് 348 കിലോമീറ്റര്‍ ദൂരമാണ് അദ്ദേഹം സഞ്ചരിച്ചത്. യാത്രാമധ്യേ 286 മെട്രോ സ്റ്റേഷനുകള്‍ അദ്ദേഹം കടന്നു.
അതായത് 15 മണിക്കൂര്‍ 22 മിനിറ്റ് 49 സെക്കന്‍ഡില്‍ എല്ലാ സ്റ്റേഷനുകളും താണ്ടി. 2021-ലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. താന്‍ ഓരോ സ്‌റ്റേഷനില്‍ എത്തുമ്പോഴും അതിന്റെയെല്ലാം ഫോട്ടോ എടുത്തുവെന്ന് ഉറപ്പ് വരുത്തി. ഒപ്പം യാത്രയുടെ അണ്‍കട്ട് വീഡിയോയും ചിത്രീകരിച്ചു. തെളിവിനായി സഹയാത്രകരെ കൊണ്ട് ഒപ്പ് വാങ്ങുകയും ചെയ്തു. മനുവിന്റെ യാത്രയിലുടനീളം നിക്ഷ്പക്ഷരായ രണ്ട് സാക്ഷികളും ഒപ്പമുണ്ടായിരുന്നു.
കോവിഡ് ചട്ടങ്ങള്‍ പാലിച്ചായിരുന്നു റെക്കോഡ് ശ്രമം. മെട്രോ ട്രെയിനിന്റെ ഡോര്‍ തുറക്കുകയും അടക്കുകയും ചെയ്യുന്ന സമയം വരെ മനു രേഖപ്പെടുത്തി വെച്ചു. ഇക്കഴിഞ്ഞ ഏപ്രിലില്‍ റെക്കോഡിന് അംഗീകാരം ലഭിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസമാണ് കൈയ്യില്‍ കിട്ടിയത്. ലോകത്തിലെ തന്നെ മികച്ച മെട്രോകളില്‍ ഒന്നായ ഡല്‍ഹി മെട്രോയിലേക്ക് കൂടുതല്‍ ശ്രദ്ധ കൊണ്ടുവരികയെന്ന ആശയം കൂടി മനുവിന്റെ റെക്കോഡ് ശ്രമത്തിനുണ്ടായിരുന്നു.
മെട്രോ യാത്രയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും അദ്ദേഹത്തിന് ലക്ഷ്യമുണ്ടായിരുന്നു. ലോക സഞ്ചാരി കൂടിയായ മനുവിന് ഇത് കൂടാതെ മറ്റ് ചില റെക്കോഡ് നേട്ടങ്ങളുമുണ്ട്. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ചതിന്റെയും ഒരു മാസത്തിനിടെ ഏറ്റവും കൂടുതല്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചതിന്റെയും റെക്കോഡ് സ്വന്തം പേരിലാണ്.


Click it and Unblock the Notifications








