14 കാറുകള്‍ ആസിഡ് ഒഴിച്ച് നശിപ്പിച്ച് അപാര്‍ട്‌മെന്റ് ജീവനക്കാരന്‍; കാരണമറിഞ്ഞാല്‍ ഞെട്ടും...
ഇന്നത്തെ കാലത്ത് ശാസ്ത്രവും സാങ്കേതികവിദ്യയും വളരെ പുരോഗമിച്ചതിനാല്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കാനും അവ പുറത്ത് വരാനും എളുപ്പമാണ്. പല രീതിയിലുള്ള കുറ്റകൃത്യങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ശരവേഗമാണ് സോഷ്യല്‍ മീഡിയയിലൂടെ പടരുന്നത്. ഒരു യുവാവ് അപാര്‍ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്ത കാറുകളും എസ്‌യുവികളും ആസിഡ് ഒഴിച്ച് കത്തിക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
പല ആള്‍ക്കാരുടെയും ജീവിതത്തിലെ ലക്ഷ്യങ്ങളില്‍ ഒന്നായിരിക്കും സ്വന്തമായി ഒരു കാര്‍. ആ ലക്ഷ്യം നേടിക്കഴിഞ്ഞാല്‍ അതിനെ സ്വന്തം കുഞ്ഞുങ്ങളെ പോലെ പൊന്നുപോലെ നോക്കും. വണ്ടിക്ക് ഒരു ചെറിയ പോറല്‍ പോലും വീഴുന്നത് അവര്‍ക്ക് സഹിക്കാന്‍ പറ്റില്ല. ഇന്ന് പല നഗരങ്ങളിലെയം ജീവിതരീതികള്‍ ആകെ മാറിയിട്ടുണ്ട്. വീടുകള്‍ക്ക് പകരം വന്‍നഗരങ്ങളില്‍ അപാര്‍ടുമെന്റുകളിലേക്ക് ആളുകള്‍ കുടിയേറുന്നു.

ഒരു അപാര്‍ട്‌മെന്റിലെ താമസക്കാരുടെ വാഹനങ്ങള്‍ എല്ലാം അതിന്റെ താഴെ ബേസ്‌മെന്റിലായിരിക്കും പാര്‍ക്കിംഗ് സൗകര്യം ഒരുക്കുക. എന്നാല്‍ അപാര്‍ട്‌മെന്റുകളില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ അല്‍പ്പം കൂടി ശ്രദ്ധ ചെലുത്തുന്നത് നന്നാകുമെന്നാണ് സമീപകാലത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം നോയിഡ സെക്ടര്‍ 75-ല്‍ നടന്ന ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ ഒരാള്‍ ഒരു അപ്പാര്‍ട്ട്മെന്റിലെ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ ആസിഡ് ഒഴിച്ച് നശിപ്പിച്ച സംഭവം കാണാം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി കാറുകളില്‍ ബോധപൂര്‍വ്വം ആസിഡ് ഒഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവം നടന്ന മാക്‌സ്ബ്ലിസ് വൈറ്റ് ഹൗസ് സൈാസൈറ്റിയില കാര്‍ ക്ലീനറായിരുന്നു രാംരാജ്. അവന്റെ സേവനത്തില്‍ ചിലര്‍ അസംതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ അവനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 25 കാരനായ രാംരാജിന് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അരിശം മൂത്തു.

പ്രകോപിതനായ അവന്‍ പുറത്ത് നിന്ന് ആസിഡ് കുപ്പി വാങ്ങി പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിന് മേല്‍ ഒഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബുധനാഴ്ച രാവിലെ 9:15 നായിരുന്നു സംഭവം. സംഭവം ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ ആരാണ് ഈ പ്രവര്‍ത്തി ചെയ്തതെന്നറിയാതെ അപാര്‍ട്‌മെന്റ് നിവാസികള്‍ കുഴങ്ങി.
ശേഷം സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ സിസിടിവി ക്യാമറ പരിശോധിക്കാന്‍ അവര്‍ തീരുമാനിച്ചു. പിന്നീട് അവിടെയുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാര്‍ ക്ലീനറായി ജോലി ചെയ്തിരുന്ന രാം രാജ് ആണ് കൃത്യം നിര്‍വഹിച്ചതെന്ന് മനസ്സിലായത്. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ രാംരാജിനെ അറസ്റ്റ് ചെയ്തു.

'പ്രതി രാംരാജ് സൊസൈറ്റിയില്‍ കാര്‍ ക്ലീനറായി ജോലി ചെയ്തിരുന്നു. അവന്റെ സേവനത്തിലും ജോലിയുടെ ജോലിയുടെ ഗുണനിലവാരത്തിലും സൊസൈറ്റിയിലെ ചില താമസക്കാര്‍ തൃപ്തരല്ലാത്തതിനാല്‍ അവര്‍ അവനെ ഒഴിവാക്കാന്‍ തീരുമാനിച്ചു. എന്നിരുന്നാലും, ബുധനാഴ്ച സൊസൈറ്റിയിലെത്തി പത്തോളം കാറുകള്‍ക്ക് ആസിഡ് ഒഴിച്ച് കേടുവരുത്തി' നോയിഡ സെക്ടര്‍ 113 പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ജിതേന്ദ്ര സിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സംഭവത്തിന് ശേഷം ഇയാള്‍ പ്രദേശത്ത് നിന്ന് മുങ്ങിയിരുന്നു. അപാര്‍ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രാംരാജിനെ പിന്നീട് അനുനയിപ്പിച്ച് കൊണ്ടുവന്നത്. ഇയാള്‍ക്ക് ആരാണ് ആസിഡ് നല്‍കിയതെന്നതടക്കമുള്ള വിഷയങ്ങള്‍ പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാംരാജ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
ഐപിസി സെക്ഷന്‍ 427 പ്രകാരമാണ് രാംരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് ജയിലിലേക്ക് അയച്ചു. കാറുകളുടെ ബോഡികള്‍ പലപ്പോഴും പ്ലാസ്റ്റിക് ഫൈബര്‍ മെറ്റീരിയലുകളാലാകും നിര്‍മ്മിച്ചിരിക്കുന്നത്. ആസിഡുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ അത് തുരുമ്പെടുക്കും. അതിനാല്‍ തന്നെ നിങ്ങളുടെ കാറിന് മേല്‍ ആസിഡ് പതിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഷാംപൂ അല്ലെങ്കില്‍ കാര്‍ വാഷ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വണ്ടി വൃത്തിയായി കഴുകി സൂക്ഷിക്കുക. ബോധപൂര്‍വ്വമായി ചില വ്യക്തികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ നമുക്ക് ഒഴിവാക്കാനാകില്ലെങ്കിലും കാര്‍ ഇടക്കിടെ ക്ലീന്‍ ചെയ്യുന്നത് നല്ലതായിരിക്കും.


Click it and Unblock the Notifications








