ആദ്യ സിനിമ 100 കോടി ക്ലബില്‍, ഇപ്പോള്‍ മൂന്നക്ക നമ്പറിന് മുടക്കിയത് 1.50 കോടി! ഈ മലയാളി ഒരു ബ്രാന്‍ഡാണ്
മലയാള സിനിമയില്‍ നിരവധി നിര്‍മാണ കമ്പനികളുണ്ട്. അവയുടെ അമരക്കാരായ പലരുടെ പേരുകളും നമുക്ക് സുപരിചിതമാണ്. വര്‍ഷങ്ങള്‍ കൊണ്ട് ഒത്തിരി പടങ്ങള്‍ നിര്‍മിച്ച് പേര് സമ്പാദിച്ചവരാണ് അവര്‍. എന്നാല്‍ ഒറ്റ സിനിമ കൊണ്ട് കേരളക്കരയില്‍ മാത്രമല്ല പാന്‍ ഇന്ത്യ ലെവലില്‍ പ്രശസ്തനായ ഒരു നിര്‍മാതാവുണ്ട്. പറഞ്ഞ് വരുന്നത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മാര്‍ക്കോ സിനിമയുടെ നിര്‍മാതാവായ ഷെരീഫ് മുഹമ്മദിനെ കുറിച്ചാണ്. ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് നിര്‍മിച്ച ആദ്യ സിനിമയായിരുന്നു ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും 'വയലന്റ്' പടം എന്ന ലേബലിലായിരുന്നു ഹനീഫ് അദേനി സിനിമ എത്തിയത്.
വയലന്‍സിന്റെ അതിപ്രസരമുണ്ടായിട്ടും കൃത്യമായ മാര്‍ക്കറ്റിംഗും പ്ലാനിംഗും നടപ്പാക്കിയ ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ് മാര്‍ക്കോ കേരളത്തില്‍ മാത്രമല്ല അങ്ങ് ഉത്തരേന്ത്യയില്‍ വരെ ഹിറ്റാക്കി. 100 കോടിയിലധികം രൂപയാണ് ചിത്രം ബോക്‌സ്ഓഫീസില്‍ നിന്ന് വാരിയത്. നിര്‍മിച്ച ആദ്യ സിനിമ തന്നെ വിതരണവും ചെയ്ത് ഷരീഫ് മുഹമ്മദും (Shareef Muhammed) ക്യൂബ്‌സും വ്യത്യസ്തത പുലര്‍ത്തി. മാത്രമല്ല സിനിമയുടെ നിര്‍മാണത്തിന്റെയും പ്രമോഷനിന്റെയും സമയത്ത് പ്രേക്ഷകരുടെ അഭിപ്രായങ്ങളും കമ്പനി മാനിച്ചത് വലിയ കൈയ്യടി നേടിക്കൊടുത്തു.

ഇന്ത്യ, ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളില്‍ ബിസിനസുകളുള്ള തൃശൂര്‍ തളിക്കുളം സ്വദേശി എളിയ നിലയില്‍ നിന്നാണ് ജീവിതം ആരംഭിച്ചത്. 2008-ല്‍ ദുബായിയില്‍ സെയില്‍സ് കോര്‍ഡിനേറ്ററായിട്ടാണ് കരിയര്‍ ആരംഭിച്ച ഷെരീഫ് പിന്നീട് ഖത്തറിലെ ഒരു എയര്‍പോര്‍ട്ട് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രൊക്യുര്‍മെന്റ് ഓഫിസറായി മാറി. ശേഷം വാഹന ലീസിങ് കമ്പനിയിലും ജോലി ചെയ്തതിന് പിന്നാലെയാണ് സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന ആഗ്രഹം മനസ്സിലുദിച്ചത്.
അതിന്റെ ഫലമായാണ് 2011-ല്‍ ഖത്തറില്‍ ക്യൂബ്‌സ് ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് പിറവിയെടുത്ത്. നിലവില്‍ സിനിമാ നിര്‍മാണാ കൂടാതെ ക്യൂബ്‌സ് ഇന്റര്‍നാഷനല്‍ ലോജിസ്റ്റിക്‌സ്, മീഡിയ പ്രൊഡക്ഷന്‍, ഷിപ്പിങ്, സിവില്‍, എംഇപി എഞ്ചിനീയറിങ്, ജനറല്‍ ട്രേഡിങ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്നു. ബിസിനസ് ചെയ്ത് പണമുണ്ടാക്കുന്ന ഷെരീഫ് അതിനൊപ്പം തന്റെ ഇഷ്ടങ്ങള്‍ക്കും വലിയ പ്രാധാന്യം കൊടുക്കാറുണ്ട്.
സ്റ്റാര്‍ നിര്‍മാതാവ് ഒരു മികച്ച വണ്ടിപ്രാന്തനാണെന്ന് മാര്‍ക്കോ കണ്ടവര്‍ക്ക് മനസ്സിലായിട്ടുണ്ടാകണം. ലക്ഷ്വറി കാറുകളുടെ അയ്യരു കളിയായിരുന്നു ചിത്രത്തില്‍. മാര്‍ക്കോയുടെ ചില ആക്ഷന്‍ സീക്വന്‍സുകള്‍ക്കായി തന്റെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വിട്ടുനല്‍കാന്‍ മനസ്സ് കാണിച്ച നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. ഇന്ത്യയിലും വിദേശത്തുമായി നിരവധി ആഡംബര വാഹനങ്ങളും ഷരീഫ് മുഹമ്മദിന് സ്വന്തമായുണ്ട്.
ഇപ്പോള്‍ കോടികള്‍ പൊടിച്ച് മൂന്നക്ക നമ്പര്‍പ്ലേറ്റ് സ്വന്തമാക്കിയാണ് ഷരീഫ് വീണ്ടും തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ സംഗതി കേരളത്തിലല്ല ദുബായിലാണെന്ന് മാത്രം. ദുബായ് S 529 എന്ന നമ്പറാണ് അദ്ദേഹം പൊന്നും വില കൊടുത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഷരീഫിന്റെ ബെന്റ്‌ലി ബെന്റ്‌യ്ഗയ്ക്ക് വേണ്ടിയാണ് ഈ നമ്പര്‍ ലഭിച്ചത്. മാര്‍ക്കോയുടെ പ്രമോഷന്‍ വേളയില്‍ ഇതുവരെ മൊത്തം 17 ലക്ഷ്വറി കാറുകള്‍ താന്‍ വാങ്ങിയിട്ടുണ്ടെന്ന് ഷരീഫ് ഒരു ഓണ്‍ലൈന്‍ മീഡിയയോട് പറഞ്ഞിരുന്നു.

അതില്‍ ഏറ്റവും വില കൂടിയ മോഡല്‍ ബെന്റ്‌ലി ബെന്റയ്ഗയാണ്. ഇത് കൂടാതെ ഒരു ഹമ്മര്‍ ഇവിയും ടെസ്‌ലയും വിദേശത്തുണ്ടെന്നാണ് ഷരീഫ് പറയുന്നത്. പിന്നെ നാട്ടില്‍ എല്ലാവര്‍ക്കും സുപരിചിതമായ ഒരു ഡിഫെന്‍ഡറുമാണ് ഇപ്പോള്‍ പ്രൊഡ്യൂസറുടെ ഗരാജിലുള്ളത്. ഇതില്‍ ഹമ്മര്‍ ഇവി കഴിഞ്ഞ വര്‍ഷമാണ് ഷരീഫ് വാങ്ങിയത്. ദുബായില്‍ നടന്ന ഹമ്മര്‍ ഇവിയുടെ ഡെലിവറിക്കായി ഉണ്ണി മുകുന്ദനും എത്തിയിരുന്നു.
ജനറല്‍ മോട്ടോര്‍സ് 2021 മുതല്‍ GMC ഹമ്മര്‍ ഇവി നിര്‍മ്മിക്കുന്നുണ്ട്. മലയാളികളടക്കം വിദേശത്ത് നിന്ന് ഇപ്പോള്‍ ഹമ്മര്‍ ഇവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഷെരീഫിന്റെ ഹമ്മര്‍ വിദേശത്താണുള്ളത്. ഗ്ലോബല്‍ മാര്‍ക്കറ്റില്‍ GMC ഹമ്മര്‍ ഇവി 2, 2X, 3X, എഡിഷന്‍ 1 എന്നിങ്ങനെ നാല് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു.

482 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചുള്ള ഇതിന് മൂന്ന് അള്‍ട്ടിയം ഡ്രൈവ് സംവിധാനമാണുള്ളത്, അതോടൊപ്പം 20 -മൊഡ്യൂള്‍ ഡബിള്‍-സ്റ്റാക്ക്ഡ് ബാറ്ററിയും വരുന്നു. 818 bhp പവറും 1591 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ഇവിക്ക് സാധിക്കും. ഹമ്മര്‍ ഇവി എസ്യുവി റോഡില്‍ മാത്രമല്ല ഓഫ് റോഡ് സാഹചര്യത്തിലും ബാലന്‍സ്ഡ് ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഏതായാലും ആദ്യ സിനിമയിലൂടെ തന്നെ താരമായ സ്റ്റാര്‍ പ്രൊഡ്യൂസര്‍ തന്റെ അടുത്ത പ്രൊജക്ടായ കാട്ടാളനിലൂടെയും മോളിവുഡിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ആന്റണി വര്‍ഗീസ് പെപ്പെ നായകനായി എത്തുന്ന സിനിമയില്‍ ഇന്ത്യയിലെ തന്നെ മുന്‍നിര ടെക്‌നീഷ്യന്‍സാണ് അണിനിരക്കുന്നത്. സിനിമ വലിയ വിജയമായി മാറട്ടെയെന്നും ഷെരീഫിന് നാട്ടിലും വിദേശത്തുമായി കൂടുതല്‍ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കട്ടെയെന്നും ആശംസിക്കുന്നു.


Click it and Unblock the Notifications








