എളിമയാണ് സാര്‍ ഇവരുടെ മെയിന്‍; ശതകോടീശ്വരന്‍മാരുടെ 'സിമ്പിള്‍' കാറുകള്‍
ശതകോടീശ്വരന്‍മാര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആഡംബരത്തിളക്കമായിരിക്കും നമ്മുടെ മനസ്സിലേക്ക് വരിക. ലോകത്തിലെ ശതകോടീശ്വരന്‍മാരുടെ ആഡംബര, സൂപ്പര്‍ കാറുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ധാരാളം കാണാം. എന്നാല്‍ ശതകോടീശ്വരന്‍മാരുടെ ചില സിമ്പിള്‍ കാറുകള്‍ പരിചയപ്പെടുത്തുകയാണ് ഞങ്ങള്‍ ഇന്ന്.

കോടീശ്വരന്‍മാരുടെ മുഖമുദ്രയാണ് ആഡംബരം എന്നത്. വളരെ ലളിത ജീവിതം നയിക്കുന്ന വളരെ ചുരുക്കം ചിലരെ മാത്രമെ നമുക്ക് കാണാനാകൂ. എന്നാല്‍ വിലകൂടിയ കാറുകള്‍ ഉപയോഗിച്ച് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഇഷ്ടപ്പെടാത്ത ചില ശതകോടീശ്വരന്മാരുണ്ട്. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഹോണ്ട ജാസ് മുതല്‍ ജെഫ് ബെസോസിന്റെ ഹോണ്ട അക്കോര്‍ഡ് വരെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

മാര്‍ക്ക് സുക്കര്‍ബര്‍ഗ്
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും സുപരിചിതമായ പേരാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍േറത്. അടുത്ത കാലത്തായി പല വിവാദങ്ങളിലും സുക്കര്‍ബര്‍ഗ് ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ അതല്ല നമ്മുടെ സംസാര വിഷയം. ലോകത്തിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയിലെ മുമ്പനായ സുക്കര്‍ബര്‍ഗ് വലിയ ആഡംബരം കാണിക്കാത്ത വ്യക്്തി കൂടിയാണ്.

ഇന്ത്യന്‍ വിപണിയില്‍ ജാസ് എന്ന പേരില്‍ വില്‍ക്കുന്ന ഹോണ്ട ഫിറ്റ് ആണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഓടിക്കുന്നത്. പുതു തലമുറ കാര്‍ പോലുമല്ല അദ്ദേഹത്തിന്റെ കൈവശമുള്ളത്. ഹോണ്ട ഫിറ്റ് കൂടാതെ അക്യുറ TSX ആണ് സുക്കര്‍ബര്‍ഗിന്റെ ഗാരേജിലുള്ളത്.

ആഡംബരമല്ല സുരക്ഷിതവും സൗകര്യവുമാണ് താന്‍ പരിഗണിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഫോക്സ്വാഗണ്‍ ജിടിഐയും പഗാനി ഹുയ്റയും സുക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

ജെഫ് ബെസോസ്
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളില്‍ ഒരാളാണ് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ്. 19,140 കോടി യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

എന്നാല്‍ 1997-ല്‍ വാങ്ങിയ ഒരു ഹോണ്ട അക്കോര്‍ഡാണ് അദ്ദേഹം ഓടിക്കുന്നത്. അതിന് മുമ്പ് 1987 മോഡല്‍ ഷെവര്‍ലെ ബ്ലേസറായിരുന്നു വാഹനം.

വാറന്‍ ബഫറ്റ്
ബെര്‍ക്ക്ഷയര്‍ ഹാത്ത്വേയുടെ ചെയര്‍മാനും സിഇഒയുമായ വാറന്‍ ബഫറ്റ് വാള്‍സ്ട്രീറ്റില്‍ നിന്ന് കോടിക്കണക്കിന് ഡോളറാണ് വാരിയത്. എങ്കിലും അദ്ദേഹം വളരെ ലളിത ജീവിതമാണ് നയിക്കുന്നത്. പ്രാതലിനായി ബഫറ്റ് 3.17 ഡോളറില്‍ കൂടുതല്‍ ചെലവിടാറില്ല.

1958-ല്‍ 31,500 ഡോളര്‍ ചെലവിട്ട് വാങ്ങിയ അതേ വീട്ടിലാണ് അദ്ദേഹം ഇപ്പോഴും താമസിക്കുന്നത്. എന്നാല്‍ ആ വീടിന്റെ ഇപ്പോഴത്തെ മൂല്യം 2,60,000 ഡോളര്‍ വരും. ആഡംബര കാര്‍ വാങ്ങാന്‍ ശേഷിയുള്ള ബഫറ്റ് പക്ഷേ കാഡിലാക് XTS ആണ് വാങ്ങിയത്. മകള്‍ നിര്‍ബന്ധിച്ചതിനാലാണ് 2006 മോഡല്‍ കാഡിലാക് DTS മാറ്റി 2014ല്‍ അദ്ദേഹം കാഡിലാക് XTS വാങ്ങിയത്.

സ്റ്റീവ് വോസ്‌നിയാക്
ആപ്പിള്‍ ആരാധകര്‍ക്ക് സ്റ്റീവ് വോസ്‌നിയാക് എന്നത് ഒരു പുതിയ പേരായിരിക്കില്ല. ആപ്പിളിന്റെ സഹസ്ഥാപകരില്‍ ഒരാളായിരുന്നു അദ്ദേഹം. സ്റ്റീവ് ജോബ്സിനൊപ്പം ആദ്യത്തെ ആപ്പിള്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചയാളാണ് സ്റ്റീവ് വോസ്‌നിയാക്.

സ്റ്റീവ് ജോബ്സിന്റെ അത്ര ജനപ്രിയനല്ലയെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ് സ്റ്റീവ് വോസ്‌നിയാക്. പില്‍ക്കാലത്ത് സമൂഹ മാധ്യമ ഭീമന്‍മാരായ ഫേസ്ബുക്കില്‍ എത്തിയെങ്കിലും അവിടുത്തെ ജീവിതശൈലി വളരെ ആസക്തിയുള്ളതായി മനസ്സിലാക്കി അവിടം വിടുകയായിരുന്നു.

ജീവിത ശൈലിയിലും അദ്ദേഹം വലിയ ആഡംബരം പിന്തുടരാറില്ല. അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഒരു ടെസ്ല മോഡല്‍ എക്സ് ഉണ്ട്. എന്നാല്‍ പലപ്പോഴും വോസ്‌നിയാകിനെ തന്റെ ഷെവര്‍ലെ ബോള്‍ട്ട് ഇവിയില്‍ കാണപ്പെടാറുണ്ട്.

റോമന്‍ അബ്രമോവിച്ച്
ഫുട്‌ബോള്‍ ആരാധകര്‍ക്ക് റോമന്‍ അബ്രമോവിചിനെ അധികം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സി എഫ്‌സിയുടെ ഉടമയായിരുന്ന അബ്രമോവിച്ച് ഇസ്രായേലിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയും റഷ്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയിലെ പതിനൊന്നാമനുമാണ്.

ഗാരേജില്‍ വിലകൂടിയ നിരവധി കാറുകള്‍ ഉണ്ടെങ്കിലും അദ്ദേഹം ഇടക്ക് ഇലക്ട്രിക് കാര്‍ ഓടിക്കുന്നത് കാണാറുണ്ട്. തന്റെ സുഹൃത്തുക്കള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും സമ്മാനമായി നല്‍കാനായി 20 ടെസ്ല കാറുകളും അദ്ദേഹം വാങ്ങിയിരുന്നു.


Click it and Unblock the Notifications








