ഇയാളെ കിട്ടിയിരുന്നെങ്കില്‍ മാരുതിയില്‍ എടുക്കാമായിരുന്നു! വൈറലായി കണ്‍വര്‍ട്ടിബിള്‍ മാരുതി 800
രാജ്യത്ത് ഫോര്‍വീലറുകള്‍ രൂപമാറ്റം നടത്തുന്നത് സുപ്രീം കോടതി നിരോധിച്ച വിവരം എല്ലാവര്‍ക്കുമറിയാം. സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരമോന്നത കോടതി വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്ന പ്രവണതക്ക് മൂക്കുകയറിട്ടത്. എന്നാല്‍ ചിലര്‍ ഇതൊന്നും വകവെക്കാതെ വണ്ടി പക്കാ മോഡിഫൈഡാക്കും. ഇത്തരം മോഡിഫൈഡ് കാറുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ആരാധകവൃന്ദവുമുണ്ട്.
ഓരോ വ്യക്തികളുടെയും താല്‍പര്യത്തിനും അഭിരുചിക്കും അനുസൃതമായിട്ടായിരിക്കും കാറുകളില്‍ രൂപമാറ്റം നടത്തുക. ചിലര്‍ മോഡിഫിക്കേഷന്‍ വേറെ ലെവലിലേക്ക് ഉയര്‍ത്തി കാറുകള്‍ കണ്‍വെര്‍ട്ടിബിള്‍ ആക്കി മാറ്റുന്നത് കണ്ടിട്ടുണ്ട്. രൂപമാറ്റം നടത്തിയ ഒരു ടൈപ്പ് 2 മാരുതി 800 ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഓപ്പണ്‍-ടോപ്പ് ആയി പരിഷ്‌ക്കരിച്ച മാരുതി 800 ആണ് ഇന്‍സ്റ്റ ഫ്രീക്കന്‍മാരുടെ ശ്രദ്ധ കവര്‍ന്നത്.

അദ്വൈത് സിംഗ് പിലാനിയ എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ ആണ് മോഡിഫൈഡ് കാറിന്റെ വീഡീയോ പങ്കുവെച്ചിരിക്കുന്നത്. ഡല്‍ഹി എന്‍സിആറിലെ ഫരീദാബാദ് പ്രദേശത്തെ നിരത്തിലായിരുന്നു സില്‍വര്‍ നിറത്തിലുള്ള മാരുതി 800 കണ്ടത്. കുറച്ച് അകലെ നിന്നാണ് മാരുതി 800-ന്റെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ജൂലൈ 9-നാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 1.3 ദശലക്ഷം കാഴ്ചക്കാരെ വീഡിയോ ഇതിനോടകം നേടിക്കഴിഞ്ഞു. അരലക്ഷത്തിലേറെ പേരാണ് വൈറല്‍ വീഡിയോക്ക് ലൈക്കടിച്ചിരിക്കുന്നത്.
ബി പില്ലറിനും ഡി പില്ലറിനുമൊപ്പം റൂഫും വെട്ടിമാറ്റിയതായി വൈറല്‍ വീഡിയോയില്‍ കാണാം. ആഫ്റ്റര്‍ മാര്‍ക്കറ്റ് അലോയ് വീലുകളും കാറില്‍ ഘടിപ്പിച്ചിട്ടുണ്ട്. മാരുതി 800-ന്റെ റൂഫ് വെട്ടിമാറ്റിയ ജോലി നല്ല വൃത്തിക്ക് ചെയ്തിട്ടുണ്ടെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. സ്‌മൈലികളുടെ അകമ്പടിയോടെ 'ഫരീദാബാദ് കെ എഞ്ചിനിയേഴ്‌സ്' എന്ന കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്നത്.

കണ്‍വെര്‍ട്ടിബിള്‍ മാരുതി സുസുക്കി 800 കാണാന്‍ അടിപൊളിയായിട്ടുണ്ടെങ്കിലും തുടക്കത്തില്‍ പറഞ്ഞ പോലെ ഇത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. OEM നിര്‍ദ്ദിഷ്ട രൂപകല്‍പ്പനയിലും വാഹനത്തിന്റെ ഘടനയിലും വരുത്തുന്ന ഏതൊരു മാറ്റവും ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. കാറിന്റെ റൂഫ് വെട്ടിമാറ്റുന്നത് കൊണ്ട് പല പ്രശ്‌നങ്ങളുമുണ്ട്. വാഹനത്തിന്റെ ഘടനാപരമായ സമഗ്രതയെ വളരെയധികം ബാധിക്കുന്നുവെന്നതാണ് അതില്‍ പ്രധാനം.
ഇത്തരത്തില്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നത് വാഹനത്തിനകത്തെ യാത്രക്കാര്‍ക്ക് മാത്രമല്ല റോഡിലെ മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ക്കും ദോഷകരമാണ്. വൈറല്‍ വീഡിയോക്ക് കീഴില്‍ കമന്റുകളുടെ പൂരമാണ്. അതില്‍ രസകരമായ പല കമന്റുകളുമുണ്ട്. വൈറല്‍ വീഡിയോയിലെ മാരുതി 800-നെ 'മാരുതി 420' എന്നാണ് ഒരു കക്ഷി വിശേഷിപ്പിച്ചത്.
ഞങ്ങളുടെ R8 സ്‌പൈഡറിന്റെ പുതിയ പതിപ്പ് പുറത്തിറക്കൂവെന്ന് മാരുതിയോട് ഒരു രസികന്‍ കമന്റിലൂടെ ആവശ്യപ്പെടുന്നു. ഇതാദ്യമായല്ല ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ വാഹനം സോഷ്യല്‍ മീഡിയയുടെ മനംകവരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു കണ്‍വര്‍ട്ടിബിള്‍ ഓട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിങ്ക് നിറത്തിലുള്ളതായിരുന്നു ഈ ഓട്ടോ.
അതുപോലെ തന്നെ ഭോപ്പാലില്‍ നിന്ന് 2005 മോഡല്‍ ടാറ്റ സുമോ ബ്രാന്‍ഡ് ന്യൂ ജി-വാഗണാക്കി മാറ്റിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എസ്‌യുവിയില്‍ നടത്തിയ കസ്റ്റം ഫാബ്രിക്കേഷന്‍ വര്‍ക്കുകള്‍ യൂട്യൂബര്‍ വീഡിയോയില്‍ വിശദീകരിച്ചിരുന്നു. ഇതില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന എല്‍ഇഡി ഹെഡ്‌ലൈറ്റുകളും എല്‍ഇഡി ഡിആര്‍എല്ലുകളും വരെ ജി-വാഗണിന് സമാനമായി നല്‍കിയിരുന്നു. നമ്മുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് അധികൃതര്‍ ഓരോ നിയമങ്ങള്‍ കൊണ്ടുവരുന്നത്.
അതിനാല്‍ വാഹനത്തിന്റെ ഘടനപാരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഒരു രൂപമാറ്റത്തിനും മുതിരാതിരിക്കാന്‍ മാന്യ വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ. വളരെ പഴക്കം ചെന്ന മാരുതി 800 ആയതിനാല്‍ ആയിരിക്കാം പൊളിക്കുന്നതിന് മുമ്പ് ഉടമ അത്യാവശ്യം പരീക്ഷണം നടത്തിയേക്കാം എന്ന് കരുതിയത്. ഇത്തരത്തില്‍ ഓപ്പണ്‍ ടോപ്പ് മാരുതി 800 ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുമെങ്കിലും ഇത് ഒരിക്കലും അനുകരണീയമല്ലെന്ന് ഓര്‍മിപ്പിക്കട്ടെ.


Click it and Unblock the Notifications








