കൊഴുപ്പിന്റെ അസുഖമായിരുന്നില്ല, ജീവന്റെ തുടിപ്പിനായുള്ള നെട്ടോട്ടമായിരുന്നു; പുഴ കടന്ന ആൾട്ടോക്ക് പറയാനുള്ളത്
ഈ വീഡിയോയ്ക്ക് പിന്നിലുള്ള കഥ അറിയാതെ ഈ കാട്ടായം കാണിച്ച ഇവന്റെയൊക്കെ ലൈസൻസ് കട്ടാക്കണം എന്ന് പറഞ്ഞ വ്യക്തികളിൽ ഒരുവനാണ് ഞാനും. വയനാട്ടിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്ത സമയം മുതൽ സോഷ്യൽ മീഡിയയിൽ വരുന്ന പല ദൃശ്യങ്ങൾക്ക് ഇടയിലാണ് പാലത്തിനു മുകളിലൂടെ കുത്തിയോഴുകുന്ന പുഴ മുറിച്ചു കടന്ന് ഒരു മാരുതി ആൾട്ടോ K10 പോവുന്നതിന്റെ ക്ലിപ്പ് കണ്ടത്. ഇടുക്കിയിലാണ് സംഭവം എന്ന് സൂചിപ്പിക്കുന്ന ഒരു കുഞ്ഞൻ അടിക്കുറിപ്പ് മാത്രമാണ് അതിന് താഴെ ഉണ്ടായിരുന്നത്. പലയിടത്തും പ്രകൃതി നാശം വിതയ്ക്കുമ്പോൾ മനുഷ്യന്റെ നിഗളം എന്നാണ് ആദ്യം ഈ ദൃശത്തെ ഞങ്ങൾ വിശേഷിപ്പിച്ചത്.
മഞ്ഞിലും, മലയിടുക്കിലും എല്ലാം അനായാസം കയറി പോവുന്ന "ലോർഡ് ആൾട്ടോ" എന്ന പേരിനായിട്ടുള്ള പുത്തൻ പെർഫോമെൻസാണ് എന്ന് പോലും കരുതിയവരുണ്ട്. മനോരമ ന്യൂസ് തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ചതു പോലെ കനത്ത മഴ പെയ്യുന്ന കേരളത്തിലെ ഇടുക്കി ജില്ലയിൽ നിന്നുള്ളതാണ് വീഡിയോ.

മഴക്കെടുതിയും മണ്ണിടിച്ചിലും എല്ലാം കാരണം നദിയും, ആറും, തോടും എല്ലാം തന്നെ ഭ്രാന്തമായി കരകവിഞ്ഞ് ഒഴുകുകയാണ്. അത്യന്തം അപകടകരമായ ഒരു രംഗമാണത് വീഡിയോയിൽ നാം കാണുന്നത്. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ, ഒരു മാരുതി ആൾട്ടോ K10 അപകടകരമായ പാലത്തിലേക്ക് പ്രവേശിക്കുന്നത് നമുക്ക് കാണാം.
ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് കാറുമായി രക്ഷപ്പെടുകയായിരുന്നു എന്ന് മനസിലാക്കാം. കാർ പാലത്തിൻ്റെ മറുവശത്തേക്ക് കുതിക്കുന്നതും നമുക്ക് കാണാം. പാലം ഭാഗികമായി വെള്ളത്തിനടിയിലാണ് എന്നത് വീഡിയോയിൽ വ്യക്തമാണ്. ഹാച്ച്ബാക്ക് പാലത്തിൽ ശക്തമായി അടിക്കുന്ന വെള്ളത്തിലൂടെ ഒഴുകിയാണ് നീങ്ങുന്നത്, എന്നാൽ ഡ്രൈവർ നിർത്താതെ കാർ മറുവശത്തേക്ക് കൊണ്ടുപോകുന്നു.

ഭാഗ്യവശാൽ, യാതൊരു കുഴപ്പവും സംഭവിച്ചില്ല, കാർ പാലത്തിൻ്റെ മറുവശത്ത് എത്തുകയും ചെയ്തു. പാലത്തിലെ റെയിലിംഗുകൾക്ക് അധികം ഉയരമില്ലാത്തും ഈ ദൃശ്യത്തിന്റെ ഭീകരത വർധിപ്പിക്കുന്നു. നമുക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ ആൾട്ടോ K10 എന്നത് വളരെ ഭാരം കുറഞ്ഞ ഒരു വാഹനമാണ്, അതിനാൽ തന്നെ ഒഴുക്കിൽ പെട്ട് എളുപ്പത്തിൽ പാലത്തിൽ നിന്ന് നദിയിലേക്ക് തള്ളപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
ഇത് അങ്ങേയറ്റം സാഹസവും അപകടകരവുമാണ്. വീഡിയോയുടെ കമൻ്റ് സെക്ഷനിലൂടെയാണ് വെള്ളം കയറിയ പാലത്തിലൂടെ കാർ ഓടിക്കാൻ ആ വ്യക്തി തീരുമാനിച്ചതിന്റെ ഒരേയൊരു കാരണം ഒരു ഹോസ്പിറ്റൽ എമർജൻസി യാണെന്ന് കണ്ടെത്തിയത്. ഗർഭിണിയായ ഭാര്യയെ വാഹനമോടിച്ച് ആശുപത്രിയിലെത്തിക്കുക അല്ലാതെ ആ വ്യക്തിക്ക് വേറെ വഴിയില്ലാതിരുന്നു എന്നതാണ് വാസ്തവം.
മാനുഷിക പരിഗണനയിൽ അദ്ദേഹം ചെയ്തതിൽ തെറ്റ് ഒന്നും പറയാനില്ല, എന്നിരുന്നാലും ടെക്നിക്കലും അതോടൊപ്പം നിജസ്ഥിതികളും ചേർത്ത് പറഞ്ഞാൽ ഈ നീക്കം വളരെ അപകടം പിടിച്ചത് തന്നെയാണ്. നിങ്ങൾ നിലവിൽ കനത്ത മഴയോ വെള്ളക്കെട്ടോ വെള്ളപ്പൊക്കമോ അനുഭവപ്പെടുന്ന സ്ഥലത്താണ് താമസിക്കുന്നതെങ്കിൽ, എപ്പോഴും ശ്രദ്ധാലുക്കളായി ഇരിക്കുക.
ഇത്തരം സന്ദർഭങ്ങളിൽ ഒരിക്കലും കാർ എടുക്കരുത്. അടുത്തുള്ള സുരക്ഷിതമായ സ്ഥാനത്തേക്കോ ദുരിതാശ്വാസ കേന്ദ്രത്തിലേക്കോ കഴിവതും പെട്ടെന്ന് മാറുക. ഹിൽ സ്റ്റേഷനുകളിലേക്കുള്ള റോഡ് യാത്രകൾ പരമാവധി അല്ല പൂർണ്ണമായും ഒഴിവാക്കുക, കാരണം ഈ സമയത്ത് അവ വളരെ അപകടകരമാണ്.
ശരിയായ 4×4 എസ്‌യുവി ഉണ്ടെങ്കിൽപ്പോലും, വെള്ളം കയറിയ റോഡുകളിലൂടെയോ പാലങ്ങളിലൂടെയോ വാഹനമോടിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നില്ല, അല്പം എങ്കിലും നിലം കിട്ടിയാലെ 4x4 -ന് ഗ്രിപ്പ് കിട്ടൂ, വെള്ളത്തിൽ എപ്പോഴും ഒരു ആപത്ത് പതിയിരിപ്പുണ്ട് എന്ന് മനസിലാക്കുക. എന്നിരുന്നാലും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ ഒരു തരത്തിലും ഞങ്ങൾ നിരുത്സാഹപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല.


Click it and Unblock the Notifications








