ഥാറിന് രക്ഷകനായി ജിംനി; ഒടുവില്‍ എസ്‌യുവികളെ രക്ഷപെടുത്താന്‍ അവന്‍ വരേണ്ടി വന്നു...
ഈ മാസമാണ് മാരുതി സുസുക്കി ജിംനി 5 ഡോര്‍ ലൈഫ് സ്‌റ്റൈല്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. സെഗ്‌മെന്റില്‍ എതിരാളികളില്ലാതെ വാഴുന്ന മഹീന്ദ്ര ഥാറിന് ചെക്ക് വെക്കാനാണ് ജിപ്‌സിയുടെ പിന്‍ഗാമിയായി ജിംനിയെ മാരുതി കൊണ്ടുവന്നത്. എസ്‌യുവിയുടെ ഓഫ്‌റോഡിംഗ് കഴിവുകള്‍ പ്രകടമാക്കുന്ന നിരവധി വീഡിയോകള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു.
ജിംനിയുടെ വില പ്രഖ്യാപനം കൂടി കഴിഞ്ഞതോടെ ഇരു എസ്‌യുവികളുടെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കങ്ങളും പതിവായി. ഏതാണ് മികച്ചതെന്ന ചോദ്യത്തിന് ഇരുവിഭാഗവും പരസ്പരം ന്യായീകരണവും തെളിവുകളും നിരത്തുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ഒരു വീഡിയോ വൈറലായി. മാരുതി സുസുക്കി ജിംനി എസ്‌യുവി മഹീന്ദ്ര ഥാര്‍ എസ്‌യുവിക്ക് രക്ഷകനാകുന്ന വീഡിയോ ആണ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.

BRH എകസ്‌പെഡിഷന്‍സ് അവരുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എടുത്തു പറയേണ്ട സംഗതി എന്തെന്നാല്‍ വൈറല്‍ വീഡിയോയില്‍ കാണിച്ചിരിക്കുന്ന ജിംനിയില്‍ അല്‍പ്പം വീതിയേറിയ ആഫ്റ്റര്‍ മാര്‍ക്കറ്റ് ടയറുകള്‍ സജ്ജീകരിച്ചതായി തോന്നുന്നു. എന്നാല്‍ മറുവശത്ത് മഹീന്ദ്ര ഥാര്‍ സ്‌റ്റോക് കണ്ടീഷനിലാണ് കാണപ്പെടുന്നത്. കാര്യമായ മോഡിഫിക്കേഷനുകള്‍ ഒന്നും ഥാറില്‍ കാണപ്പെടുന്നില്ല.
വീഡിയോയിലേക്ക് വിശദമായി കടക്കുമ്പോള്‍ തുടക്കത്തില്‍ ഒന്ന് രണ്ട് തവണ ശ്രമിച്ചിട്ടാണെങ്കിലും തടസ്സങ്ങള്‍ ഒന്നൊന്നായി വകഞ്ഞ് മാറ്റി മാരുതി സുസുക്കി ജിംനിയും മഹീന്ദ്ര ഥാര്‍ എസ്‌യുവി യും ഓഫ്-റോഡ് പാതയില്‍ മുന്നേറുന്നുണ്ട്. എന്നാല്‍ ചെങ്കുത്തായ ഒരു കയറ്റത്തിന് മുകളില്‍ എത്തുമ്പോള്‍ സംഗതി മാറുന്നു. ഒരു വളവില്‍ നിന്ന് തുടങ്ങുന്ന ചെങ്കുത്തായ കയറ്റം കഴിഞ്ഞാല്‍ കുത്തനെ ഒരു ഇറക്കവുമുണ്ട്. ആദ്യ ശ്രമത്തില്‍ തന്നെ മാരുതി സുസുക്കി ജിംനി കയറ്റത്തിന്റെ മുകളില്‍ സ്റ്റക്കായി.

എന്നാല്‍ രണ്ടാം ശ്രമത്തില്‍ തടസ്സം മറികടന്ന് കയറ്റം കയറിപ്പോകാന്‍ ജിംനിക്ക് സാധിച്ചു. ജിംനി കുടുങ്ങിയ അതേ സ്ഥലത്ത് ഥാറും അടിതട്ടി കുടുങ്ങി. കനത്ത ഭാരം കാരണം മഹീന്ദ്ര എസ്‌യുവി അനക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. വീഡിയോയില്‍ കൂടെ ഉണ്ടായിരുന്നവര്‍ കൈവെച്ച് നോക്കിയിട്ടും ഥാര്‍ നിന്നയിടത്ത് നിന്ന് അനങ്ങാന്‍ തയാറായില്ല. ഒടുവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജിംനിയെ തന്നെ കൊണ്ടുവന്നു.
രണ്ടാം ശ്രമത്തിലും മഹീന്ദ്ര ഥാറിന് തടസം മറികടക്കാനായില്ല. എന്നാല്‍ മൂന്നാമത്തെ ശ്രമത്തില്‍ ഡ്രൈവര്‍ വിജയകരമായി കയറ്റം കയറ്റി. എന്നാല്‍ ഇരുട്ട് വീണ് തുടങ്ങിയതോടെ ഓഫ്‌റോഡിംഗ് പാതയില്‍ രണ്ട് എസ്‌യുവികളും ഒരുമിച്ച് കുടുങ്ങിയതായി വീഡിയോയുടെ അവസാനം കാണാം. ട്രാക്ടറുകള്‍ ഉപയോഗിച്ചാണ് ഇവയെ രക്ഷപ്പെടുത്തുന്നത്. മഹീന്ദ്ര ഥാറും മാരുതി സുസുക്കി ജിംനിയും കഴിവുറ്റ 4X4 എസ്‌യുവികളാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.

ഇവിടെ മാരുതി സുസുക്കി ജിംനി എസ്‌യുവിക്ക് അല്‍പ്പം കൂടുതല്‍ ട്രാക്ഷന്‍ ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അത് ആ സാഹചര്യത്തില്‍ ഗുണകരമായെന്ന് വീഡിയോ സൂക്ഷ്മമായി വീക്ഷിക്കുമ്പോള്‍ വ്യക്തമാകുന്നു. ആഫ്റ്റര്‍ മാര്‍ക്കറ്റ് ടയറുകളും മാരുതി സുസുക്കി ജിംനിയുടെ ഒതുക്കമുള്ള വലിപ്പവും ഒപ്പം ഭാരക്കുറവും വീഡിയോയില്‍ ചിത്രീകരിച്ച ഓഫ്‌റോഡ് ട്രാക്കില്‍ ഗുണകരമായിട്ടുണ്ട്.
മാരുതി ജിംനിയെ കുറിച്ച് പറയുമ്പോള്‍ 103 bhp പവറില്‍ പരമാവധി 134 Nm ടോര്‍ക്ക് നല്‍കുന്ന 1.5 ലിറ്റര്‍ K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ കെയ്സും ലോക്കിംഗ് ഡിഫറന്‍ഷ്യല്‍ ലെന്‍ഡിംഗ് ഹാര്‍ഡ്കോര്‍ ഓഫ്-റോഡിംഗ് കഴിവുകളുമുള്ള ALLGRIP PRO 4×4 സാങ്കേതികവിദ്യയാണ് ജിംനിയുടെ പ്രധാന ഹൈലൈറ്റ്.
ഇതോടൊപ്പം 210 mm ഗ്രൗണ്ട് ക്ലിയറന്‍സ്, യഥാക്രമം 36°, 24°, 50° എന്നിങ്ങനെ അപ്രോച്ച്, ബ്രേക്ക് ഓവര്‍, ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍ എന്നിവ ഓഫ്-റോഡ് കഴിവുകളെ ഉയര്‍ത്തുന്ന കാര്യങ്ങളാണ്. 12.74 ലക്ഷം മുതല്‍ 15.05 ലക്ഷം വരെയാണ് ജിംനിയുടെ എക്സ്‌ഷോറൂം വില.രണ്ട് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും ഒരു പെട്രോള്‍ ഓപ്ഷനും ഉള്‍പ്പടെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഥാര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഡീസല്‍ ഓപ്ഷനുകളില്‍ 1.5 ലിറ്റര്‍, 2.2 ലിറ്റര്‍ എഞ്ചിനുകള്‍ ഉള്‍പ്പെടുന്നു.
അതേസമയം പെട്രോള്‍ ഒരു 2.0 ലിറ്റര്‍ യൂണിറ്റാണ്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 4X2 കോണ്‍ഫിഗറേഷനില്‍ മാത്രമേ ലഭ്യമാകൂ, എന്നാല്‍ 2.2 ലിറ്റര്‍ ഡീസലും 2.0 ലിറ്റര്‍ പെട്രോളും 4X4 കോണ്‍ഫിഗറേഷനുമായാണ് വിപണിയില്‍ എത്തുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ 4X2 കോണ്‍ഫിഗറേഷനുമായും ലഭ്യമാണ്. 10.54 ലക്ഷം മുതല്‍ 16.77 ലക്ഷം രൂപ വരെയാണ് ഥാറിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഥാറിന്റെ 5 ഡോര്‍ പതിപ്പ് 2024-ല്‍ വിപണിയില്‍ എത്തിയേക്കും.


Click it and Unblock the Notifications








