ഹൈബ്രിഡ് നയത്തിൽ റോക്കറ്റ് സ്പീഡിൽ ഉയർന്ന് മാരുതിയുടെ ഓഹരി; ടാറ്റയും മഹീന്ദ്രയും ഇനി നന്നായി വിയർക്കും
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ഓഹരി ഉയർന്നിരിക്കുകയാണ്. മുമ്പത്തേക്കാൾ ഓഹരി വില 5.71 ശതമാനം ഉയർന്ന് ഇപ്പോൾ 12,710 രൂപയിൽ എത്തിയിരിക്കുകയാണ്. ഹൈബ്രിഡ് കാറുകളുടെ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിൻ്റെ തീരുമാനത്തിന് പിന്നാലെയാണ് മാരുതിയുടെ ഓഹരികളിൽ ഈ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. ഒരൊറ്റ തീരുമാനം കൊണ്ട് വലിയ നേട്ടമാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ കൈവരിച്ചിരിക്കുന്നത്. ഹൈബ്രിഡ് കാറുകളുടെ രജിസ്ട്രേഷൻ ഫീസ് യുപി സർക്കാർ ഒഴിവാക്കിയതിന് പിന്നാലെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൻ്റെ ഓഹരികൾ ആറ് ശതമാനത്തിലധികം ഉയർന്നു എന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്.
ആദ്യ ട്രെയ്ഡിൽ നിഫ്റ്റി 50 -ലെ ഏറ്റവും ഉയർന്ന നേട്ടമാണിത് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദവും ക്ലീൻ & ഗ്രീൻ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് യുപി സർക്കാർ ഹൈബ്രിഡ് കാറുകളുടെ രജിസ്ട്രേഷൻ നികുതി ഒഴിവാക്കിയത്. മുമ്പ് കേന്ദ്ര ഗതാഗത മന്ത്രി ഈ നയം മുന്നോട്ട് വെച്ചിരുന്നു എങ്കിലും ധനമന്ത്രാലയം ഇതിനെ തള്ളുകയായിരുന്നു.

യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾക്കും പ്ലഗ് -ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്കും രജിസ്ട്രേഷൻ ഫീസിൽ 100 ശതമാനം കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഹൈബ്രിഡ് കാറുകൾ നിർമ്മിക്കുന്ന മാരുതി, ഹോണ്ട, ടൊയോട്ട തുടങ്ങിയ കമ്പനികൾക്ക് ഈ തീരുമാനത്തിൻ്റെ പ്രയോജനം വലിയ രീതിയിൽ ലഭിക്കാൻ സാധ്യതയുണ്ട്.
ഹൈബ്രിഡ് കാർ വിഭാഗത്തിൽ ഗ്രാൻഡ് വിറ്റാര കോംപാക്ട് എസ്‌യുവി, ഇൻവിക്ടോ എംപിവി തുടങ്ങിയ മോഡലുകളാണ് മാരുതി സുസുക്കി നിലവിൽ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ സമീപ ഭാവയിൽ തന്നെ ഒട്ടനവധി ഹൈബ്രിഡ് മോഡലുകളുടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ.

റിപ്പോർട്ടുകൾ പ്രകാരം സ്വന്തം സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനത്തിൽ മാരുതി സുസുക്കി അഹോരാത്രം പ്രവർത്തിച്ചു കോണ്ടിരിക്കുകയാണ്. ഈ സിസ്റ്റത്തിനൊപ്പം അടുത്തിടെ നിർമ്മാതാക്കൾ ലോഞ്ച് ചെയ്ത ഫ്രോങ്ക്സ് ക്രോസോവർ പതിപ്പാവും ആദ്യം വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഫ്രോങ്ക്സ് ഹൈബ്രിഡിന് പിന്നാലെ ബലേനോ ഹൈബ്രിഡ്, സ്വിഫ്റ്റ് ഹൈബ്രിഡ്, ഡിസയർ ഹൈബ്രിഡ്, ബ്രെസ ഹൈബ്രിഡ് തുടങ്ങിയവ പിന്നാലെ എത്തിയേക്കാം എന്നും കമ്പനി പ്രതീക്ഷകൾ നൽകുന്നുണ്ട്.
നിലവിൽ ഹൈബ്രിഡ് കാർ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനും ആഡംബര ഹൈബ്രിഡ് മോഡലുകളുടെ വിപണി വർധിപ്പിക്കുന്നതിനുമുള്ള ശ്രമമാണ് ഈ കിഴിവുകളും ആനുകൂല്യങ്ങളും. പാസഞ്ചർ വാഹനങ്ങളുടെ പ്രധാന വിപണികളിൽ ഒന്നാണ് ഉത്തർപ്രദേശ്. അടുത്തിടെ പുറത്തു വന്ന സെയിൽസ് റിപ്പോർട്ടുകൾ പ്രകാരം, 2024 കലണ്ടർ വർഷത്തിൻ്റെ ആദ്യ പകുതിയിൽ തന്നെ ഉത്തർപ്രദേശിലെ പാസഞ്ചർ വാഹന വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.5 ശതമാനം0 വർധിച്ച് 2.36 ലക്ഷം യൂണിറ്റായി ഉയർന്നിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ പുത്തൻ ഇളവുകൾ വിൽപ്പന കൂടുതൽ വർധിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഹൈബ്രിഡ് വാഹന സെഗ്മെന്റിൽ നിന്നുള്ള മൊത്തം വിൽപ്പനയുടെ നാലിൽ ഒന്ന് വൈകാതെ തങ്ങളുടെ കൈകളിൽ എത്തുമെന്ന് മാരുതി പ്രതീക്ഷിക്കുന്നു. ഗ്രാൻഡ് വിറ്റാര എസ്‌യുവിയിലും ഇൻവിക്ടോ എംപിവിയിലും മാരുതി HEV സാങ്കേതികവിദ്യയാണ് വാഗ്ദാനം ചെയ്യുന്നത്.
അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവിയിലും ഇന്നോവ ഹൈക്രോസ് എംപിവിയിലും ടൊയോട്ട സമാനമായി സാങ്കേതികവിദ്യ തന്നെ നൽകുന്നു. അതുപോലെ തന്നെ സിറ്റി e-സെഡാനിൽ HEV സാങ്കേതികവിദ്യയാണ് ഹോണ്ട ഉൾപ്പെടുത്തിയിട്ടുള്ളതും. യുപി സർക്കാർ നിലവിൽ 10-ലക്ഷം രൂപയിൽ താഴെ എക്സ്-ഷോറൂം വിലയുള്ള വാഹനങ്ങൾക്ക് 8.0 ശതമാനം റോഡ് ടാക്സും 10-ലക്ഷം രൂപയിൽ കൂടുതൽ എക്സ്-ഷോറൂം വിലയുള്ള വാഹനങ്ങൾക്ക് 10 ശതമാനം നികുതിയുമാണ് ഈടാക്കുന്നത്. ഇതും സംസ്ഥാനത്തെ വാഹന വിൽപ്പനയ്ക്ക് ഒരു മികച്ച പ്രോത്സാഹനമാണ്.


Click it and Unblock the Notifications








