ഒരു രൂപ നാണയത്തിൻ്റെ ഒരു പവറേ! ഈ ഡിസയർ കണ്ടാൽ മാരുതി പൊക്കുമെന്ന് ഉറപ്പ്
വാഹനത്തിൽ പല തരം മോഡിഫിക്കേഷനുകൾ നടത്തുന്നത് കണ്ടിട്ടുണ്ട്. പല വീഡിയോകളും കാണുമ്പോൾ ഹോ പൊലീസ് അല്ലെങ്കിൽ എംവിഡി ഇതൊന്നും കാണുന്നില്ലേ എന്ന് തോന്നിപോകാറുണ്ട്. അത്തരത്തിലൊരു മോഡിഫിക്കേഷനാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. അകത്തും പുറത്തുമായി നിരവധി മോഡിഫിക്കേഷൻ നടത്താനുളള സംവിധാനങ്ങളുണ്ട്. എന്നാൽ വാഹനത്തിൻ്റെ ബോഡിയിൽ നിറയെ ഒരു രൂപ നാണയങ്ങൾ പതിപ്പിക്കുന്ന മോഡിഫിക്കേഷൻ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. രാജസ്ഥാനിലെ ഒരു മാരുതി സുസുക്കി ഡിസയർ ഉടമയാണ് വൈറലാവാൻ വേണ്ടി ഇങ്ങനെ ഒരു പ്രവർത്തി കാണിച്ചത്. എന്തായാലും അദ്ദേഹം ഉദ്ദേശിച്ചത് പോലെ തന്നെ സംഭവം വൈറലാകുകയും ചെയ്തു. ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്.
മാരുതി സുസുക്കിയുടെ വിൽപ്പനയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മോഡലാണ് ഡിസയർ. 16 വർഷങ്ങൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ ഡിസയറിലേക്ക് തലമുറ മാറ്റവും ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങളുമെല്ലാം കൊണ്ടുവരാൻ മാരുതി കാണിച്ച മിടുക്കും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ആദ്യ കാലത്ത് സ്വിഫ്റ്റ് ഡിസയർ എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിൽ പിന്നീട് എപ്പോഴോ സ്വയം അഡ്രസുണ്ടാക്കിയെടുക്കാൻ ഈ കോംപാക്‌ട് സെഡാനായി.

എക്കാലവും വിലയുടെ കാര്യത്തിലും സാധാരണക്കാരനോട് ചോർന്ന് നിൽക്കാൻ മോഡലിനായിട്ടുണ്ട്. നാലാംതലമുറ ആവർത്തനത്തിലും മുൻഗാമികളോട് നീതി പുലർത്തിയാണ് മാരുതി ഡിസയറിന് വിലയിട്ടിരിക്കുന്നത്. 6.79 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള മാരുതി കാർ വാങ്ങാം. വളഞ്ഞുരുണ്ട മേനിയഴകെല്ലാം പോയി പുതിയ ഡിസയറിനെ കൂടുതൽ ചതുരാകൃതിയിലുള്ള ഷേപ്പിലാണ് മാരുതി പണികഴിപ്പിച്ചിരിക്കുന്നത്.
സ്വിഫ്റ്റിന്റെ അതേ പ്ലാറ്റ്ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും കാഴ്ച്ചയിൽ ഇരുവരും തമ്മിൽ യാതൊരു സാമ്യവുമില്ലെന്ന് തന്നെ പറയാം. ഇക്കാര്യത്തിന് പലരും മാരുതിക്ക് കൈയടി കൊടുക്കും. മുൻവശത്ത് നിന്ന് നോക്കുമ്പോൾ ഔഡി കാറുകളുടെ ടച്ച് പോലെയും തോന്നിയേക്കാം. വലിയ ഷഡ്ഭുജാകൃതിയിലുള്ള കറുത്ത ഗ്രില്ല് അടിപൊളിയാമ്. ഇതിന് ചുറ്റും പൊതിഞ്ഞ എൽഇഡി ഹെഡ്‌ലൈറ്റുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.
സെഡാന്റെ അകത്തളത്തിലേക്ക് കയറിയാൽ മൊത്തത്തിലുള്ള ഡിസൈൻ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അനുകരിക്കുന്നുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ് ഡാഷ്ബോർഡിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. Arkayms സൗണ്ട് സിസ്റ്റം കൊടുത്തിരിക്കുന്നതിനാൽ യാത്രകളിൽ സംഗീതാസ്വാദനം മികച്ചതാവും.
2024 മാരുതി സുസുക്കി ഡിസയറിന് 3,995 മില്ലീമീറ്റർ നീളവും 1,735 മില്ലീമീറ്റർ വീതിയും 1,525 മില്ലീമീറ്റർ ഉയരവുമുണ്ട്. പുതിയ ഡിസയറിന് അതിൻ്റെ മുൻഗാമിയേക്കാൾ 10 മില്ലീമീറ്റർ അധിക ഉയരമുണ്ട്. കൂടാതെ 2,450 മില്ലീമീറ്റർ നീളമുള്ള വീൽബേസും 163 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് സെഡാന് കൊടുത്തിരിക്കുന്നത്. 185 സെക്ഷൻ ടയറുകളുമായി വരുന്ന 15 ഇഞ്ച് വീലുകളാണ് സമ്മാനിച്ചിരിക്കുന്നത്.

പുതിയ സ്വിഫ്റ്റിൽ കണ്ട അതേ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് പുതിയ ഡിസയറും വരുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ എഞ്ചിന് 82 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് മാരുതി പറയുന്നത്. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുമായി വരുന്നതിനാൽ നല്ല മൈലേജും കിട്ടും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








