ഫാമിലി കാറല്ല, ഇത് 'ഫാര്‍മേഴ്‌സ് കാര്‍'! മാരുതി മുതലാളി ഇത് കണ്ടാല്‍ നെഞ്ചുപൊട്ടും
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്കെല്ലാം സുപരിചിതമായ ഒരു ഇംഗ്ലീഷ് വാചകമാണ് 'ഇന്ത്യ ഈസ് നോട്ട് ഫോര്‍ ബിഗിനേഴ്‌സ്'. പുറംരാജ്യക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത പലതും ചെയ്ത് കാണിക്കുന്നതിനാലാണ് ഇത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പല വീഡിയോസും അതിന് തെളിവാണ്. വാഹന സംബന്ധിയായ പല വീഡിയോകളും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുമുണ്ട്. അത്തരത്തില്‍ ഒരു മാരുതി വാഗണ്‍ആര്‍ (Maruti Suzuki WagonR) ഹാച്ച്ബാക്ക് ട്രാക്ടറായി രൂപാന്തരം പ്രാപിച്ച വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.
മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ് വാഗണ്‍ആര്‍. ഈ ടോള്‍ബോയ് ഹാച്ച്ബാക്ക് 1999-ലാണ് വിപണിയിലെത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളില്‍ ഒന്നായ വാഗണ്‍ആര്‍ കാലാകലങ്ങളായി അപ്‌ഡേറ്റുകള്‍ക്ക് വിധേയമാകുന്നു. നാലാം ജനറേഷനില്‍ എത്തിനില്‍ക്കുന്ന വാഗണ്‍ആര്‍ ഇന്നും പതിനായിരക്കണക്കിന് യൂണിറ്റുകള്‍ പ്രതിമാസം വിറ്റുപോകുന്നു.

അവിശ്വസിനീയമാംവിധം അമ്പരിപ്പിക്കുന്ന തരത്തില്‍ വാഗണ്‍ആര്‍ രൂപാന്തരപ്പെടുത്തിയ വീഡിയോ mkasganjhacker895425, jugadufamily എന്നീ ഇന്‍സ്റ്റഗ്രാം പേജുകളിലാണ് പ്രത്യക്ഷപ്പെട്ടത്. ഒരു പഴയ മാരുതി വാഗണ്‍ആറാണ് നമുക്ക് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുക. അതിന്റെ ബോണറ്റ് തുറന്നിരിക്കുന്നതിനാല്‍ എഞ്ചിന്‍ വെളിയില്‍ നിന്ന് കാണാം. കാറിന്റെ മുന്‍സീറ്റില്‍ നിന്ന് പിറകിലേക്കുള്ള സെക്ഷന്‍ മുഴുവനായി ഒഴിവാക്കിയിട്ടുണ്ട്. വാസ്തവത്തില്‍ കാറുടമ പിന്‍ഭാഗം പൂര്‍ണമായും വെട്ടിക്കളഞ്ഞു.
പകരം ഒരു ട്രാക്ടറിന്റെ ട്രെയിലര്‍ കാറില്‍ ഘടിപ്പിക്കാനുള്ള സജ്ജീകരണം ചെയ്തു. തല്‍ഫലമായി വാഗണ്‍ആറിന് ഇപ്പോള്‍ ട്രെയിലര്‍ വലിക്കാന്‍ കഴിയും. ഒരു ഫാമിലി കാര്‍ 'ഫാര്‍മേഴ്‌സ്' കാറായി രൂപാന്തരം പ്രാപിച്ചത് കണ്ട് അന്തംവിടുകയാണ് നെറ്റിസണ്‍സ്. ഇത്തരം 'നൂതന' കണ്ടുപിടുത്തങ്ങള്‍ ഇന്ത്യയില്‍ മാത്രമേ അരങ്ങേറൂ എന്നാണ് അവര്‍ പറയുന്നത്. നമ്മുടെ പക്കല്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് ഏത് പ്രശ്‌നത്തിനും പരിഹാരം കാണാനുള്ള ഇന്ത്യക്കാരുടെ മിടുക്കിനെ അടിവരയിടുകയാണ് വാഗണ്‍ആര്‍ ഉടമയെന്ന് നെറ്റിസണ്‍സ് പറയുന്നു.

പലപ്പോഴും ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളില്‍ ആളുകള്‍ ഇത്തരം നൂതനവും ചെലവ് കുറഞ്ഞതുമായ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു. അതിന് സമീപകാലത്ത് നടന്ന ഏറ്റവും പുതിയ ഉദാഹരണമാണിത്. എന്നാല്‍ എങ്ങനെയാണ് ഈ കാര്‍ അധിക ഭാരവും വലിക്കുന്നത് എന്നതിനെ കുറിച്ച് ഒരു ഐഡിയയുമില്ല. പ്രത്യേകിച്ച് ട്രെയിലറില്‍ ലോഡ് കയറ്റുകയാണെങ്കില്‍. വ്യത്യസ്തമായ വാഹനം ആയതിനാല്‍ ഇത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.
എന്തായാലും ഇത്തരം പരിപാടികള്‍ക്ക് പോകുമ്പോള്‍ നമ്മുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ശ്രദ്ധിക്കേണ്ടതുണ്ട്. വാഹനത്തിന്റെ ഒറിജിനലില്‍ നിന്ന് വരുത്തുന്ന ഏതൊരു രൂപമാറ്റവും നിയമപ്രകാരം കുറ്റകരമാണ്. അത് വണ്ടിയുടെ സമഗ്രതയെയും അതിന്റെ സുരക്ഷയെയും ബാധിക്കുന്നത് കൊണ്ടാണ്. ഇത്തരം വീഡിയോസ് കാണാന്‍ രസകരമാണെങ്കിലും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടാല്‍ പണിയാണ്. ഉത്തരേന്ത്യയിലെ ഉള്‍നാടന്‍ പ്രദേശങ്ങള്‍ എവിടെയോ ആണ് ഈ സംഭവം എന്നതിനാല്‍ ഇതെല്ലാം നടക്കുന്നു.

വാഗണ്‍ആറിനെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി 40 വര്‍ഷം കൊണ്ട് 30 ദശലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന അസുലഭ നേട്ടം കൈവരിച്ചിരുന്നു. 2019 ജനുവരിയിലാണ് മൂന്നാം തലമുറ മാരുതി വാഗണ്‍ആര്‍ വിപണിയില്‍ എത്തിയത്. ആദ്യം 1.0 ലിറ്റര്‍ പെട്രോള്‍ മോഡലായി എത്തിയ കാര്‍ പിന്നീട് 1.2 ലിറ്റര്‍ പെട്രോള്‍, സിഎന്‍ജി വേരിയന്റുകളിലുമെത്തി.
പ്രായോഗികതക്കൊപ്പം വിശാലമായ ഇന്റീരിയറും വളയം പിടിക്കാനുള്ള എളുപ്പവും കാരണം എസ്യുവി ജ്വരത്തിനിടയിലും സിറ്റി ഡ്രൈവിന് പറ്റിയ കാറായി വാഗണ്‍ആര്‍ തുടരുന്നു. മികച്ച മൈലേജാണ് ഈ കാറിന്റെ മറ്റൊരു പ്രത്യേകത. മാരുതി സുസുക്കി വാഗണ്‍ ആറിന്റെ പെട്രോള്‍-മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 24.35 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ കാറിന്റെ പെട്രോള്‍-എജിഎസ് വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 25.19 കിലോമീറ്ററാണ്.
മാരുതി സുസുക്കി വാഗണ്‍ ആറിന്റെ സിഎന്‍ജി വേരിയന്റുകള്‍ക്കാണ് ഞെട്ടിക്കുന്ന മൈലേജ്. വാഗണ്‍ആര്‍ സിഎന്‍ജി കിലോഗ്രാമിന് 33.47 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ബേസ് 1.0 ലിറ്റര്‍ LXi പെട്രോള്‍ വേരിയന്റിന് 5.55 ലക്ഷം രൂപയാണ് വില. ടോപ്പ് എന്‍ഡ് 1.2 ലിറ്റര്‍ ZXi+ AMT വേരിയന്റിന് 7.38 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്സ്ഷോറൂം വിലകളാണിത്.


Click it and Unblock the Notifications








