ലംബോര്‍ഗിനിയുടെ കഞ്ഞിയിൽ പാറ്റയിടുമോ ഇവർ, സിസര്‍ ഡോര്‍ ഫിറ്റ് ചെയ്യാന്‍ ചെലവായ തുക കേള്‍ക്കണോ?
നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനൊപ്പം തന്നെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ വാഹന മോഡിഫിക്കേഷന്‍ രംഗം വളരുന്ന കാഴ്ചയാണ്. തങ്ങളുടെ കാറുകളെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നതിനായി എത്ര രൂപ വേണമെങ്കിലും പൊടിക്കാന്‍ തയാറാണ് വണ്ടിപ്രാന്തന്‍മാര്‍. എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ എന്നിവക്കൊപ്പം പെര്‍ഫോമന്‍സും കസ്റ്റമൈസ് ചെയ്ത് വാഹന ഉടമകള്‍ മോഡിഫിക്കേഷനുകള്‍ വേറെ ലെവലാക്കുന്നു.
പെയിന്റിംഗ്, റാപ്പിംഗ്, ട്യൂണിംഗ് എന്നിവയാണ് രാജ്യത്തെ ഓട്ടോമോട്ടീവ് പ്രേമികള്‍ ചെയ്യുന്ന ഏറ്റവും പ്രചാരത്തിലുള്ള മോഡിഫിക്കേഷനുകളില്‍ ചിലത്. ഒട്ടുമിക്ക വാഹന പ്രേമികളുടെയും സ്വപ്‌നങ്ങളില്‍ ഒന്നായിരിക്കും ഒരു ലംബോര്‍ഗി കാര്‍ വാങ്ങുകയെന്നത്. എന്നാല്‍ എല്ലാര്‍ക്കും അത് സാധിച്ചുകൊള്ളണമെന്നില്ല. അത്തരക്കാര്‍ ലംബോര്‍ഗിനിയില തങ്ങളുടെ ഇഷ്ട ഫീച്ചറുകള്‍ സ്വന്തം കാറുകളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും. അത്തരത്തില്‍ ലംബോര്‍ഗിനി കാറുകളിലെ സവിശേഷമായ 'സിസര്‍ ഡോര്‍സ്' ഘടിപ്പിച്ച ഒരു മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക് ആണിപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍.

ലംബോ ഡോറുകള്‍ മാത്രമല്ല ഈ കാര്‍ അടിമുടി മോഡിഫൈഡ് ആണ്. വമ്പന്‍ മേഡിഫിക്കേഷന് വിധേയമായ സ്വിഫ്റ്റ് കാറിന്റെ ഉടമ ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയാണ്. ലംബോ ഡോറുകളുള്ള മാരുതി സുസുക്കി സ്വിഫ്റ്റിന്റെ വീഡിയോ 'മിഹിര്‍ ഗലാത്' എന്നയാളുടെ യൂട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ മോഡിഫൈഡ് സ്വിഫ്റ്റിന്റെ പ്രധാന ആകര്‍ഷണം തന്നെ ലംബോ മാതംകയിലുള്ള സിസര്‍ ഡോറുകളാണ്.
യൂട്യൂബ് വീഡിയോയിലെ അവതാരകന്‍ വണ്ടിയുടെ ഉടമയോട് കാറിന്റെ മോഡിഫിക്കേഷന്‍ സംബന്ധിച്ച് എല്ലാ വിവരങ്ങളും ചോദിച്ചറിയുന്നുണ്ട്. കാറില്‍ സിസര്‍ ഡോറുകള്‍ സ്ഥാപിക്കാനായി 65,000 മുതല്‍ 70,000 രൂപ വരെയാണ് ഹരിയാന സ്വദേശി മുടക്കിയിരിക്കുന്നത്. ഡോറിലുള്ള പരിഷ്‌കാരം കൂടാതെ കസ്റ്റമൈസ്ഡ് ലൈറ്റുകളും മറ്റ് ചില്ലറ മോഡിഫിക്കേഷനുകളും ഇദ്ദേഹം വരുത്തിയിട്ടുണ്ട്. മോഡിഫൈഡ് സിസര്‍ ഡോറിന്റെ പ്രവര്‍ത്തനവും ഉടമ അവതാരകനോട് വിശദീകരിക്കുന്നുണ്ട്.

ഡോര്‍ പുറത്തേക്ക് അല്‍പ്പം തള്ളിയ ശേഷം ഉയര്‍ത്തുകയാണ് തുറക്കാന്‍ വേണ്ടി ചെയ്യേണ്ടത്. നേരെമറിച്ച്, അത് താഴേക്ക് താഴ്ത്തിയ ശേഷം അകത്ത് വലിച്ചിട്ട് അടയ്ക്കുകയാണ് വേണ്ടത്. സാധാരണ ഡോറുകളില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായതിനാല്‍ ഇതുമായി പൊരുത്തപ്പെടാന്‍ പത്ത്, പതിനഞ്ച് ദിവസമെടുക്കുമെന്ന് ഉടമ വിശദീകരിക്കുന്നു. ഈ പ്രത്യേക ഡോറുകള്‍ ലംബോര്‍ഗിനി മുര്‍സിലാഗോ പോലെ ലംബമായാണ് തുറക്കുന്നത്.
ഈ സ്വിഫ്റ്റ് കാറിന്റെ മറ്റ് പ്രധാന രൂപമാറ്റങ്ങള്‍ പരിശോധിക്കുമ്പോള്‍ അതില്‍ പ്രധാനം കളര്‍ ഷിഫ്റ്റിംഗ് റെയിന്‍ബോ റാപ്പാണ്. കാറിനായി പ്രത്യേകം ഇറക്കുമതി ചെയ്തതാണ് ഇത്. ആദ്യം ഈ റാപ്പ് ഓര്‍ഡര്‍ ചെയ്തത് തെറ്റിപ്പോയതിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രഫഷനലിന്റെ സഹായം തേടുകയായിരുന്നു. സ്വിഫ്റ്റ് കാറിന്റെ കളര്‍ ഷിഫ്റ്റിംഗ് റെയിന്‍ബോ റാപ്പ് ചെയ്യാനായി 45000 രൂപയാണ് ചിലവ് വന്നിരിക്കുന്നത്. പുതിയ സ്വിഫ്റ്റ് സ്പോര്‍ട്ട് ബോഡി കിറ്റും ചേര്‍ത്തതാണ് മറ്റൊരു പ്രധാന മോഡിഫിക്കേഷന്‍.

എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ഡിആര്‍എല്ലുകള്‍ക്കും പുറമെ സ്‌പോയിലറും മിനി കൂപ്പര്‍ ശൈലിയിലുള്ള യൂണിയന്‍ ജാക്ക് ശൈലിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകളും കാറില്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല സ്വിഫ്റ്റ് കാറിന് ഫുള്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എക്സ്ഹോസ്റ്റും നല്‍കിയിട്ടുണ്ട്. ഇത് വായിക്കുന്ന നിങ്ങള്‍ക്ക് തോന്നുന്ന ഒരു സംശയമായിരിക്കും ഈ കാര്‍ കൊണ്ട് പുറത്തിറങ്ങുന്ന ഇയാളെ പൊലീസ് പൊക്കില്ലേ എന്ന്.
അതിനുള്ള ഉത്തരവും ഉടമ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ഈ മോഡിഫൈഡ് സ്വിഫ്റ്റ് ഉടമയെ പൊലീസ് ഒന്നിലേറെ തവണ പിടികൂടിയിട്ടുണ്ട്. കാറില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ പൊതുവെ പോലീസ് കാര്യമാക്കുന്നില്ലെങ്കിലും പൊതു നിരത്തുകളില്‍ റീലുകള്‍ ഷൂട്ട് ചെയ്യുന്ന കാര്യത്തില്‍ അവര്‍ അതീവ കര്‍ക്കശക്കാരാണെന്നാണ് ഉടമ പറയുന്നത്. മോഡിഫൈഡ് കാറുകളുമായി നിരത്തിലറങ്ങുന്ന ആളുകള്‍ കാണിച്ച് കൂട്ടുന്ന മണ്ടത്തരങ്ങള്‍ കാരണമാണ് പൊലീസുകാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
ശ്രദ്ധയോട് കൂടി വാഹനം ഓടിച്ചാല്‍ പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനുള്ള റീലുകള്‍ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസ് സ്‌റ്റേഷനില്‍ കയറി ഇറങ്ങേണ്ടി വരുന്നതായി ഇദ്ദേഹം പറയുന്നു. നമ്മുടെ നാട്ടിലും ഇത്തരത്തില്‍ നിരവധിയാളുകള്‍ ലക്ഷങ്ങള്‍ പൊടിച്ച് കാറുകള്‍ രൂപമാറ്റം വരുത്തുന്നുണ്ട്. വാഹന മോഡിഫിക്കേഷന്‍ എന്നും ഒരു ചര്‍ച്ചാവിഷയമാണ്. സ്വിഫ്റ്റ് കാറിലെ ഈ ഒരു സിസര്‍ ഡോറിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








