വീണ്ടും 'പൊന്നപ്പനായി' വെര്‍സ്റ്റപ്പന്‍; ഫോര്‍മുല വണില്‍ ഹാമില്‍ട്ടണ് പോലുമില്ലാത്ത റെക്കോഡും സ്വന്തം
ഫോര്‍മുല വണില്‍ കിരീടം നിലനിര്‍ത്തി റെഡ്ബുള്‍ ഡ്രൈവര്‍ മാക്‌സ് വെര്‍സ്റ്റപ്പന്. സുസൂകയില്‍ നടന്ന ജപ്പാന്‍ ഗ്രാന്‍പ്രീയില്‍ ജേതാവായാണ് വെര്‍സ്റ്റപ്പന്‍ തുടര്‍ച്ചയായ രണ്ടം തവണയും വേഗരാജാവായത്. സീസണില്‍ നാലു മത്സരങ്ങള്‍ ശേഷിക്കെയാണ് നെതര്‍ലന്‍ഡ്‌സ് ഡ്രൈവറുടെ കിരീടധാരണം.

ഡ്രൈവേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ തൊട്ടുപിറകിലുള്ള റെഡ്ബുള്ളിന്റെ തന്നെ സെര്‍ജിയോ പെരസും ഫെറാറിയുടെ ചാള്‍സ് ലാക്ലെര്‍കുമാണ് ജപ്പാന്‍ ഗ്രാന്‍പ്രീയിലും വെര്‍സ്റ്റപ്പനൊപ്പം പോഡിയം അലങ്കരിച്ചത്. ഡ്രൈവേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെര്‍സ്റ്റാപ്പന് 366 ഉം പെരസിന് 253ഉം ലാക്ലെര്‍കിന് 252ഉം പോയന്റാണുള്ളത്. ലീഡ് 113 പോയിന്റ്.

ബാക്കിയുള്ള നാല് മത്സരങ്ങളില്‍ നിന്ന് പരമാവധി 104 പോയിന്റ് നേടിയാലും പിന്നാലെയുള്ളവര്‍ക്ക് വെര്‍സ്റ്റപ്പനെ മറികടക്കാനാവില്ല. മെര്‍സിഡീസിന്റെ ഇതിഹാസ ഡ്രൈവര്‍ ലൂയി ഹാമില്‍ട്ടന്‍ ആറാം സ്ഥാനത്താണ്. 180 പോയിന്റാണ് ഹാമില്‍ട്ടണുള്ളത്.

100-ലേറെ പോയിന്റിന്റെ വ്യക്തമായ ലീഡില്‍ കിരീടത്തില്‍ മുത്തമിട്ട താരം മറ്റൊരു പൊന്‍തൂവല്‍ കൂടി സ്വന്തമാക്കി. മൈക്കല്‍ ഷൂമാക്കറിനും സെബാസ്റ്റ്യന്‍ വെറ്റലിനും ശേഷം നാല് റേസുകള്‍ ബാക്കിനില്‍ക്കേ കിരീടം ചൂടുന്ന ഏക ഡ്രൈവറായി വെര്‍സ്റ്റപ്പന്‍ മാറി. ലൂയി ഹാമില്‍ട്ടണ് ഈ റെക്കോഡ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ഈ സീസണില്‍ നടന്ന 18 റേസുകളില്‍ 12 റേിലും വെര്‍സ്റ്റപ്പന്‍ ആണ് വെന്നിക്കൊടി പാറിച്ചത്. സീസണിലെ ആദ്യ മൂന്നില്‍ രണ്ടിലും പോയിന്റ് നേടാന്‍ സാധിക്കാതിരുന്ന ഇടത്തില്‍ നിന്നാണ് ഡച്ച് താരത്തിന്റെ കുതിപ്പ്.

മഴമൂലം ഞായറാഴ്ച നടന്ന ജാപ്പനീസ് ഗ്രാന്‍ഡ്പ്രീ ചുരുക്കിയിരുന്നു. വെര്‍സ്റ്റപ്പന്‍ ജപ്പാനിലെ സുസുക്കയില്‍ 3:01:44.004 സമയത്തില്‍ ഓട്ടം അവസാനിപ്പിച്ചു. ചാള്‍സ് ലെക്ലര്‍ക്കിന് പെനാല്‍റ്റി ലഭിച്ചതോടെ വെര്‍സ്റ്റാപ്പന്‍ സീസണ്‍ വിജയം ഉറപ്പിക്കുകയായിരുന്നു.

പെനാല്‍റ്റി ലഭിച്ചതോടെ ലെക്ലര്‍ക്കിന് പോയിന്റുകള്‍ നഷ്ടപ്പെടുത്തുകയും വരും ആഴ്ചകളില്‍ വെര്‍സ്റ്റാപ്പനെ മറികടക്കാന്‍ യാതൊരു അവസരം ലഭിക്കാതിരിക്കുകയും ചെയ്തു. അവസാന കോര്‍ണറില്‍ ട്രാക്ക് വിട്ടിറങ്ങിയതിനാണ് ലെക്ലയറിന് 5 സെക്കന്‍ഡ് പെനാല്‍റ്റി കിട്ടിയത്. മഴ കാരണം 53ല്‍ 28 ലാപ്പുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. ലാപ്പുകള്‍ കുറഞ്ഞെങ്കിലും പോയിന്റുകള്‍ മുഴുവന്‍ നല്‍കിയത് വെര്‍സ്റ്റാപ്പന് അനുഗ്രഹമായി.

ഒക്ടോബര്‍ 23-ന് ടെക്സാസിലെ ഓസ്റ്റിനില്‍ നടക്കുന്ന യുനൈറ്റഡ് സ്റ്റേറ്റ്സ് ഗ്രാന്‍ഡ്പ്രീ ഉള്‍പ്പെടെ നാല് റേസുകള്‍ കൂടി സീസണില്‍ അവശേഷിക്കുന്നു. ഈ വിജയത്തോടെ ഫോര്‍മുല വണ്ണിന്റെ ചരിത്രത്തില്‍ ഇതിഹാസ താരങ്ങളായ മൈക്കല്‍ ഷൂമാക്കറിനും സെബാസ്റ്റ്യന്‍ വെറ്റലിനുമൊപ്പം വെര്‍സ്റ്റാപ്പന്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. ഈ രണ്ട് ഇതിഹാസ ഡ്രൈവര്‍മാരും സീസണില്‍ നാല് മത്സരങ്ങള്‍ ശേഷിക്കേ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിരുന്നു. 2001, 2004 സീസണുകളിലാണ് നാല് റേസുകള്‍ ബാക്കിയിരിക്കേ ഷൂമി കിരീടം നേടിയത്. സമാനമായ രീതിയില്‍ 2011 സീസലായിരുന്നു വെറ്റലിന്റെ കിരീടധാരണം.

കനത്ത മഴ ഡ്രൈവിംഗ് ദുഷ്‌കരമാക്കിയതിനാല്‍ തനിക്ക് റേസ് അത്ര എളുപ്പമായി തോന്നിയിലെന്ന് മത്സര ശേഷം തന്റെ വിജയത്തെക്കുറിച്ച് വെര്‍സ്റ്റാപ്പന്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു, ഞങ്ങള്‍ വാഹനമോടിക്കാന്‍ വളരെ ബുദ്ധിമുട്ടി'-താരം പറഞ്ഞു.

'എന്നാല്‍ ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ധാരാളം ലാപ്പുകള്‍ ലഭിച്ചു. കൂടാതെ ഈ അന്തരീക്ഷത്തിലും കാര്‍ പറന്നു. ഇവിടെ വിജയിക്കാനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. മാത്രമല്ല എല്ലാ ആരാധകരെയും കണ്ടതില്‍ വളരെ സന്തോഷമുണ്ട്'-വെര്‍സ്റ്റാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

റേസിംഗ് ഡ്രൈവറായ 25 കാരനായ മാക്സ് വെര്‍സ്റ്റാപ്പന്റെ സീസണിലെ 12-ാം വിജയമായിരുന്നു ഇത്. രസകരമെന്നു പറയട്ടെ നാല് മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ ഷൂമാക്കറുടെയും വെറ്റലിന്റെയും സീസണ്‍ വിജയങ്ങളുടെ റെക്കോര്‍ഡ് (13) തകര്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കും.

നിര്‍മാതാക്കളുടെ ചാമ്പ്യന്‍ഷിപ്പിലും റെഡ്ബുളാണ് മുമ്പില്‍. 619 പോയിന്റുമായാണ് റെഡ്ബുള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. 454 പോയിന്റുമായി ഫെരാരിയാണ് രണ്ടാമത്. 387 പോയിന്റുമായി മെര്‍സിഡീസ് മൂന്നാം സ്ഥാനത്തുണ്ട്. ആല്‍പൈന്‍ റെനോയും (143), മക്ലാരന്‍ മെര്‍സിഡീസുമാണ് (130) നാലും അഞ്ചും സ്ഥാനത്ത്.


Click it and Unblock the Notifications