ഒറ്റയടിക്ക് വാങ്ങിയത് 30 ബൊലേറോ! കേരളത്തിലെ ഫര്‍ണിച്ചര്‍ രാജാക്കന്‍മാരുടെ ഡെലിവറി വീഡിയോ വൈറല്‍
കച്ചവടക്കാരുടെ ചാകരക്കാലമാണ് ഉത്സവ സീസണ്‍. മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ദേ ഇങ്ങ് അടുത്തെത്തി. സാധാരണയായി എല്ലാവരും ഉത്സവ സീസണുകളില്‍ പുതിയ വാഹനങ്ങള്‍, ഗൃഹാപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ വാങ്ങുന്നത് പതിവാണ്. അതിനാല്‍ ഈ സമയങ്ങളില്‍ കടകളിലും ഷോറൂമുകളലും പൊടിപൊടിക്കുന്ന വില്‍പ്പനയാണ് അരങ്ങേറാറുള്ളത്. പ്രത്യേകിച്ചും ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ഓണക്കാലം വരാന്‍ കാത്തിരിക്കുന്ന വീട്ടമ്മമാരെ നമുക്ക്ചുറ്റും കാണം. ഇപ്പോള്‍ ഹോം അപ്ലയന്‍സസ് വില്‍ക്കുന്ന ഒരുവിധം എല്ലാ കടക്കാരും ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ ഡെലിവറി ചെയ്യുന്ന പതിവുണ്ട്. കിലോമീറ്ററുകള്‍ ദൂരെയുള്ള ഷോറൂമില്‍ പോയി വാങ്ങിയാലും സാധാനം വീട്ടിലെത്തുമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇത് ഗുണകരമാണ്.
ഒരു സ്ഥലത്തെ മാത്രമല്ല അയല്‍പക്കത്തുള്ള പട്ടണങ്ങളിലെ ഉപഭോക്താക്കളെ കൂടി തങ്ങളിലേക്ക് ആകര്‍ഷിക്കാനായാണ് പല സ്ഥാപനങ്ങളും ഹോം ഡെലിവറി സൗകര്യം ഏര്‍പെടുത്തുന്നത്. ഇത്തരം സാഹചര്യത്തില്‍ ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉത്സവ സീസണുകളില്‍ ചരക്കുനീക്കത്തിന് വാണിജ്യ വാഹനങ്ങളുടെ ആവശ്യം വര്‍ധിക്കാറുണ്ട്. ഇത് കണക്കിലെടുത്ത് ചില സ്ഥാപനങ്ങള്‍ ഉത്സവ കാലത്ത് പുതിയ വാഹനങ്ങള്‍ വാങ്ങുന്നു.

ഇപ്പോള്‍ ഒറ്റയടിക്ക് 30 പുതിയ മഹീന്ദ്ര ബൊലേറോ പിക്കപ്പ് ട്രക്കുകളുടെ ഡെലിവറിയെടുത്ത് മയൂരി ഹോംസ് ശ്രദ്ധ നേടിയിരിക്കുകയാണ്. ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ മേഖലകളില്‍ കേരളത്തില്‍ മുന്‍നിരയിലുള്ളതും ഏറ്റവും വിശ്വസനീയവുമായ നാമമാണ് മയൂരി. ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ അവിശ്വസനീയമായ വിലയില്‍ വാഗ്ദാനം ചെയ്യുന്ന മയൂരിക്ക് കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും സ്റ്റോറുകളുണ്ട്.
നിലവില്‍ 70-ല്‍ അധികം വാഹനങ്ങള്‍ മയൂരി ഹോമിനുണ്ട്. പുതിയ ബൊലേറോ പിക്കപ്പ് ട്രക്കുകള്‍ കൂടി ചേരുന്നതോടെ മയൂരിയുടെ ഉടമസ്ഥതയിലുള്ള ഡെലിവറി വാഹനങ്ങളുടെ എണ്ണം 100 കടക്കും. ഓണം സീസണില്‍ വില്‍പ്പന ഗണ്യമായി വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് മയൂരി ഹോം ഒറ്റ ദിവസം കൊണ്ട് 30 മഹീന്ദ്ര ബൊലേറോ പിക്കപ്പ് ട്രക്കുകള്‍ ഡെലിവറിയെടുത്തത്. വാഹനങ്ങളുടെ ഡെലിവറി ചടങ്ങ് ഒരു തുറന്ന മൈതാനത്ത് വെച്ചാണ് നടത്തിയത്.

Spulber എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച ബൊലേറോ മാസ് ഡെലിവറി വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മയൂരി ഹോംസിന്റെ ഉടമകളായ രണ്ട് യുവാക്കള്‍ വില കൂടിയ കാറുകളില്‍ ഡെലിവറിക്കായി തയാറാക്കിയ മൈതാനത്ത് എത്തിച്ചേരുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ സാധിക്കുക. മയൂരിയുടെ മുതലാളിമാര്‍ വന്ന കാറുകളില്‍ ഒന്ന് ടൊയോട്ട വെല്‍ഫെയര്‍ ആണ്.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കൂടിയ ലക്ഷ്വറി എംപിവികളില്‍ ഒന്നാണ് വെല്‍ഫെയര്‍. ടൊയോട്ട വെല്‍ഫെയറിന്റെ നിലവിലെ എക്‌സ്-ഷോറൂം വില 1.22 കോടി രൂപ മുതല്‍ 1.32 കോടി രൂപ വരെയാണ്. മറ്റൊരാള്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്‌യുവിയിലാണ് എത്തിയത്. ഇന്ത്യയില്‍ സെലിബ്രിറ്റികള്‍ക്കും സിനിമാക്കാര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ആഡംബര എസ്‌യുവികളില്‍ ഒന്നാണ് ഡിഫെന്‍ഡര്‍. വീഡിയോയില്‍ കാണുന്നത് ഡിഫെന്‍ഡര്‍ 110 മോഡല്‍ ആണ്.

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ ഇന്ത്യന്‍ വിപണിയിലെ വില 1.05 കോടി രൂപ മുതല്‍ 2.79 കോടി രൂപ വരെയാണ്. മുകളില്‍ പറഞ്ഞിരിക്കുന്ന വിലകള്‍ എല്ലാം എക്‌സ്-ഷോറൂം ആണെന്നത് ശ്രദ്ധിക്കുക. ചരക്ക് നീക്കത്തിനായി വിശ്വസനീയവും കരുത്തുറ്റതുമായ പിക്കപ്പ് ട്രക്കുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് മഹീന്ദ്ര ബൊലേറോ പിക്കപ്പ് ട്രക്ക് മികച്ചൊരു ഓപ്ഷനാണെന്നാണ് ഞങ്ങളുടെ അഭിപ്രായം.
പരുക്കന്‍ ഭൂപ്രദേശങ്ങളില്‍ പോലും എല്ലാതരം ചരക്കുകളും വഹിക്കാന്‍ കഴിവുള്ള ബോഡിയും സസ്പെന്‍ഷനുമാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍. കരുത്തുറ്റ ഡീസല്‍ എഞ്ചിനോടൊപ്പം 2 വീല്‍ ഡ്രൈവ്, 4 വീല്‍ ഡ്രൈവ് ഓപ്ഷനുകളും ഇവയില്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ബൊലേറോ പിക്കപ്പ് ട്രക്കിന്റെ പ്രാരംഭ വില 9.86 ലക്ഷം രൂപയാണ്. ടോപ്പ് വേരിയന്റിന്റെ വില 10.74 ലക്ഷം രൂപയാണ്. മഹീന്ദ്ര വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വിലകള്‍ ആണിത്.


Click it and Unblock the Notifications








