സിമന്റ് കടത്തുന്നത് കോടികളുടെ കാറില്‍! ഇതുകണ്ടാല്‍ ബെന്‍സ് മുതലാളിയുടെ ചങ്കുതകരും!
വാഹനപ്രേമികളുടെ നാടാണ് ഇന്ത്യ. അതുപോലെ തന്നെ കേട്ടുകേള്‍വി പോലുമില്ലാത്ത പല കാര്യങ്ങളും വാഹനങ്ങള്‍ ഉപയോഗിച്ച് ചെയ്തും ഇന്ത്യക്കാര്‍ ആഗോള തലത്തില്‍ വൈറലാകാറുണ്ട്. എന്നാല്‍ ആഡംബര വാഹന പ്രേമികളുടെ ഉള്ളുലക്കുന്ന ഒരു പ്രവര്‍ത്തി ചെയ്താണ് ഒരു ഇന്ത്യക്കാരന്‍ ഇപ്പോള്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത്. അത് ചുവടെ വിശദമായി പറയാം.
പണക്കാരുടെയും സെലിബ്രിറ്റികളുടെയും ഇഷ്ട വാഹനങ്ങളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ് ജി-വാഗണ്‍. 3.3 കോടി രൂപയാണ് ഈ കാറിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. ഇത് നിരത്തിലെത്തിക്കാനായി ലക്ഷങ്ങള്‍ വീണ്ടും മുടക്കണം. 2.55 കോടി രൂപക്കായിരുന്നു ആഡംബര എസ്‌യുവിയുടെ പഴയ പതിപ്പ് വില്‍പ്പനക്കെത്തിയരുന്നത്. നമ്മുടെ നാട്ടില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ സിമന്റും മണലുമെല്ലാം പൊതുവേ ലോറികളിലാണ് കൊണ്ടുവരാറുള്ളത്.

അഞ്ചോ പത്തോ ചാക്കാണെങ്കില്‍ ചിലപ്പോള്‍ ഗുഡ്‌സ് ഓട്ടോകള്‍ വിളിക്കാറാണ് പതിവ്. ചിലയാളുകള്‍ പഴയ കാറാണ് തങ്ങള്‍ക്കുള്ളതെങ്കില്‍ സീറ്റ് മടക്കി ഡിക്കിയിലിട്ട് സിമന്റ് കടത്തുന്നത് കാണാം. എന്നാല്‍ കോടികള്‍ വിലമതിക്കുന്ന ആഡംബര കാറില്‍ ഒരാള്‍ സിമന്റ് കയറ്റുന്ന കാഴ്ചയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. കുറച്ച് പണം നല്‍കിയാല്‍ വാടകയ്്ക്ക് വണ്ടി വിളിക്കാവുന്ന സാഹചര്യത്തില്‍ കാറുകളെ ജീവനുതുല്യം സ്‌നേഹിക്കുന്നവര്‍ക്ക് കണ്ടാല്‍ സഹിക്കാനാവുന്ന കാഴ്ചയല്ലായിരുന്നു അത്.
പത്തോളം സിമന്റ് ചാക്കുകളാണ് മെര്‍സിഡീസ് ബെന്‍സ് ജി-വാഗണ്‍ ഉടമ കാറില്‍ കയറ്റിയത്. ഇതോടെ സംഭവം വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു റഷ്യന്‍ യൂട്യൂബര്‍ ആണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. വാഹനങ്ങളുമായി ബന്ധപ്പെട്ട വീഡിയോസ് ഷെയര്‍ ചെയ്യുന്ന Team SCEII841 എന്ന അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ഡല്‍ഹി 6' എന്ന ചിത്രത്തിലെ 'യേ ദില്ലി ഹേ മേരി യാര്‍' എന്ന പാട്ടിന്റെ അകമ്പടിയിലാണ് വീഡിയോ.

മറ്റൊരു വാഹനത്തില്‍ കടന്നുപോകുന്ന വ്യക്തി റോഡരികില്‍ കണ്ട സംഭവം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. വൈറ്റ് കളര്‍ മെര്‍സിഡീസ് കാറിന്റെ ടെയില്‍ഗെയിറ്റ് തുറന്ന് സിമന്റ് ചാക്കുകള്‍ കയറ്റുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഏതായാലും വീഡിയോ വൈറലായിരിക്കുകയാണ്. 'ഇന്‍ക്രഡിബിള്‍ ഇന്ത്യ' എന്നും സ്വര്‍ണപ്പെട്ടി അവര്‍ ചില്ലറയിട്ട് വെക്കാന്‍ ഉപയോഗിക്കുവെന്ന് തുടങ്ങി രസകരമായ കമന്റുകളാണ് വീഡിയോക്ക് കീഴില്‍ നിരക്കുന്നത്.
സംഭവം എവിടെയാണ് നടന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏതായാലും ഡല്‍ഹിയിലോ ഹരിയാനയിലോ ആണ് സംഭവമെന്നാണ് തോന്നുന്നത്. ബെന്‍സ് കാറിന്റെ നമ്പര്‍പ്ലേറ്റ് ദൃശ്യമല്ലെങ്കിലും പാസ് ചെയ്ത് പോകുന്ന ബൈക്ക് ഡല്‍ഹി രജിസ്‌ട്രേഷനിലുള്ളതാണ്. ആഡംബര സൗകര്യങ്ങള്‍ക്കും വിശാലമായ അകത്തളം കൊണ്ടും ഹൈടെക് ഫീച്ചറുകള്‍ക്കും പേരുകേട്ട ഒരു ആഡംബര കാര്‍ മോഡലാണ് മെര്‍സിഡീസ് ബെന്‍സ് G63 AMG. 480 ലിറ്ററാണ് ഈ കാറിന്റെ ബൂട്ട് സ്‌പേസ്.
അതിനാല്‍ ഈ കാറില്‍ വലിയ അളവില്‍ ലഗേജുകളും വസ്തുക്കളും കൊണ്ടുപോകാന്‍ കഴിയും. എന്നാല്‍ കാറില്‍ ഇത്രയധികം സിമന്റ് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഇപ്പോള്‍ ആണ് മനസ്സിലായതെന്ന് ചിലര്‍ പറയുന്നു. മെര്‍സിഡീസിന്റെ എസ്‌യുവി ലൈനപ്പിലെ ഏറ്റവും പഴക്കം ചെന്ന മോഡലുകളില്‍ ഒന്നാണ് ജി-വാഗണ്‍. മാരുതി ജിപ്സി പോലെ ജി-വാഗണ്‍ യഥാര്‍ത്ഥത്തില്‍ സൈനിക ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്ത ഒരു കാര്‍ മോഡലായിരുന്നു.
പിന്നീട് ഈ കാറിനെ സിവിലിയന്‍സിനായി കൂടുതല്‍ പ്രീമിയമാക്കി മാറ്റുകയായിരുന്നു ജര്‍മന്‍ ബ്രാന്‍ഡ്. എല്ലാ തലമുറയില്‍ പെട്ട ജി-വാഗണുകളും ബോക്‌സി ഡിസൈന്‍ പിന്തുടര്‍ന്ന് വരുന്നു. 585 bhp പവറും 850 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ ബൈ-ടര്‍ബോ V8 പെട്രോള്‍ എഞ്ചിനാണ് നിലവിലെ തലമുറ G63 AMG-യ്ക്ക് കരുത്തേകുന്നത്.

ലോകമെമ്പാടുമുള്ള സെലിബ്രിറ്റികള്‍ക്കും കായിക താരങ്ങള്‍ക്കുമിടയില്‍ ഇത് വളരെ ജനപ്രിയമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനായ എംഎസ് ധോണിയാണ് ഏറ്റവും ഒടുവില്‍ ജി-വാഗണ്‍ സ്വന്തമാക്കിയ ഇന്ത്യന്‍ സെലിബ്രിറ്റി. കോടികള്‍ വിലയുള്ള കാറില്‍ സിമന്റ് കയറ്റിയ ഈ പ്രവര്‍ത്തിയെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തൂ.


Click it and Unblock the Notifications








