മര്യാദ വേണ്ടേ മുനിസിപാലിറ്റിക്കാരേ... വെള്ളക്കെട്ട് കാരണം 16 ലക്ഷത്തിന്റെ 'പണി', കോടതി കയറ്റി ബെന്‍സുകാരന്‍
ലക്ഷങ്ങള്‍ മുടക്കി വാങ്ങുന്ന കാറുകള്‍ക്ക് വലിയ തുക റോഡ് ടാക്‌സ് വാങ്ങുന്നുണ്ടെങ്കിലും ഇന്ത്യയിലെ പല സ്ഥലങ്ങളിലും റോഡുകളുടെ സ്ഥിതി ഇന്നും വളരെ മോശമാണ്. ചെറിയ രീതിയില്‍ മഴ പെയ്താല്‍ റോഡുകള്‍ പുഴയായി രൂപാന്തരപ്പെടുന്ന ഒത്തിരി നഗരങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. നിനച്ചിരിക്കാത്ത നേരത്തായിരിക്കും വെള്ളക്കെട്ടുകള്‍ രൂപപ്പെടുക. റോഡുകളിലെ വെള്ളക്കെട്ട് കാരണം വാഹനം കേടാകുന്നത് പതിവാണ്. വെള്ളം കയറി എഞ്ചിന്‍ തകരാറിലാകുന്നതും മറ്റ് ഇലക്ട്രിക്കല്‍ പ്രശ്‌നങ്ങളുമാണ് ഇതിന് പ്രധാന കാരണമാകാറ്. അടുത്തിടെ ഗാസിയാബാദ് സ്വദേശിയായ മെര്‍സിഡീസ്-ബെന്‍സ് GLA ഉടമക്ക് ഇത്തരത്തില്‍ ദുരനുഭവം നേരിട്ടതിനെ തുടര്‍ന്ന് കൈയ്യില്‍ നിന്ന് പൊട്ടിയത് 16 ലക്ഷം രൂപയാണ്.
ചിലര്‍ ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായി കഴിഞ്ഞാലും പ്രതികരിക്കാതെയിരിക്കും. എന്നാല്‍ ഇവിടെ മെര്‍സിഡീസ് ഉടമ ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പറേഷനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. വാഹനത്തിന്റെ അറ്റകുറ്റപ്പണിക്ക് ചെലവായ 16 ലക്ഷമടക്കം 21 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഗാസിയാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്. ലോകേഷ് റായ് എന്നയാള്‍ ഇക്കാര്യം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

ജൂലൈ 23-നായിരുന്നു സംഭവം. വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ അമിത് കിഷോര്‍ തന്റെ മെര്‍സിഡീസ്-ബെന്‍സ് GLA ലക്ഷ്വറി എസ്യുവിയില്‍ വാസുദേവ്പൂരിലെ വീട്ടില്‍ നിന്ന് ലജ്പത് നഗറിലേക്ക് പോകുകയായിരുന്നു. ഗാസിയാബാദിലെ ശ്യാം പാര്‍ക്ക് എക്സ്റ്റന്‍ഷനിലെ റോഡില്‍ കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട് കാരണം തന്റെ വാഹനം കേടായതായാണ് അമിത് കിഷോര്‍ ആരോപിക്കുന്നത്.
കേടായ കാര്‍ ടോയിംഗ് വാനില്‍ കയറ്റിയാണ് നോയിഡയിലെ സര്‍വീസ് സെന്ററിലേക്ക് മാറ്റിയത്.
ഏകദേശം 16 ലക്ഷം രൂപയാണ് വാഹനത്തിന്റെ റിപ്പയറിനായി ചെലവ് കണക്കാക്കിയിരിക്കുന്നത്. ഈ വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തി അമിത് കിഷോര്‍ ഗാസിയാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ വിക്രം ആദിത്യ മാലിക്കിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. മെര്‍സിഡീസ്-ബെന്‍സ് GLA നന്നാക്കിയെടുക്കാന്‍ ചെലവായ 16 ലക്ഷം രൂപയ്‌ക്കൊപ്പം തനിക്ക് നേരിട്ട മാനസിക സമ്മര്‍ദ്ദത്തിന് 5 ലക്ഷം രൂപയും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡ്രെയിനേജുകള്‍ വൃത്തിയാക്കുന്നതടക്കം മഴക്കാലത്തിന് മുമ്പായി മുനിസിപ്പാലിറ്റി വേണ്ടത്ര തയാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നും അതാണ് തന്റെ വാഹനം കേടാകാന്‍ കാരണമെന്നാണ് മെര്‍സിഡീസ് ഉടമ ആരോപിക്കുന്നത്. ഓവുചാലുകള്‍ക്ക് സമീപവും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും അനധികൃത കൈയേറ്റങ്ങള്‍ അനുവദിച്ചതും വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമായതായി കാര്‍ ഉടമ ചൂണ്ടിക്കാണിച്ചു. പൊതുജനം ഈ വിഷയത്തില്‍ മുമ്പ് പരാതി നല്‍കിയിട്ടും അധികാരികള്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കുകയായിരുന്നുവെന്നാണ് കിഷോര്‍ പറയുന്നത്.
തന്റെ നോട്ടീസിന് 15 ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയും (PIL) കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ ക്ലെയിമും ഫയല്‍ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൂടാതെ, അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ലോകായുക്ത അന്വേഷണവും ആവശ്യപ്പെടുമെന്ന് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ മാത്രമല്ല സമീപത്തുള്ള ആശുപത്രിയിലെ രോഗികള്‍ക്കും ആംബുലന്‍സുകള്‍ക്കും പോലും വെള്ളക്കെട്ട് കാരണം ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരുന്നുവെന്ന കിഷോറിന്റെ വാദം ഗൗരവകരമാണ്.

വിഷയത്തില്‍ മുനിസിപ്പാലിറ്റിയുടെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. 'അമിത് കിഷോര്‍ നല്‍കിയ പരാതിയോടൊപ്പം സമര്‍പ്പിച്ച ചിത്രത്തില്‍ കാണുന്ന വാഹനം ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ ടയറുകളില്‍ പോലും വെള്ളം കയറിയതായി കാണുന്നില്ല. മഴവെള്ളം കെട്ടിക്കിടന്നതുകൊണ്ടാണ് വാഹനം കേടായതെന്ന് ഒരു വിദഗ്ധനും സാക്ഷ്യപ്പെടുത്തിയിട്ടില്ല. നഗരത്തില്‍ ഇത്തരം കൂടുതല്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല' ഗാസിയാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ വിക്രം ആദിത്യ മാലിക് പറഞ്ഞു.
ഏതായാലും ഈ വിഷയത്തില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ചെറിയ അളവില്‍ ആണെങ്കിലും റോഡില്‍ വെള്ളക്കെട്ട് ഉള്ളപ്പോള്‍ അതിനു മുകളിലൂടെ വേഗത്തില്‍ വാഹനം ഓടിക്കുന്നത് ഒഴിവാക്കണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന. തീര്‍ത്തും ഒഴിവാക്കാന്‍ സാഹചര്യത്തില്‍ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ മാത്രം ഓടിക്കുക.
മണ്‍സൂണില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോള്‍ അവിടങ്ങളില്‍ വെള്ളക്കെട്ടിന്റെ വ്യാപ്തി എത്രയാണെന്ന് നമുക്ക് നിര്‍ണയിക്കാന്‍ സാധിക്കില്ല. വെള്ളക്കെട്ടിലൂടെ ഓടിക്കുമ്പോള്‍ വാഹനം സ്തംഭിച്ചാല്‍ ഒരിക്കലും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. അങ്ങിനെ ചെയ്യുന്നത് എഞ്ചിനില്‍ വെള്ളം കയറി ഗുരുതരമായ കേടുപാടുകളുണ്ടാകാന്‍ കാരണമാകും. വണ്ടിയില്‍ നിന്നും ഇറങ്ങി തള്ളി മാറ്റാന്‍ ശ്രമിക്കണം. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കില്‍ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറില്‍ തന്നെ ഓടിക്കാം.
അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം. പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനത്തില്‍ വെള്ളം കയറിയെങ്കില്‍ ഒരു കാരണവശാലും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കാതെ സര്‍വീസ് സെന്ററില്‍ അറിയിക്കുന്നതാണ് ഉത്തമം. മഴക്കാലത്ത് സുരക്ഷ മുന്‍നിര്‍ത്തി അപരിചിതമായ റോഡുകള്‍ ഒഴിവാക്കി പരിചയമുള്ള റോഡുകളിലൂടെയാക്കണം യാത്ര. മുകളില്‍ പറഞ്ഞ ബെന്‍സ് ഉടമയുടെ അനുഭവം മുന്‍നിര്‍ത്തി മുന്‍കരുതല്‍ സ്വീകരിക്കുന്നതാകും എല്ലാവര്‍ക്കും നല്ലത്.


Click it and Unblock the Notifications








