ധൈര്യത്തില്‍ വിളിക്കാം 'കോമെറ്റ് സര്‍'; എംജി ഇവിയിടിച്ച ഇന്നേവയുടെ ഗതി കണ്ടോ...
ബില്‍ഡ് ക്വാളിറ്റിയുടെ കാര്യത്തില്‍ കുഞ്ഞന്‍ കാറുകളെ ഒരിക്കലും വില കുറച്ച് കാണരുതെന്ന കാര്യം തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ നാം കണ്ടിട്ടുണ്ട്. പണ്ട് ടാറ്റ നാനോ ആയിരുന്നു കൂട്ടിയിടിയിലും മറ്റ് വാഹനങ്ങളേക്കാള്‍ പാറപോലെ ഉറച്ച് നിന്ന് 'ലോര്‍ഡ്' നാനോ എന്ന വിളിപ്പേരെല്ലാം സമ്പാദിച്ചത്.
ഇപ്പോള്‍ സമാനമായി രീതിയില്‍ ബില്‍ഡ് ക്വളിറ്റി കൊണ്ട് കൈയ്യടി നേടുകയാണ് നാനോയെ പോലെ തന്നെ മറ്റൊരു കുഞ്ഞന്‍ കാര്‍. എന്നാല്‍ ഇതൊരു ഐസിഇ മോഡലല്ല മറിച്ചൊരു ഇലക്ട്രിക് കാറാണ്. എംജി കോമെറ്റ് ഇവിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. അപകടത്തില്‍ മറുവശത്ത് ഉണ്ടായിരുന്നത് രാജ്യത്തെ എംപിവി സെഗ്‌മെന്റ് രാജാവായ ടൊയോട്ട ഇന്നോവ ഹൈക്രോസാണ്. ഹൈവേയിലായിരുന്നു എംജി കോമെറ്റ് ഇവിയുടെ 'ക്രാഷ് ടെസ്റ്റ്'.

എംജി കോമെറ്റ് ഡ്രൈവര്‍ക്ക് കൃത്യസമയത്ത് ബ്രേക്ക് അപ്ലൈ ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇവി ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ പിന്‍ഭാഗത്ത് ഇടിച്ചതാണെന്നാണ് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അപകട സ്ഥലത്ത് കൂടി കടന്ന് പോയ മറ്റൊരു വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് എംജി കോമെറ്റ് ഹൈക്രോസില്‍ ഇടിച്ചതിന്റെ 'റിസല്‍ട്ട്' പകര്‍ത്തിയത്. എംജി കോമറ്റ് വന്നിടിച്ചതിന്റെ ഫലമായി ഇന്നോവ ഹൈക്രോസിന്റെ പിന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
നിരവധി സേഫ്റ്റി ഫീച്ചറുകളുമായി വരുന്ന ഇന്നോവ ഹൈക്രോസില്‍ അപകടത്തിന്റെ ആഘാതം ഉള്‍ക്കൊള്ളാന്‍ രൂപകല്‍പ്പന ചെയ്ത മിക്ക ഘടനകളും മുന്‍വശത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്നോവയുടെ ക്രാമ്പിള്‍ സോണുകളെ ഇപ്പോള്‍ ആധികാരികമായി പറയാന്‍ സാധിക്കില്ല. അപകടത്തില്‍ പെട്ട കാറുകളില്‍ സഞ്ചരിച്ചവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. എംജിയുടെ മുന്‍ഭാഗവുമായി തട്ടിച്ച്‌നോക്കുമ്പോള്‍ ഹൈക്രോസിന്റെ പിന്‍ഭാഗത്താണ് കേടുപാടുകള്‍ കൂടതലെന്ന് തോന്നുന്നു.

എന്നാല്‍ എംജി കോമെറ്റ് ഇവിയുടെ ബമ്പര്‍ പൊളിഞ്ഞിട്ടുണ്ട്. ഇന്നോവ ഹൈക്രോസിന്റെ മെറ്റല്‍ ബോഡിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മികച്ച ബില്‍ഡ് ക്വാളിറ്റിയും സേഫ്റ്റി ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാണ് രാജ്യത്ത് ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാറായ എംജി കോമെറ്റ് പുറത്തിറക്കിയത്. ഇക്കഴിഞ്ഞ ജൂലൈയില്‍ കോമെറ്റ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസുമായി കൂട്ടിയിടിച്ച സംഭവം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അന്നും കോമെറ്റ് തന്റെ ബില്‍ഡ് ക്വാളിറ്റി തെളിയിച്ചിരുന്നു. ഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്ന 17 ഹോട്ട് സ്റ്റാമ്പിംഗ് പാനലുകള്‍ ഉള്‍ക്കൊള്ളുന്ന കരുത്തുറ്റ ബോഡിയാണ് കോമറ്റിന് എംജി നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെയും ബാറ്ററിയുടെയും സുരക്ഷ ഉറപ്പാക്കാനയി നിരത്തിലെത്തുന്നതിന് മുമ്പ് 39 കര്‍ശന പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ട് ഈ കാര്‍. കുറഞ്ഞ വിലയിലുള്ള ഇവിയാണെങ്കിലും സേഫ്റ്റിയുടെ കാര്യത്തില്‍ എംജി യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല.

സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നതനായി എംജി നിരവധി സേഫ്റ്റി ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ABS, EBD, 3 പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ- സെന്‍സര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് പ്രൊവിഷന്‍ എന്നിവയാണ് കോമെറ്റില്‍ സജ്ജീകരിച്ചിരിക്കുന്ന സേഫ്റ്റി ഫീച്ചറുകള്‍. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ചെറിയ നാലുചക്ര വാഹനമാണെങ്കിലും പ്രായോഗികതക്ക് കോമറ്റ് മുന്‍ഗണന നല്‍കുന്നു.
ബോക്‌സി ആകൃതിയിലുള്ള ഉള്ള കോമെറ്റ് ഇലക്ട്രിക് സ്‌കേറ്റ്ബോര്‍ഡ് ആര്‍ക്കിടെക്ചറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2,010 mm വീല്‍ബേസ് ഉള്ളതിനാല്‍ തന്നെ അകത്തളം അത്യാവശ്യം വിശാലമാണ്. വിംഗ് മിറര്‍ ക്രോം, പിയാനോ ബ്ലാക്ക് സ്ട്രൈപ്പ് പൂര്‍ണ വീതിയിലുള്ള എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവ ഫ്രണ്ടിലെ ഡിസൈന്‍ ഹൈലൈറ്റുകളാണ്. 12 ഇഞ്ച് അലോയ് വീലുമായാണ് ഇത് വരുന്നത്. 17.3 kWh ബാറ്ററി പായ്ക്കാണ് കോമെറ്റില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഫുള്‍ ചാര്‍ജില്‍ 230 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 7 മണിക്കൂറില്‍ കോമെറ്റിന്റെ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. എന്നാല്‍ കോമെറ്റ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണക്കുന്നില്ല. മൂന്ന് ഡ്യുവല്‍ ടോണ്‍ രണ്ട് മോണോ ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ഇവി വാങ്ങാന്‍ സാധിക്കും.
പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് കോമെറ്റ് ഓഫര്‍ ചെയ്യുന്നത്. 7.98 ലക്ഷം മുതല്‍ 9.98 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളി ഇല്ലെങ്കിലും ടാറ്റ ടിയാഗോ ഇവി, സിട്രണ്‍ eC3 എന്നിവയുമായാണ് കോമെറ്റിന്റെ പോരാട്ടം.


Click it and Unblock the Notifications








