MG Hector മുതൽ Kia Seltos വരെ; വലിയ ബൂട്ട് കപ്പാസിറ്റിയുള്ള ഇന്ത്യയിലെ മികച്ച എസ്‌യുവികള്‍
നിലവിലെ കാര്‍ ട്രെന്‍ഡുകളില്‍ എസ്‌യുവികളോടാണ് ആളുകള്‍ക്ക് പ്രിയം ഏറെയും. എസ്‌യുവികള്‍ മികച്ച റോഡ് പ്രെസന്‍സ്, മികച്ച ദൃശ്യപരത, പ്രായോഗികത, പ്രയോജനം എന്നിവ വാഗ്ദാനം ചെയ്യുന്നതിനാല്‍ മാതൃകാപരമായ ഈ മാറ്റം സംഭവിച്ചു.

പ്രധാന ഭൂപ്രദേശങ്ങളിലൂടെ പോകാനും റോഡുകളുടെ മോശം പാച്ചുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും ഇവയക്ക് പ്രത്യേകം സാധിക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങളെല്ലാം എസ്‌യുവികളുടെ ജനപ്രീതി രാജ്യത്ത് വര്‍ദ്ധിപ്പിച്ചുവെന്ന് പറയുന്നതാകും ശരി.

ബൂട്ട് സ്‌പേസും ഇപ്പോള്‍ ഒരു ചോയിസായി മാറിയിരിക്കുകയാണ്. ആധുനിക എസ്‌യുവികളില്‍ നല്‍കിയിരിക്കുന്ന ബൂട്ട് സ്‌പേസ് ഇന്ന് വാഹനം തെരഞ്ഞെടുക്കുന്നതിലെ ഒരു ചോയിസായി കൂടി പരിഗണിക്കുന്നു.

അതുകൊണ്ട് തന്നെ ഇന്ന് രാജ്യത്ത് ലഭ്യമായ ഏറ്റവും വലിയ ബൂട്ട് ശേഷിയുള്ള മികച്ച കുറച്ച് എസ് യുവി മോഡലുകളെയാണ് പരിയപ്പെടുത്തുന്നത്. 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വലിയ ബൂട്ട് കപ്പാസിറ്റിയുള്ള ഇന്ത്യയിലെ മികച്ച എസ്‌യുവികള്‍ ഇതൊക്കെയാണ്.

എംജി ഹെക്ടര്‍ (587 ലിറ്റര്‍)
എംജിയുടെ ജനപ്രീയ മോഡലുകളില്‍ ഒന്നാണ് ഹെക്ടര്‍. തുടക്കം മികച്ചതായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി വില്‍പ്പനയില്‍ കാര്യമായ ഒരു ചലനം സൃഷ്ടിക്കാന്‍ വാഹനത്തിന് സാധിച്ചിട്ടില്ല. 14.43 ലക്ഷം രൂപ മുതലാണ് ഹെക്ടറിന്റെ എക്സ്‌ഷോറൂം വില.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്, 141 bhp കരുത്തും 250 nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, 167.6 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. 587 ലിറ്ററിന്റെ ക്ലാസ് ലീഡിംഗ് ബൂട്ട് കപ്പാസിറ്റി വാഹനത്തിനുണ്ടെന്നതാണ് മറ്റൊരു പ്രധാന ഹൈലൈറ്റ്.

എംജി ആസ്റ്റര്‍ (488 ലിറ്റര്‍)
488 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയുമായി എംജി ആസ്റ്റര്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. എംജി നിരയിലെ മറ്റൊരു മോഡലാണിത്. വലിയ പ്രതീക്ഷകളോടെയാണ് വാഹനം വിപണിയില്‍ എത്തിച്ചതെങ്കിലും കമ്പനിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ആസ്റ്ററിന് ഇതുവരെയും സാധിച്ചിട്ടില്ല.

138 bhp കരുത്തും 220 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, 108.5 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് എംജി ഇന്ത്യയില്‍ ആസ്റ്ററിനെ വാഗ്ദാനം ചെയ്യുന്നത്. എംജി ആസ്റ്ററിന് 10.32 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില.

ജീപ്പ് കോമ്പസ് (438 ലിറ്റര്‍)
ആരാധകവൃന്ദമുള്ള പട്ടികയിലെ മറ്റൊരു ശ്രദ്ധേയമായ ഉല്‍പ്പന്നമാണ് ജീപ്പ് കോമ്പസ്. ഇതിന്റെ അടിസ്ഥാന വേരിയന്റിന് 20 ലക്ഷത്തില്‍ താഴെയാണ് വില.

160 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ വേരിയന്റിന് കരുത്തേകുന്നത്. 19.29 ലക്ഷം രൂപയാണ് ജീപ്പ് കോമ്പസ് 1.4 സ്പോര്‍ട്ടിന്റെ എക്സ്ഷോറൂം വില. 438 ലിറ്ററാണ് ഇതിന്റെ ബൂട്ട് കപ്പാസിറ്റി.

ഹ്യുണ്ടായി ക്രെറ്റ (433 ലിറ്റര്‍)
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളില്‍ ഒന്നാണ് ഹ്യുണ്ടായി ക്രെറ്റ. ഇത് അതിന്റെ രണ്ടാം തലമുറയിലാണ് ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. അധികം വൈകാതെ തന്നെ പുതിയൊരു മോഡല്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നാണിത്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ വാഗ്ദാനം ചെയ്യുന്നത്. 113.4 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 113.4 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ എന്നിവയാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റയുടെ പ്രാരംഭ വില 10.44 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം). 433 ലിറ്ററാണ് ഇതിന്റെ ബൂട്ട് കപ്പാസിറ്റി.

കിയ സെല്‍റ്റോസ് (433 ലിറ്റര്‍)
ഈ ലിസ്റ്റിലെ ഉയര്‍ന്ന വില്‍പ്പനയുള്ള മറ്റൊരു ഉല്‍പ്പന്നമാണ് കിയ സെല്‍റ്റോസ്, ഇന്ന് വിപണിയിലെ ഏറ്റവും മികച്ച കോംപാക്ട് എസ്‌യുവിയാണിത്. സെല്‍റ്റോസിന് അകത്തും പുറത്തും നിരവധി സവിശേഷതകളും ഫീച്ചറുകളും കിയ വാഗ്ദാനം ചെയ്യുന്നു.

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് കിയ സെല്‍റ്റോസിനെ വാഗ്ദാനം ചെയ്യുന്നത്. 138 bhp കരുത്തും 242 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, 113.4 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 123 bhp കരുത്ത് സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് എഞ്ചിന്‍ ഓപ്ഷനുകള്‍. 10.49 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റയ്ക്ക് സമാനമായി കിയ സെല്‍റ്റോസിന് 433 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയുണ്ട്.


Click it and Unblock the Notifications