അംബാനിക്കല്ല്യാണത്തിന് 'ഗാനമേള' നടത്തി റിച്ചായി! പ്രധാന ഗായികക്ക് ലക്ഷ്വറി കാര്‍ സമ്മാനിച്ച് മിക സിംഗ്
ഗായകന്‍, റാപ്പര്‍, സംഗീതജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് മിക സിംഗ്. തന്റെ ജീവന്‍ ഊതിയാണ് മിക സിംഗ് ഓരോ ഗാനവും ആലപിക്കുന്നതെന്നാണ് പൊതുവേ പറയാറുള്ളത്. ദില്‍ മേ ബാജി ഗിത്താര്‍, പ്യാര്‍ കെ സൈഡ് ഇഫക്ട്സ്, ദില്‍ തോഡ് കെ നാ ജാ, മൗജാ ഹി മൗജ എന്നിവയാണ് മിക സിങ്ങിന്റെ ആദ്യ കാലത്തെ ഹിറ്റ് ഗാനങ്ങള്‍. ഹൗസ്ഫുള്‍, പ്യാര്‍ കാ പഞ്ച്നാമ, സിംഗ് ഈസ് കിംഗ്, പാഡ്മാന്‍, ബോഡിഗാര്‍ഡ്, ഡബിള്‍ ധമാല്‍, ഹീറോപന്തി 2 എന്നിവയുള്‍പ്പെടെയുള്ള നിരവധി ഹിറ്റ് ബോളിവുഡ് ചിത്രങ്ങള്‍ക്കായി മിക സിംഗ് ഗാനങ്ങള്‍ ആലപിച്ചു.
നിരവധി സോളോ ആല്‍ബങ്ങള്‍ പുറത്തിറക്കിയ മിക ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു ഗാനത്തിന് 20 ലക്ഷം രൂപ വരെയാണ് മിക സിംഗ് പ്രതിഫലമായി വാങ്ങുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ലൈവ് ഷോകള്‍ മിക സിംഗ് സംഘടിപ്പിക്കാറുണ്ട്. തന്റെ കൂടെ സ്‌റ്റേജില്‍ പാടുന്ന ഗായകരോട് വളരെ സ്‌നേഹമാണ് മിക സിംഗിന്.

അദ്ദേഹം തന്റെ സ്‌നേഹവും കരുതലും വാക്കില്‍ മാത്രം ഒതുക്കുന്നതല്ലെന്ന് തെളിയിക്കുന്ന ഒരു സംഗതിയെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. തന്റെ ലൈവ് ഷോകളിലെ പ്രധാന ഗായിക നിക്കി സിംഗിന് ഒരു ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് മിക സിംഗ്. തന്റെ പ്രധാന ഗായികക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന മെര്‍സിഡീസ് GLE എസ്‌യുവിയാണ് മിക സമ്മാനിച്ചത്.
മികയോടൊപ്പം ഏറെ നാളായി പ്രവര്‍ത്തിക്കുന്ന ഗായികയാണ് നിക്കി സിംഗ്. വിവിധ പരിപാടികളില്‍ ഇരുവരും ഒരുമിച്ച് സ്‌റ്റേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യ മൊത്തം കൊട്ടിഘോഷിക്കപ്പെട്ട അനന്ത് അംബാനി രാധിക മെര്‍ച്ചന്റ് വിവാഹത്തിനായിരുന്നു ഇവരുടെ അവസാന ഷോ. വിവാഹത്തില്‍ സംഗീത നിശക്കായി കോടികളാണ് പൊടിച്ചത്. ലൈവ് ഷോകള്‍ കൂടാതെ മിക സിംഗ് പിന്നണി ഗാനരംഗത്തും സജീവമായി തുടരുന്നു.

അദ്ദേഹം അടുത്തിടെ സര്‍ഫിറ എന്ന ചിത്രത്തിലെ ധോഖ, വൈല്‍ഡ് വൈല്‍ഡ് പഞ്ചാബ് എന്ന ചിത്രത്തിലെ സുത്തേബാസ് ഹസീന എന്നീ ഗാനങ്ങള്‍ ആലപിച്ചു. വരാനിരിക്കുന്ന വെല്‍ക്കം ടു ദി ജംഗിള്‍ എന്ന ചിത്രങ്ങളില്‍ ബന്ധുവും ഇതിഹാസ ഗായകനുമായ ദലേര്‍ മെഹന്ദിയ്ക്കൊപ്പം അഭിനയിക്കാനുമൊരുങ്ങുകയാണ് മിക. മിക സിംഗ് സഹപ്രവര്‍ത്തകയ്ക്ക് നല്‍കിയ കാറിനെ കുറിച്ച് പറയുമ്പോള്‍ കഴിഞ്ഞ നവംബറിലാണ് ജര്‍മന്‍ ബ്രാന്‍ഡ് GLE എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്.
96.40 ലക്ഷം മുതല്‍ 1.15 കോടി രൂപ വരെയാണ് ലക്ഷ്വറി എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. യൂസ്ഡ് കാറാണ് മിക നിക്കിക്ക് സമ്മാനിച്ചതെന്ന് തോന്നുന്നു. ആഡംബര എസ്‌യുവി ലോംഗ് വീല്‍ബേസ് (LWB) ഫോര്‍മാറ്റില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. GLE 300 d 4Matic, GLE 450 4Matic, GLE 450 d 4Matic എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇത് വാങ്ങാം.
2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ബേസ് GLE 300 d വേരിയന്റിന് കരുത്ത് പകരുന്നത്. 265 bhp പവറും 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ടോപ്പ് എന്‍ഡ് പെട്രോള്‍ ഓപ്ഷനായ GLE 450-ക്ക് തുടിപ്പേകുന്നത്.
375 bhp പവറും 500 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള മോട്ടോര്‍ ആണിത്. അതേ സമയം ടോപ്പ്-സ്‌പെക്ക് GLE 450 d-യിലെ 3.0-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 362 bhp കരുത്തില്‍ 750 Nm വരെ ടോര്‍ക്കും പുറപ്പെടുവിക്കുന്നു. മൂന്ന് പവര്‍ട്രെയിനുകളും 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി വരുന്നു.
ഒരു ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ISG) ഒരു ചെറിയ ഇടവേളയില്‍ 20 bhp പവറും 200 Nm ടോര്‍ക്കും അധികമായി നല്‍കുന്നു.ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ടപ്പെട്ട ആഡംബര കാറുകളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ് GLE. അഭിനേതാക്കളായ ബൊമന്‍ ഇറാനി, തപ്സി പന്നു, ഫര്‍ഹാന്‍ അക്തര്‍, സോഹ അലി ഖാന്‍, ഗൗഹര്‍ ഖാന്‍ എന്നിവര്‍ മെര്‍സിഡീസ് ബെന്‍സ് GLE ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








