വാഹനങ്ങൾക്ക് ഇന്ധനമായി ഇനി പാലും? ലോക ശ്രദ്ധയാകര്‍ഷിച്ച് ക്ഷീര കര്‍ഷകരുടെ നീക്കം
തങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യമായി ചിലര്‍ പാലിനെ കുറിച്ച് പറയാറുണ്ട്. അക്കൂട്ടത്തിലെ പ്രമുഖനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ മഹേന്ദ്ര സിംഗ് ധോണി. ദിവസവും നാല് ലിറ്റര്‍ പാല്‍ താന്‍ കുടിക്കാറുണ്ടെന്ന് കരിയറിന്റെ തുടക്കകാലത്ത് ധോണി വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. കൂളായി ഗാലറിയുടെ മൂലയിലേക്ക് സിക്‌സറുകള്‍ പറത്തിയിരുന്ന ധോണിയുടെ കരുത്തിന്റെ രഹസ്യമായി പാല്‍ അന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
പാലിന് ആരോഗ്യകരമായ ഒട്ടനവധി ഗുണമുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായ പാല്‍ വാഹനങ്ങളില്‍ ഇന്ധനമായി വന്നാലോ?. അതെ സംഭവം സത്യമാണ്. അതിനെ കുറിച്ച് നമുക്ക് തുടര്‍ന്ന് വായിക്കാം. പാലിനെ ഊര്‍ജ്ജത്തിന്റെ കലവറയെന്ന് വിശേഷിപ്പിക്കാറുണ്ട്. വിവിധയിനം പോഷകങ്ങളാല്‍ സമ്പന്നമായതിനാലാണ് ഇങ്ങനെ. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും ദ്രാവകരൂപത്തില്‍ ലഭ്യമാക്കുന്നുവെന്നതാണ് പാലിന്റെ ഒരു ഗുണമായി പറയപ്പെടുന്നത്.

പാലില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലിനും പല്ലിനും മികച്ച ആരോഗ്യം നല്‍കും. ഒപ്പം തന്നെ പാലില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഡി എല്ലുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യുന്നു. പാലില്‍ സമൃദ്ധമായി കാണപ്പെടുന്ന അമിനോ ആസിഡുകള്‍ പേശീനിര്‍മാണത്തെ സഹായിക്കുകയും അതുവഴി ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യും. പാലിലുള്ള ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് ഉറക്കത്തെ സഹായിക്കുന്നതിനാലാണ് ചിലര്‍ ഉറക്കത്തിന് മുമ്പ് പാല്‍ കുടിക്കുന്നത്.
രക്ത സമ്മര്‍ദം വര്‍ധിക്കാതെ സഹായിക്കാനും പാലിനാകും. അതിനാണ് പാലിലെ പൊട്ടാസ്യം. ഇത്തരത്തില്‍ ഒട്ടനവധി ഗുണങ്ങളുള്ള പാലില്‍ നിന്നും നമ്മുടെ വാഹനങ്ങള്‍ ഓടിക്കാന്‍ ആവശ്യമായ ഇന്ധനങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചാല്‍ സംഗതി ഉഷാറാവില്ലേ. അമേരിക്കയിലെ മിഷഗണിലെ ക്ഷീര കര്‍ഷകരാണ് പാല്‍ വാഹനം ഓടിക്കുന്നതിനാവശ്യമായ ഇന്ധനമാക്കി മാറ്റാനുള്ള പരിപാടികള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാലില്‍ നിന്ന് വോഡ്കയുണ്ടാക്കുന്ന കമ്പനികള്‍ അമേരിക്കയിലുണ്ട്.

അത്തരത്തിലുള്ള ഒന്റാരിയോയിലെ ഡയറി ഡിസ്റ്റിലറുമായിട്ടാണ് മിഷിഗണ്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൈകോര്‍ത്തിരിക്കുന്നത്. പാലില്‍ നിന്ന് വോഡ്കയുണ്ടാക്കുന്നതും പാലില്‍ നിന്ന് ഇന്ധമുണ്ടാക്കുന്നതും തമ്മില്‍ എന്ത് ബന്ധമെന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ സംഗതി ഇരുക്ക്. അള്‍ട്രാഫില്‍റ്ററിംഗ് പ്രക്രിയയുടെ ഒരു ഉപോല്‍പ്പന്നമാണ് മില്‍ക്ക് പെര്‍മീറ്റ്. അത് യീസ്റ്റില്‍ ചേര്‍ത്താല്‍ എഥനോള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഡെയ്‌റി ഡിസ്റ്റിലര്‍ അവകാശപ്പെടുന്നത്.
ഫെ്‌ലക്‌സ് ഫ്യുവല്‍ ഇന്ധന വാഹനങ്ങളില്‍ ഉപയോഗപ്പെടുത്താവുന്ന എഥനോളിന്റെ നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിന് 41 മില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ പുതിയ പ്ലാന്റ് തുറക്കാനും പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ പാലില്‍ നിന്നടക്കം ഇന്ധനം വരുന്നത് വില കുറയുന്നതിന് കാരണമായേക്കും. എന്നാല്‍ ക്ഷീര കര്‍ഷക വ്യവസായം തന്നെ കാര്‍ബണ്‍ പുറംതള്ളുന്നതിനാല്‍ ഇതിനെ ഒരു ഹരിത ബദല്‍ എന്ന് വിശേഷിപ്പിക്കാനാകില്ല.
ചോളം, കരിമ്പ്, ബാര്‍ലി തുടങ്ങി വിവിധ വിളകളില്‍ നിന്ന് എഥനോള്‍ ഉണ്ടാക്കാം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നമ്മുടെ രാജ്യത്തും 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ അവതരിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നമ്മുടെ രാജ്യത്തും 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ അവതരിപ്പിച്ചിരുന്നു. കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായും, ഫോസില്‍ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായുമാണ് എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ (EBP) പദ്ധതി ആരംഭിച്ചത്.
രാജ്യത്ത് ഉപയോഗിക്കുന്ന പെട്രോളില്‍ 10 ശതമാനം എഥനോള്‍ കലര്‍ത്തുന്ന രീതിയായ E10 നേരത്തെ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തികമാക്കിയിരുന്നു. രാജ്യത്ത് ഇന്ധന ഇറക്കുമതി കുറക്കുന്നതിനും അതുവഴി കോടിക്കണക്കിന് രൂപ ലാഭിക്കുന്നതിനും വേണ്ടിയാണ് E20 ഇന്ധനത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. പെട്രോളിനേക്കാള്‍ കുറഞ്ഞ ചിലവില്‍ അതേ കാര്യക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഈ ഇന്ധനത്തിന്റെ മെച്ചം.
സാധാരണ ഇന്ധനവുമായി താരതമ്യം ചെയ്യുമ്പോള്‍ E20 ഇന്ധനം വാഹനത്തിന്റെ കാര്യക്ഷമത 20 ശതമാനം വരെ മെച്ചപ്പെടുത്തുന്നുവെന്ന് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. എഥനോള്‍ കലര്‍ന്ന പെട്രോള്‍ കാര്‍ബണ്‍ മോണോക്സൈഡ് (CO), ഹൈഡ്രോകാര്‍ബണ്‍സ് (HC), ഓക്സൈഡ്സ് ഓഫ് നൈട്രജന്‍ (NOx) തുടങ്ങിയ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications








