5 കോടിയുടെ സൂപ്പര്‍ കാറിന് നടത്തിയത് 'സിമ്പിള്‍' പൂജ; കോടീശ്വരനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി സൂപ്പര്‍-ഹൈപ്പര്‍ കാറുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്. ലംബോര്‍ഗിനി, ഫെറാറി, മസെരാട്ടി, മക്‌ലാരന്‍ എന്ന് തുടങ്ങി ലോകത്തിലെ ഒട്ടുമിക്ക പ്രമുഖ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളുടെ കാറുകള്‍ എല്ലാം ഇന്ന് ഇന്ത്യന്‍ നിരത്തുകള്‍ കൈയടക്കിയിട്ടുണ്ട്. മുമ്പ് ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്ന് തുടങ്ങിയ വമ്പന്‍ നഗരങ്ങളിലായിരുന്നു ഇവ കാണപ്പെട്ടിരുന്നത്.
എന്നാൽ ഇന്ന് ടയര്‍ 2 നഗരങ്ങളിലെയും സ്ഥിരം കാഴ്ചയാണ് സൂപ്പര്‍ കാറുകള്‍. ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന സൂപ്പര്‍കാറുകള്‍ വിദേശത്ത് നിര്‍മ്മിച്ച് നമ്മുടെ രാജ്യത്ത് ഇറക്കുമതി ചെയ്യുകയാണ് പതിവ്. സംഗതി കാര്‍ വിദേശി ആണെങ്കിലും ഇന്ത്യക്കാര്‍ പാരമ്പര്യം വിട്ടുള്ള ഒരു പരിപാടിക്കും ഒരുക്കമല്ല. സാധാരണ കാറുകള്‍ വാങ്ങിയാല്‍ മാത്രമല്ല 'വിദേശിയായ' സൂപ്പര്‍കാറുകള്‍ വാങ്ങിയാലും ക്ഷേത്രത്തിലെത്തിച്ച് പൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തുന്നു.

ചിലര്‍ ഇതിനെ അന്ധവിശ്വാസമെന്ന് വിശേഷിപ്പിക്കുമെങ്കിലും നമ്മുടെ നാട്ടുകാര്‍ കാറുകളോട് സൂക്ഷിക്കുന്ന ഇഷ്ടവും കരുതലുമെല്ലാം സൂചിപ്പിക്കുന്ന ഇവ നല്ലൊരു കാഴ്ച തന്നെയാണെന്നതാണ് മറുവശം. മുംബൈയില്‍ നിന്നാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. അടുത്തിടെയാണ് മുംബൈ സ്വദേശിയായ കോടീശ്വരന്‍ പുതിയ മക്ലാരന്‍ 720S സൂപ്പര്‍കാര്‍ വാങ്ങിയത്. കാര്‍ വാങ്ങിയതിന് പിന്നാലെ വീടിന് അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകളും നിര്‍വഹിച്ചു.
ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ കാര്‍ കണ്ട് ജനങ്ങള്‍ തടിച്ച് കൂടുകയും അതിന് മുന്നില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്. മക്ലാരന്‍ 720S സൂപ്പര്‍കാറിന് വേണ്ടി പൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തുന്നതിന്റെ വീഡിയോ യൂട്യൂബിലാണ് പ്രത്യക്ഷപ്പെട്ടത്. തൊട്ടുപിന്നാലെ സൂപ്പര്‍ കാറിന്റെ വാഹന പൂജ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്ത്യക്കാര്‍ പുതിയ വാഹനം വാങ്ങുമ്പോള്‍ വിശ്വാസത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വാഹന പൂജ നടത്തുന്നു.

ഇത് വാഹനങ്ങളുടെ ദീര്‍ഘായുസ് ഉറപ്പാക്കുമെന്നും റോഡപകടങ്ങള്‍ ഉണ്ടാക്കില്ലെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു. സാധാരണക്കാരും കോടീശ്വരന്‍മാരും മാത്രമല്ല പല സെലിബ്രിറ്റികളും ഈ പാരമ്പര്യങ്ങള്‍ പിന്തുടരാറുണ്ട്. മുമ്പ് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും നടന്‍ കാര്‍ത്തിക് ആര്യനും വാഹന പൂജ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. കാറുകള്‍ക്ക് മാത്രമല്ല പുതിയ ഹെലികോപ്റ്ററിന് പോലും ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നു.
മക്ലാരന്‍ 720S കാറിനെ കുറിച്ച് പറഞ്ഞാല്‍ ഇത് ഒരു ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍ കാറാണ്. മൊത്തത്തില്‍ മക്ലാരന്‍ 720S-ന്റെ 400 യൂണിറ്റുകള്‍ മാത്രമേ നിര്‍മിക്കുകയുള്ളൂ. ചുരുക്കി പറഞ്ഞാല്‍ മൊത്തത്തില്‍ 400 പേര്‍ക്ക് മാത്രമേ ഈ കാറിന്റെ ഉടമകളാകാന്‍ കഴിയൂ. മുംബൈ സ്വദേശിയായ ഈ കോടീശ്വരനും അവരില്‍ ഒരാളാണ്. എന്നാല്‍ ഒരുപിടി മക്ലാരന്‍ 720S സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനല്ല ഇദ്ദേഹം.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനവല്ലയുമാണ് ഇന്ത്യയില്‍ നിന്ന് മക്‌ലാരന്‍ 720S സ്വന്തമാക്കിയ പ്രമുഖര്‍. 2018-ല്‍ കാര്‍ സ്വന്തമാക്കിയ പൂനവല്ലയാണ് ഇന്ത്യയിലെ ആദ്യത്തെ മക്‌ലരന്‍ 720S സൂപ്പര്‍ കാര്‍ ഉടമ. കരുത്തുറ്റ 4.0 ലിറ്റര്‍ V8 ട്വിന്‍-ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് മക്ലാരന്‍ 720S സൂപ്പര്‍കാറിന് കരുത്തേകുന്നത്.
ഈ എഞ്ചിന്‍ പരമാവധി 710 bhp പവറും 770 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. വെറും 2.8 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ സൂപ്പര്‍ കാറിന് സാധിക്കും. കണ്ണിമചിമ്മുന്ന വേഗതയില്‍ 0-100 kmph വേഗത കാര്‍ കൈവരിക്കുമെന്ന് സാരം. മണിക്കൂറില്‍ 361 കിലോമീറ്ററാണ് ഈ സൂപ്പര്‍ കാറിന്റെ ഉയര്‍ന്ന വേഗത. സ്റ്റാന്‍ഡേര്‍ഡ്, ലക്ഷ്വറി, പെര്‍ഫോമന്‍സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ കാര്‍ വിപണിയില്‍ എത്തുന്നു.
4.65 കോടി രൂപയാണ് മക്ലാരന്‍ 720S-ന്റെ ഇന്ത്യന്‍ വിപണിയിലെ പ്രാരംഭ വില. അതേ സമയം ഈ കാറിന്റെ ടോപ് വേരിയന്റിന് 5.04 കോടി രൂപയാണ് എക്സ്‌ഷോറൂം വില. നിലവില്‍ മക്ലാരന്‍ 720എസ് കാറിന് വേണ്ടി ക്ഷേത്രത്തില്‍ പൂജ നടത്തിയിരിക്കുന്നത് അമിത് സിംഗ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ പശസ്തനായ വ്യവസായികളില്‍ ഒരാളാണ് അദ്ദേഹം.


Click it and Unblock the Notifications








