രാജാവിനെ വാങ്ങിയ മന്ത്രി! കേരളത്തിലെ ആദ്യ ടാറ്റ സിയറ സ്വന്തമാക്കിയ ത്രില്ലിൽ ഗണേഷ്കുമാർ
പഴയകാല പ്രതാപികളായിരുന്ന പല മോഡലുകളും ഇന്ന് തിരിച്ചു വരവിൻ്റെ പാതയിലാണ്. അതിൽ പ്രധാനിയാണ് ടാറ്റയുടെ സിയറ എന്ന മോഡൽ. ഏതൊരു വാഹനപ്രേമിയുടേയും പ്രിയപ്പെട്ട മോഡലുകളിലൊന്നായിരുന്നു അത്. എന്നാൽ വർഷങ്ങൾക്ക് മുൻപ് സ്വന്തമാക്കാൻ സാധിക്കാതിരുന്ന പലർക്കും ഇന്ന് അത് സ്വന്തമാക്കാൻ സുവർണാവസരം ഒരുക്കിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. നിരവധി കിടിലൻ മാറ്റങ്ങളും അത് പോലെ തന്നെ ടെക്നോളജി എല്ലാം കുത്തി നിറച്ച് കൊണ്ട് ഇതിഹാസത്തെ തിരികെ കൊണ്ടുവന്നപ്പോൾ ആളുകൾ രണ്ട് കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പഴയ സിയറ സ്വന്തമായിട്ടുണ്ടായിരുന്ന കേരളത്തിലെ മന്ത്രിമാർക്കിടയിലെ വാഹനപ്രേമിയും ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ യൂണിറ്റ് തന്നെ അദ്ദേഹം വാങ്ങുമെന്ന് ഉറപ്പായിരുന്നു.
അതേ മറ്റാരുമല്ല കേരളത്തിലെ ഗതാഗത മന്ത്രിയായ കെ ബി ഗണേഷ്കുമാറാണ് സംസ്ഥാനത്തെ ആദ്യ സിയറ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം തന്നെ അദ്ദേഹം വാഹനം ബുക്ക് ചെയ്തിരുന്ന വാർത്ത ഞങ്ങൾ നിങ്ങളിലേക്ക് എത്തിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹം തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ വാഹനത്തിൻ്റെ ഡെലിവറി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ടാറ്റയുടെ രാജാവിനെ തന്നെയാണ് മന്ത്രി തൂക്കിയിരിക്കുന്നത്.

ഇന്ത്യയിൽ ടാറ്റ സിയറയുടെ ആദ്യ ഡെലിവറി നേടിയതിൽ ഞാൻ ശരിക്കും ആഹ്ലാദിക്കുന്നു. ഒരു വാഹന പ്രേമി എന്ന നിലയിൽ, ഈ അവസരം എനിക്ക് അഭിമാനകരമായ നിമിഷമാണ് എന്നാണ് വണ്ടിപ്രാന്തനായ കേരളത്തിൻ്റെ ഗതാഗത മന്ത്രി തൻ്റെ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്. വീഡിയോയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി കമൻ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ആശംസകൾക്കൊപ്പം തന്നെ മന്ത്രിയുടെ പഴയ ക്വാളീസ് കൊടുക്കുന്നുണ്ടോ എന്നും പലരും ചോദിച്ചിട്ടുണ്ട്. അതിനൊപ്പം തന്നെ കമ്മീഷൻ കിട്ടിയോ സർ എന്നുള്ള ചില കളിയാക്കലുകളും കമൻ്റ് ബോക്സിലുണ്ട്. മന്ത്രിക്ക് സിയറ, നാട്ടുകാർക്ക് സസ്പെൻഷനില്ലാത്ത മാർക്കോപോള, സർ ഒരു റിവ്യൂ താങ്കളിൽ നിന്നും പ്രതിക്ഷിക്കുന്നു: പ്ലീസ്, നാണം ഉണ്ടോ നിങ്ങൾക്ക്...?ദാരിദ്ര്യം,അതിദാരിദ്ര്യം മാറിയോ സർക്കാരെ...?? എന്നിങ്ങനെ പോകുന്നു കമൻ്റുകൾ.

അതൊക്കെ വിട്ട് നമ്മൾക്ക് വാഹനത്തിൻ്റെ വിശേഷങ്ങളിലേക്ക് നോക്കാം. സ്മാര്‍ട്ട് പ്ലസ്, പ്യുവര്‍, പ്യുവര്‍ പ്ലസ്, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എന്നിവയാണ് ഈ വേരിയന്റുകള്‍. ഐക്കണിക് എസ്‌യുവി 11.49 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ടാറ്റ പുറത്തിറക്കിയത്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 21.29 ലക്ഷം രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇത്. എസ്‌യുവി ബുക്ക് ചെയ്ത് കൈയ്യില്‍ കിട്ടാന്‍ ഏകദേശം രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ നിന്ന് ലഭിക്കുന്ന വിവരം.
പഴയ സിയറയുടെ ഐക്കണിക് ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ആധുനികമായ മാറ്റങ്ങളോടെയാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. ഒറിജിനല്‍ സിയറയിലെ ആല്‍പൈന്‍ വിന്‍ഡോസ് എന്ന് വിളിക്കുന്ന വലിയ റാപ്പറൗണ്ട് റിയര്‍ ഗ്ലാസ് പാനല്‍ ആധുനിക രീതിയില്‍ പുതിയ മോഡലില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. ഇതിനൊപ്പം ബോക്സി ഡിസൈന്‍, ഉയര്‍ന്ന പിന്‍ഭാഗം എന്നിവ കൂടി ചേരുന്നതോടെ എസ്‌യുവിക്ക് നൊസ്റ്റാള്‍ജിക് ലുക്ക് ലഭിക്കുന്നു.

മൂന്ന് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളിലാണ് സിയറ എത്തുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണവ. ഇതില്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 160 hp പവറും 255 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് ഡിസിഎ (DCA) ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇതിലുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








