കാശുണ്ടെങ്കിൽ കാറിൽ അല്ല സ്വിമ്മിങ്ങ് പൂൾ വീട്ടിൽ പണിയണം! സഞ്ജു ടെക്കിക്കെതിരെ മന്ത്രി ഗണേഷ് കുമാർ
ആവേശം സ്റ്റൈലിൽ കാർ സ്വിമ്മിങ്ങ് പൂളാക്കിയ യുട്യൂബർ സഞ്ജു ടെക്കിക്ക് എതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പണമുള്ളവന്‍ കാറിലല്ല സ്വിമ്മിങ് പൂള്‍ പണിയേണ്ടത്, പകരം വീട്ടില്‍ പണിയണം. ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് നമ്മളായി റീച്ച് ഉണ്ടാക്കിക്കൊടുക്കരുതെന്നും മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട, പഴയ കാലമല്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. കാറിന്റെ മാത്രമല്ല കാറിനുള്ളിലും പുറത്തുമുള്ളവരുടെ വരെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലാണ് പ്രശസ്ത യുട്യൂബറിൻ്റെ ഈ പ്രവൃത്തിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ആവേശം എന്ന സിനിമയില്‍ ലോറിയുടെ പിന്‍ഭാഗത്ത് സ്വിമ്മിംഗ് പൂൾ സെറ്റ് ചെയ്തതിന് ശേഷം കുളിക്കുന്ന രംഗങ്ങളുമുണ്ടായിരുന്നു. ടാറ്റയുടെ നിലവിലെ മുൻനിര മോഡലായ സഫാരിയുടെ പ്രീ ഫെയ്സ്‌ലിഫ്റ്റ് മോഡലാണ് ഇവര്‍ വെള്ളം നിറച്ച് പൂൾ ഒരുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. പിന്നിലെ പാസഞ്ചര്‍ സീറ്റിന്റെ ഭാഗത്ത് ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച് പ്ലാസ്റ്റിക് കയറുകൊണ്ട് ഫ്രണ്ട് സീറ്റിലും പിന്നിലുമെല്ലാം കെട്ടിയ ശേഷമാണ് പൈപ്പ് ഉപയോഗിച്ച് ഇതിൽ വെള്ളം നിറക്കുന്നത്.

ഈ വെള്ളത്തില്‍ ഡ്രൈവര്‍ ഒഴികെയുള്ള ബാക്കിയുള്ളവര്‍ ഇരുന്നും കിടന്നുമൊക്കെയാണ് വാഹനത്തിൽ സഞ്ചരിക്കുന്നത് എന്ന് വിഡിയോയിൽ കാണാം. പൊതു നിരത്തിലൂടെ ഈ കാര്‍ സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങളും ഇതിലുണ്ട്. പകല്‍ സമയം നല്ല ഗതാഗത തിരിക്കുള്ളപ്പോഴാണ് ഇവര്‍ സ്വിമ്മിംഗ് പൂള്‍ കാറുമായി പുറത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.
വഴിയിലുള്ള യാത്രക്കാര്‍ പല തരത്തില്‍ കാറിനുള്ളിലേക്കു നോക്കുന്നതും കാണാം. ഇതിനിടെ കയർ ലൂസായി വെള്ളം ചോര്‍ന്ന് ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തേക്ക് പോവുകയും സൈഡ് എയര്‍ബാഗ് പുറത്തേക്കു വരികയും ചെയ്യുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നതായി കാണാം. എയർബാഗ് ഓപ്പൺ ആയതോടെ പിന്നിലെ ഡോര്‍ തുറന്ന് ഇവർ വെള്ളം പൊതു നിരത്തിലേയ്ക്കാണ് ഒഴുക്കി വിടുന്നതും.

ആര്‍ടിഒയുടെ പരാതിയില്‍ മണ്ണഞ്ചേരി പൊലീസ് സഞ്ജുവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുക്കുകയും ഓഫീസിൽ ഹാജരാകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. സഞ്ജുവിനൊപ്പം യാത്ര ചെയ്തവരും നടപടി നേരിടേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം. കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത റീച്ച് കേസ് മൂലം തനിക്ക് കിട്ടിയെന്ന് സഞ്ജു പരിഹസിച്ചിരുന്നു. ആര്‍ടിഒക്കും മാധ്യമങ്ങൾക്കും നന്ദി എന്നായിരുന്നു നിയമപരമായ ശിക്ഷാ നടപടിയെ പരിഹസിച്ചുകൊണ്ട് സഞ്ജു പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞത്.
സഞ്ജുവിൻ്റെ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് സഫാരിയെകുറിച്ച് വിശദമായി നോക്കിയാൽ ഹാരിയര്‍ എസ്‌യുവിയെ ശക്തിപ്പെടുത്തുന്ന അതേ 2.0 ലിറ്റര്‍ 'ക്രയോടെക്' ഡീസല്‍ എഞ്ചിനാണ് സഫാരിയുടേയും കരുത്ത്. എഞ്ചിന്റെ ഏറ്റവും പുതിയ ബിഎസ് VI പതിപ്പ് 168 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കുന്നു.

ടൂ വില്‍ ഡ്രൈവ് (2WD) സിസ്റ്റം വഴി എഞ്ചിന്‍ ഫ്രണ്ട് വീലുകളെ ശക്തിപ്പെടുത്തുന്നു. ടോപ്പ്-സ്‌പെക്ക് ട്രിം ഉള്‍പ്പെടെയുള്ള വേരിയന്റുകളൊന്നും ഓപ്ഷണല്‍ ഫോര്‍ വീല്‍ ഡ്രൈവ് (4WD) സിസ്റ്റത്തില്‍ വരുന്നില്ല. ടാറ്റയുടെ സേഫ്റ്റിയെ കുറിച്ച് വിശദമായി നോക്കിയാൽ ഗ്ലോബല്‍ NCAP നടത്തിയ ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ റേറ്റിംഗുകള്‍ വാരിക്കൂട്ടുന്ന ഒരു കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. ഇപ്പോള്‍ ഉയര്‍ന്ന സുരക്ഷ വാഗ്ദാനം ചെയ്യുന്ന കാറുകള്‍ നിര്‍മ്മിക്കാന്‍ ടാറ്റ മോട്ടോര്‍സ് നടത്തുന്ന ശ്രമങ്ങളെ ഗ്ലോബല്‍ NCAP എന്ന ടെസ്റ്റിംഗ് ഏജന്‍സി തന്നെ അഭിനന്ദിച്ചിരുന്നു.
ടാറ്റയും സേഫ്റ്റിയും തമ്മിലുള്ള അഭ്യേദ്യമായ ബന്ധം വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിട്ടുണ്ട്. ഗ്ലോബല്‍ NCAP-ല്‍ നിന്ന് 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ ആദ്യത്തെ ഇന്ത്യന്‍ കാര്‍ ടാറ്റ നെക്സോണ്‍ ആയിരുന്നു. 2018-ലാണ് ഈ സബ് 4 മീറ്റര്‍ എസ്‌യുവി ഗ്ലോബല്‍ NCAP-ല്‍ നിന്ന് 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് കരസ്ഥമാക്കിയത്. അതിനുശേഷം ടാറ്റ മോട്ടോര്‍സിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ടാറ്റ പുറത്തിറക്കുന്ന പുതിയ കാറുകള്‍ എല്ലാം ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാര്‍ റേറ്റിംഗുകള്‍ വാരിക്കൂട്ടാന്‍ തുടങ്ങി.


Click it and Unblock the Notifications








