എട്ടിൻ്റെ പണിയാ മോനേ കിട്ടിയേക്കുന്നത്; പിഴയായി ലഭിച്ചത് 1 കോടി രൂപ
തോന്നിയ പോലെ തങ്ങളുടെ വാഹനങ്ങള്‍ക്ക് മോടികൂട്ടിയവര്‍ക്കും ചെവിക്കല്ല് പൊട്ടുന്നത് പോലെ ഉളള ഹോൺ ഘടിപ്പിച്ചവർക്കും എട്ടിന്റെ പണി നല്‍കി മോട്ടോര്‍വാഹന വകുപ്പ്.

യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന രൂപത്തില്‍ റെയ്‌സിങ് ഉള്‍പ്പെടെ അപകടകരമായ ഡ്രൈവിങ് നടത്തി നിയമത്തെ വെല്ലുവിളിച്ച് നിരത്തിലിറങ്ങിയ വാഹനഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ്‌ചെയ്തു. മലപ്പുറം ജില്ലയിൽ കണ്ടെത്തിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുകയുംചെയ്യും. കഴിഞ്ഞമാസം മാത്രം 36 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ്‌ചെയ്തു.

44 വാഹനങ്ങളുടെ ഫിറ്റ്നസും റദ്ദാക്കി. ആര്‍.ടി.ഒ. സി.വി.എം. ഷരീഫിന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ കഴിഞ്ഞമാസം നടത്തിയ പരിശോധനയില്‍ ടൂറിസ്റ്റ് ബസുകളിലേതുള്‍പ്പെടെ 249 വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയത് കണ്ടെത്തിയിരുന്നു.

കാതടിപ്പിക്കുന്ന ശബ്ദത്തിലുള്ള എയര്‍ഹോണ്‍ ഉപയോഗിച്ചത്-49, അപകടകരമായ രീതിയില്‍ നിരത്തുകളില്‍ റെയ്‌സിങ് ഉള്‍പ്പെടെ അപകടകരമായ ഡ്രൈവിങ് നടത്തിയത്-53, ലൈസന്‍സില്ലാതെ വാഹനം ഓടിച്ചത്-225, ഓവര്‍ലോഡ്-51, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചത്-463, ഫിറ്റ്നസ് ഇല്ലാത്തത്-122, ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിച്ചത്-3396 പേർ.

ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത്-78, ടാക്സ് ഇല്ലാത്തത്-223, ഫാന്‍സി നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിച്ചത്-187, നമ്പര്‍പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിക്കാത്തത്-240, മൂന്നുപേരെ കയറ്റിയുള്ള ഇരുചക്രവാഹനയാത്ര-139, പെര്‍മിറ്റ് ഇല്ലാത്തത്-36, സ്പീഡ് ഗവര്‍ണറില്ലാത്തത്-75 എന്നിങ്ങനെ 5794 കേസുകളിലായി 1,13,51,725 രൂപ പിഴ ചുമത്തി.

മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെയും മലപ്പുറം ആര്‍.ടി.ഒ. ഓഫീസ്, തിരൂരങ്ങാടി, തിരൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, പൊന്നാനി ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ജില്ലയിലെ സംസ്ഥാന-ദേശീയ പാതകള്‍ കേന്ദ്രീകരിച്ചാണ് രാപകല്‍ വ്യത്യസമില്ലാതെ പരിശോധന നടത്തിയത്.

സ്‌കൂള്‍ വാഹനങ്ങള്‍ നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ പിഴമാത്രം അടച്ച് ഇനി തടിയൂരാനാകില്ല. പിഴയ്ക്കുപുറമേ നിയമനടപടിയും നേരിടേണ്ടിവരും. അപാകം കണ്ടെത്തുന്ന സ്‌കൂള്‍ബസിന്റെ വാഹന ഉടമ എന്ന നിലയില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാകളക്ടര്‍ക്ക് ശുപാര്‍ശചെയ്തിട്ടുണ്ട്.

ഇത്തരത്തില്‍ 17 സ്‌കൂള്‍ വാഹനങ്ങളുടെ ഉടമയായ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് ജില്ലാ കളക്ടര്‍ക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

കഴിഞ്ഞമാസം മാത്രം ജില്ലാ ആര്‍.ടി.ഒ. സി.വി.എം. ഷരീഫിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

1200 സ്‌കൂള്‍വാഹനങ്ങള്‍ പരിശോധിച്ചതില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 72 സ്‌കൂള്‍വാഹനങ്ങള്‍ക്കെതിരേ കേസെടുത്തു. അപാകംകണ്ടെത്തിയ നാല് സ്‌കൂള്‍വാഹനങ്ങളുടെ ഫിറ്റ്നസ് ഉദ്യോഗസ്ഥര്‍ റദ്ദാക്കി.


Click it and Unblock the Notifications








