അക്ഷരംതെറ്റാതെ വിളിക്കാം 'ലോര്‍ഡ് ആള്‍ട്ടോ'! കുഷാഖ് മാറിനിൽക്കുന്ന പെർഫോമൻസുമായി ഒരു K10 ഇതാ
കാറുകളില്‍ രൂപമാറ്റം നടത്തുന്നത് നിയമവിധേയമല്ലെങ്കിലും ചില മോഡിഫിക്കേഷന്‍ കണ്ടാല്‍ നാം നോക്കി നിന്നുപോകാറുണ്ട്. ലുക്ക് മാത്രമല്ല പെര്‍ഫോമന്‍സിന്റെ കാര്യത്തിലും പരിഷ്‌കരണങ്ങള്‍ വരുത്തുന്ന ചില കാറുകള്‍ വണ്ടിപ്രാന്തന്‍മാര്‍ പണിതിറക്കാറുണ്ട്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ചെറുകാറുകളില്‍ ഒന്നാണ് മാരുതി ആള്‍ട്ടോ. സ്‌കോഡ കുഷാഖിന്റെ അത്രയും പവര്‍ഫുളായി ഒരു ആള്‍ട്ടോ രൂപാന്തരം പ്രാപിച്ചാല്‍ എങ്ങനെയുണ്ടാകും?.
അത്തരത്തിലുള്ള ഒരു മോഡിഫൈഡ് ആള്‍ട്ടേയെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. ഒരു മാരുതി ആള്‍ട്ടോ K10 സ്പോര്‍ട്സ് കാറിന് സമാനമായ പെര്‍ഫോമന്‍സ് കണക്കുകള്‍ നല്‍കുന്നത് പലര്‍ക്കും ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്നാല്‍ കാറിനെ അത്തരത്തില്‍ പരിഷ്‌കരിച്ച് നല്‍കുന്ന നിരവധി ആഫ്റ്റര്‍ മാര്‍ക്കറ്റ് കാര്‍ ഷോപ്പുകളുണ്ട്. ഏതൊരു കാറിനെയും 'റോക്കറ്റാക്കി' മാറ്റാന്‍ അവര്‍ വിചാരിച്ചാല്‍ നടക്കും.

ആള്‍ട്ടോയെ കുറിച്ച് പറയുമ്പോള്‍ താങ്ങാനാവുന്ന വില, പ്രായോഗികത, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് എന്നിവയുടെ കാര്യത്തില്‍ പേരുകേട്ട മാരുതി മോഡലാണിത്. സ്‌കോഡ കുഷാഖിന്റെ അത്രയും പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ ആള്‍ട്ടോ കാറിനെ കുറിച്ച് നമുക്ക് നോക്കാം. കിടിലന്‍ മേക്കോവര്‍ നടത്തിയ ഈ ആള്‍ട്ടോ K10 കാറിനെ കുറിച്ചുള്ള വീഡിയോ b.choww എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്.
ഈ ആള്‍ട്ടോ K10-ന്റെ നമ്പര്‍ പ്ലേറ്റ് വരുന്നത് 'KL' ആണ് എന്നാല്‍ ഇത് കേരളത്തില്‍ നിന്നുള്ള വണ്ടിയാണെന്ന് തെറ്റിദ്ധരിക്കല്ലേ. വാസ്തവത്തില്‍ ഇത് ശ്രീലങ്കയില്‍ നിന്നുള്ളതാണ്. ഈ ആള്‍ട്ടോ ശ്രീലങ്കയില്‍ നിന്നുള്ളതാണെന്ന് ഇന്‍സ്റ്റഗ്രാം വീഡിയോയുടെ അവതാരകന്‍ തന്നെ വിശദീകരിക്കുന്നുണ്ട്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയ ഈ കാര്‍ വെറും 6.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് പറയപ്പെടുന്നത്.

ആള്‍ട്ടോ K10-ന്റെ സാധാരണ മോഡല്‍ കൈവരിക്കാന്‍ എടുക്കുന്ന സമയത്തിന്റെ പകുതി മതിയെന്ന് സാരം. ഇതില്‍ ഘടിപ്പിച്ച എഞ്ചിന്‍ 140 bhp പവറും 150 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ഹൈബ്രിഡ് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, എക്സ്ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍ (EGR), കോള്‍ഡ് എയര്‍ ഇന്‍ടേക്ക്, പുതിയ എയര്‍ ഫില്‍റ്റര്‍, പുതിയ എയര്‍ ഇന്‍ടേക്ക് മാനിഫോള്‍ഡ്, റിസോണേറ്ററുള്ള കൂള്‍ഡ് എക്സ്ഹോസ്റ്റ്, ഇന്റര്‍കൂളര്‍ എന്നിവയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
റീകാലിബ്രേറ്റഡ് ഇസിയു, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഓയില്‍ ക്യാച്ച് ക്യാന്‍, ജാപ്പനീസ് ബെയറിംഗോട് കൂടിയ റീബില്‍റ്റ് ഗിയര്‍ബോക്സ്, പുതിയ ക്ലച്ച്, പുതിയ ഓയില്‍ വാട്ടര്‍ ടെമ്പറേച്ചര്‍ ഡിസ്പ്ലേ, ഇറിഡിയം പ്ലഗുകള്‍, കസ്റ്റം ബോഡി കിറ്റ്, എല്‍ഇഡി ലൈറ്റുകള്‍ എന്നിവക്കൊപ്പം പുത്തന്‍ എക്‌സ്റ്റീരിയര്‍ നിറവും നല്‍കി കാര്‍ വേറെ ലെവലാക്കിയിട്ടുണ്ട്. പ്രൊഫഷണലുകള്‍ വൃത്തിക്ക് അവരുടെ ജോലി ചെയ്താല്‍ മോഡിഫൈഡ് കാറുകള്‍ എങ്ങനെ ഗര്‍ജിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീലങ്കയില്‍ പണിതിറക്കിയ ഈ ആള്‍ട്ടോ K10.
ഒരു പതിറ്റാണ്ട് മുമ്പ് 2013-ലാണ് ഇത് നിര്‍മ്മിച്ചത്. ഈ മോഡിഫൈഡ് കാര്‍ ഇതിനോടകം 1.2 ലക്ഷം കിലോമീറ്റര്‍ ഓടിത്തീര്‍ത്തുവെന്ന കാര്യവും ശ്രദ്ധേയമാണ്. കസ്റ്റമൈസ്ഡ് എഞ്ചിനോട് കൂടിയ ലൈറ്റ്‌വെയിറ്റ് കാര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഹോണ്ട സിവിക് ടൈപ്പ്-R-ന്റെ പവര്‍-ടു-വെയ്റ്റ് അനുപാതമാണ്. അതുകൊണ്ടാണ് വലിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉള്ള സ്‌കോഡ കുഷാഖ് പോലുള്ള കാറുകളുമായി ഇതിനെ എളുപ്പത്തില്‍ താരതമ്യം ചെയ്യാന്‍ കഴിയുന്നത്.
ഈ കാര്‍ ശ്രീലങ്കയില്‍ നിന്നുള്ളതാണെന്ന് മുകളില്‍ പറഞ്ഞുവെല്ലോ, ഇന്ത്യയിലേക്ക് വന്നാല്‍ കാര്‍ മോഡിഫിക്കേഷന്‍ നിയമവിരുദ്ധമാണെന്നത് നമുക്കറിയാം. ഒരു കാറിന്റെ സ്‌റ്റോക്ക് കണ്ടീഷനില്‍ നിന്ന് രൂപമാറ്റം നടത്തുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ടാണ് മോഡിഫിക്കേഷന്‍ നടത്തുന്ന വാഹനങ്ങള്‍ക്ക് പൊലീസും മോട്ടോര്‍ വാഹന വകുപ്പും പിഴയിടുന്നത്. പിഴ കിട്ടുമെന്ന് മാത്രമല്ല എക്‌സ്ട്രാ ഫിറ്റിംഗുകളില്‍ പലതും എംവിഡി നടുറോഡില്‍ നിന്ന് തന്നെ അഴിപ്പിക്കുന്ന കാഴ്ചയും നാം കാണാറുണ്ട്.
ഇത്തരം അവസ്ഥ വരാതിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അനുവദനീയമായ പരിഷ്‌കാരങ്ങള്‍ മാത്രം വാഹനങ്ങളില്‍ നടത്താന്‍ ശ്രമിക്കുക. പെയിന്റ് മാറ്റം അടക്കമുള്ള പരിഷ്‌കാരങ്ങള്‍ ആര്‍ടിഒയുടെ അനുവാദത്തില്‍ മാത്രമായിരിക്കണം. മാത്രമല്ല അത് നിങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയും വേണം. അങ്ങനെ ചെയ്താല്‍ ഭാവിയില്‍ പൊലീസ് പരിശോധനയില്‍ നിങ്ങള്‍ക്ക് പിഴ കിട്ടാതെ രക്ഷപ്പെടാം.


Click it and Unblock the Notifications








