'തീ തുപ്പുന്ന പോളോ കുഞ്ഞു'മായി നടുറോഡില്‍ ഷോയിറക്കി! ഉടമക്ക് സംഭവിച്ചത് കണ്ടോ?
വാഹനങ്ങളില്‍ നടത്തുന്ന രൂപമാറ്റം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ അധികാരികളെ വെല്ലുവിളിച്ച് കൊണ്ട് കാറുകളും ബൈക്കുകളും മോഡിഫിക്കേഷന്‍ ചെയ്യുന്ന ആളുകളുടെ എണ്ണം കുറവല്ല. പൊലീസോ എംവിഡിയോ തങ്ങളെ പിടിക്കാന്‍ തക്കവണ്ണം നിരത്തില്‍ അഭ്യാസപ്രകടനം നടത്തില്ലെന്നും അഥവാ പിടിച്ചാല്‍ പിഴയടച്ച് ഊരിപ്പോരാമെന്നതുമാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇത്ര പ്രചാരത്തിലായ സാഹചര്യത്തില്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തെളിവ് സഹിതം അധികാരികളിലേക്ക് എത്താന്‍ തുടങ്ങി. ഇത്തരത്തില്‍ നിയമവിരുദ്ധമായി മോഡിഫിക്കേഷന്‍ നടത്തിയ ഒരു ഫോക്‌സ്‌വാഗണ്‍ പോളോ (Volkswagen Polo) ഉടമ അറസ്റ്റിലായ വാര്‍ത്തയാണ് ബാംഗ്ലൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഇന്നത്തെ കാലത്ത് യൂത്തന്‍മാരുടെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നാണ് ഫോക്‌സ്‌വാഗണ്‍ പോളോ. ഈ ഹോട്ട് ഹാച്ച്ബാക്ക് അതിന്റെ പെര്‍ഫോമന്‍സ് കൊണ്ട് മാത്രമല്ല അതുല്യമായ മോഡിഫിക്കേഷന്‍ സാധ്യതകള്‍ കൊണ്ട് കൂടിയാണ് യുവാക്കളുടെ ഹരമായി മാറിയ. ഇപ്പോള്‍ ബാംഗ്ലൂര്‍ ചര്‍ച്ച് സ്ട്രീറ്റില്‍ 'തീതുപ്പിയ' പോളോ കുഞ്ഞിനെ പൊലീസ് പൂട്ടിയിരിക്കുകയാണ്. ആഫ്റ്റര്‍ മാര്‍ക്കറ്റ് എക്സ്ഹോസ്റ്റുള്ള മോഡിഫൈഡ് ഫോക്സ്വാഗണ്‍ പോളോ നാട്ടുകാര്‍ക്ക് അസൗകര്യം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പിടിച്ചെടുത്തത്.

ഹൊസപാളയയിലെ ഷണ്‍മുഖ ലേഔട്ടില്‍ താമസിക്കുന്ന അര്‍ജുന്‍ ജി ഷേണായിയുടേതാണ് ഈ കാര്‍. പോളോയുടെ ഗ്ലാസുകള്‍ ടിന്റ് ചെയ്തതായും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. തന്റെ പോളോയില്‍ ചര്‍ച്ച് സ്ട്രീറ്റിലെത്തിയ അര്‍ജുന്‍ വളരെ പതുക്കെയാണ് കാര്‍ ഓടിച്ചത്. ആഫ്റ്റര്‍ മാര്‍ക്കറ്റ് എക്സ്ഹോസ്റ്റ് ഉണ്ടായിരുന്നതിനാല്‍ തന്നെ അതിന്റെ ഗമ കാണിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.
തന്റെ പോളോയുടെ ആക്സിലറേറ്റര്‍ ശക്തമായി അമര്‍ത്തി എഞ്ചിന്‍ റെവ് ചെയ്തതോടെ ആഫ്റ്റര്‍ മാര്‍ക്കറ്റ് എക്സ്ഹോസ്റ്റില്‍ നിന്ന് കാതടപ്പിക്കുന്ന ശബ്ദം വെളിയില്‍ വന്നു. ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ യുവാവ് മനപൂര്‍വ്വം ചെയ്തതായിരുന്നു ഇതെന്നാണ് മനസ്സിലാക്കാന്‍ പറ്റുന്നത്. വന്‍ ശബ്ദത്തിനൊപ്പം എക്‌സ്‌ഹോസ്റ്റില്‍ നിന്ന് തീപ്പൊരികളും പറക്കുന്നുണ്ടായിരുന്നു. ഇത് ഒരുപക്ഷേ ഒരു ഫ്രീഫേ്‌ലാ എക്സ്ഹോസ്റ്റ് ആയിരിക്കാം. അത്തരം എക്സ്ഹോസ്റ്റുകളില്‍ കത്താത്ത ഇന്ധനം പലപ്പോഴും എക്സ്ഹോസ്റ്റ് സിസ്റ്റത്തിനുള്ളില്‍ കത്തുകയും തീജ്വാലകള്‍ സൃഷ്ടിക്കുകയും ചെയ്യും.
ഇത് കാറിന് ഒട്ടും നല്ലതല്ല. കാറിന്റെ എക്‌സ്‌ഹോസ്റ്റില്‍ നിന്നുള്ള ശബ്ദം കാല്‍നട യാത്രക്കാര്‍ക്കും മറ്റ് വാഹന ഉപയോക്താക്കള്‍ക്കും മാത്രമല്ല സമീപത്തെ കടകളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് വരെ അലോസരം സൃഷ്ടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാന്‍ അവരില്‍ പലരും പുറത്തുവന്നു. നാട്ടുകാരില്‍ ഒരാള്‍ പ്രതികരിച്ചതോടെ അര്‍ജുന്‍ കാറുമായി സ്ഥലം കാലിയാക്കുകയായിരുന്നു. കാറുമായി യുവാവ് പോയെങ്കിലും ഇതിന്റെ വീഡിയോയും ചിത്രങ്ങളും സ്ഥലത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയിരുന്നു.
അവരില്‍ ചിലര്‍ ഈ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച് ബെംഗളൂരു ട്രാഫിക് പൊലീസിനെ ടാഗ് ചെയ്തു. പോസ്റ്റ് ശ്രദ്ധയില്‍ പെട്ട അധികാരികള്‍ കാര്‍ നമ്പര്‍ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കബ്ബണ്‍ പാര്‍ക്ക് ട്രാഫിക് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ മോട്ടോര്‍ വാഹന നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 281 വകുപ്പുകള്‍ പ്രകാരവും കേസെടുത്ത അര്‍ജുനെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഓണ്‍ലൈനായി വാങ്ങിയ ആഫ്റ്റര്‍ മാര്‍ക്കറ്റ് എക്സ്ഹോസ്റ്റ് ഒരു പ്രാദേശിക മെക്കാനിക്കിന്റെ സഹായത്തോടെ ഇന്‍സ്റ്റാള്‍ ചെയ്തതായി ഷേണായി സമ്മതിച്ചു. ഇത്തരം ആഫ്റ്റര്‍ മാര്‍ക്കറ്റ് മോഡിഫിക്കേഷന്‍ ആക്സസറികള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാറുണ്ടെങ്കിലും ഇവ ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്.
കാറില്‍ ഇത്തരത്തിലുള്ള എക്‌സ്‌ഹോസ്റ്റുകള്‍ ഘടിപ്പിച്ച് പോകുന്ന ആളുകള്‍ക്ക് ഇത് നല്ല ത്രില്ലായിരിക്കും. എന്നാല്‍ ഇത് പൊതുജനങ്ങള്‍ക്ക് വലിയ ശല്യമാണ്. മാത്രമല്ല ഇത് നിങ്ങളുടെ കാറിന്റെ ആയുസ്സും കുറയ്ക്കുന്നുവെന്ന സത്യം മനസ്സിലാക്കണം. മാത്രമല്ല മുക്കിലും മൂലയിലും ക്യാമറയുള്ള ഇന്നത്തെ കാലത്ത് മോഡിഫൈഡ് കാറുകളുമായി 'ഷോ' കാണിക്കാന്‍ ഇറങ്ങിയാല്‍ ഇതുപോലെ മുട്ടന്‍ പണികള്‍ ലഭിക്കുമെന്ന കാര്യം ഓര്‍മയിലുണ്ടായിരിക്കണം. കേരളത്തിലെ എംവിഡി ഇത്തരം സംഗതികളുടെ കാര്യത്തില്‍ കര്‍ക്കശക്കാരാണ്.


Click it and Unblock the Notifications








