രണ്ടേ ഉള്ളൂവെങ്കിലും പുലികളാ... ഹീറോ ഷമിയുടെ നിരത്തിലെ 'തീയുണ്ടകള്‍' ഇവരാണ്
ബുധനാഴ്ച മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന പുരുഷന്‍മാരുടെ ഐസിസി ഏകദിന ലോകകപ്പിന്റ ഒന്നാമത്തെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ച് ഇന്ത്യ കലാശക്കളിക്ക് യോഗ്യത നേടിയിരിക്കുകയാണ്. സെമിഫൈനല്‍ വിജയത്തില്‍ ഇന്ത്യ കടപ്പെട്ടിരിക്കുന്ന ഒരുപിടി കളിക്കാരുണ്ട്. അതില്‍ ഒന്നാം സ്ഥാനം പേസര്‍ മുഹമ്മദ് ഷമിയാണ്.
സെമിയില്‍ കിവീസിനായി സെഞ്ച്വറി നേടിയ ഡാറില്‍ മിച്ചലിന്‍േറതടക്കം ഏഴുവിക്കറ്റ് പിഴുത ഷമിയുടെ ബൗളിംഗ് മികവിലാണ് ഇന്ത്യ നാലാമത്തെ ഫൈനല്‍ പ്രവേശനം സാധ്യമാക്കിയത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം നല്‍കാതിരുന്നതിന് പ്രകടനത്തിലൂടെ മറുപടി പറയുന്ന ഷമി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ഒന്നാമനാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളെല്ലാം വണ്ടിഭ്രാന്തന്‍മാര്‍ കൂടിയാണെന്ന് നമുക്കറിയാം.

അധികമൊന്നുമില്ലെങ്കിലും ഒരു കിടിലന്‍ കാറും ഒരു ക്ലാസും ബൈക്കും മുഹമ്മദ് ഷമിയുടെ ഗരാജിലുണ്ട്. ഈ വര്‍ഷം ആദ്യം ക്രിക്കറ്റര്‍ തന്റെ ഗാരേജിലുള്ള രണ്ട് വാഹനങ്ങള്‍ക്ക് സമീപം നില്‍ക്കുന്ന ചിത്രം മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ചിരുന്നു. തന്റെ പ്രിയപ്പെട്ട ജാഗ്വാര്‍ F-ടൈപ്പ് സ്പോര്‍ട്സ് കാറിന്റെ അരികില്‍ നില്‍ക്കുന്ന ഫോട്ടോ ആയിരുന്നു അതിലൊന്ന്. ജാഗ്വാര്‍ F-ടൈപ്പ് ഒരു വര്‍ഷം മുമ്പായിരുന്നു മുഹമ്മദ് ഷമി സ്വന്തമാക്കിയത്.
കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് മോഡലായി ഈ ടൂ ഡോര്‍ സ്‌പോര്‍ട്‌സ് കാര്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. 295 bhp പവറും 400 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ആണ് ഈ ജാഗ്വാര്‍ മോഡലിന് തുടിപ്പേകുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു.

മണിക്കൂറില്‍ 249 കിലോമീറ്റര്‍ ആണ് കാറിന്റെ പരമാവധി വേഗത. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 5.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ സ്പോര്‍ട്സ് കാറിന് കഴിയും. 5.0 ലിറ്റര്‍ V8 സൂപ്പര്‍ചാര്‍ജ്ഡ് എഞ്ചിന്‍ ഉള്ള F-ടൈപ്പിന്റെ ശക്തമായ പതിപ്പും ജാഗ്വാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ ജാഗ്വാര്‍ F-ടൈപ്പിന് 99.98 ലക്ഷം രൂപ മുതല്‍ 1.53 കോടി രൂപ വരെയാണ് എക്സ്‌ഷോറൂം വില വരുന്നത്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റ സമയത്തായിരുന്നു ഷമി കാറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. താരങ്ങള്‍ കാര്‍ ഓടിക്കുന്നതിനെ ചൊല്ലി നിരവധി ആരാധകര്‍ കമന്റ് ബോക്‌സില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കാര്‍ സ്വന്തമായി ഓടിക്കരുതെന്നും ഡ്രൈവറെ നിയമിക്കണമെന്നുമായിരുന്നു ആരാധകരുടെ ആവശ്യം. ജാഗ്വാര്‍ F-ടൈപ്പിന് പുറമെ ഒരു ബൈക്കും മുഹമ്മദ് ഷമിക്ക് സ്വന്തമായുണ്ട്.

എന്നാല്‍ എംഎസ് ധോണിയെയും മറ്റ് നിരവധി യുവതാരങ്ങളെയും പോലെ ഒരു സൂപ്പര്‍ ബൈക്കല്ല ഷമിക്കുള്ളത്. തന്റെ ഉടമസ്ഥതയിലുള്ള റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ GT 650 മോട്ടോര്‍സൈക്കിളില്‍ ചാരി നില്‍ക്കുന്ന ഒരു ചിത്രവും ഷമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ GT 650 മോട്ടോര്‍സൈക്കിളിന്റെ ക്രോം വേരിയന്റാണ് ഷമിയുടെ പക്കലുള്ളത്.
വിപണിയില്‍ എത്തിയ വേളയില്‍ രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളായിരുന്നു കോണ്ടിനെന്റല്‍ GT. അതേസമയം ഇപ്പോള്‍ ഒരു ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിള്‍ നോക്കുന്ന വ്യക്തികള്‍ക്ക് മുന്നില്‍ ഒരുപാട് ഓപ്ഷനുകളുണ്ട്. 47 bhp പവറും 52 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 647 സിസി, പാരലല്‍-ട്വിന്‍ സിലിണ്ടര്‍, ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് കോണ്ടിനെന്റല്‍ GT-ക്ക് തുടിപ്പേകുന്നത്.

3.18 ലക്ഷം രൂപ മുതലാണ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 3.44 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. ക്രിക്കറ്റിലേക്ക് മടങ്ങിവന്നാല്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഫൈനലിലെത്തിയ ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയ X ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനല്‍ വിജയിയെയാണ്. രോഹിത് ശര്‍മ നയിക്കുന്ന ബാറ്റിംഗ് നിരയും ഷമി നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തം മണ്ണില്‍ കനകക്കിരീടം നേടിത്തരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications








