കാർ ശേഖരത്തിനും കൊടുക്കണം ഒരു അവാർഡ്, ലാലേട്ടന്റെ പോർച്ചിലുള്ള കാറുകൾ കണ്ടാൽ ആരായാലും ഇങ്ങനെ പറയും
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന മഹാനടൻ. ഇന്ത്യന്‍ സിനിമയില്‍ ഒരു ചലച്ചിത്ര പ്രവര്‍ത്തകന് ലഭിക്കാവുന്ന പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലാലേട്ടൻ നേടിയത് നമ്മുടെ കുടുംബത്തിലെ ഒരംഗത്തിന് കിട്ടയത് പോലെ ആഘോഷിക്കുകയാണ് മലയാളികൾ. ഒരു നടൻ എന്നതിലുപരി സംവിധായകൻ, നിർമ്മാതാവ്, ഗായകൻ എന്നീ വേഷങ്ങളിലും തിളങ്ങാൻ നടനവിസ്മയത്തിനായിട്ടുണ്ട്. 2025 സെപ്റ്റംബർ 23-ന് നടക്കുന്ന 71-മത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിനിടയിൽ അവാർഡ് മോഹൻലാൽ ഏറ്റുവാങ്ങും. സിനിമ പോലെ തന്നെ തൻ്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട മറ്റൊന്നാണ് ലാലേട്ടന് വാഹനങ്ങളോടുള്ള ആരാധന.
അദ്ദേഹത്തിൻ്റെ ഈ ആരാധന ഒന്നോ, രണ്ടോ കാറുകളിൽ ഒതുങ്ങുന്നതല്ല. ആദ്യ കാറായ ഹിന്ദുസ്ഥാൻ അംബാസഡർ മാർക്ക് 4, ലംബോർഗിനി ഉറൂസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, ടൊയോട്ട വെൽഫെയർ, മെർസീഡീസ് ബെൻസ് GL350 തുടങ്ങിയ വമ്പൻ കാറുകളാണ് ലാലേട്ടന്റെ ഗരാജിനെ മനോഹരമാക്കുന്നത്. അതുപോലെ തന്നെ തന്റെ കാറുകൾക്ക് ഇഷ്‌ടപ്പെട്ട നമ്പർ സ്വന്തമാക്കാനും താരം ശ്രമിക്കാറുണ്ട്. ഇനി മോഹൻലാലിന്റെ പോർച്ചിലുള്ള പ്രധാന മോഡലുകൾ ഏതെല്ലാമെന്ന് നോക്കിയാലോ?

അംബാസഡർ മാർക്ക് 4: തുടരും സിനിമയിൽ ലാലേട്ടനോടൊപ്പം എത്തിയ അംബാസിഡർ കാറും വലിയ ചർച്ചയായിരുന്നു. തന്റെ ആദ്യ കാറായ ഹിന്ദുസ്ഥാൻ അംബാസഡർ മാർക്ക് 4 ഇന്നും നിധി പോലെ കാക്കുന്നുണ്ട് നടൻ. 1986 മോഡലായ അംബിക്ക് 1.8 ലിറ്റർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരുന്നത്. ഏകദേശം 75 bhp കരുത്തിൽ 135 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും പഴയ പടക്കുതിരയ്ക്കാവും. എഞ്ചിൻ 4-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായിട്ടാണ് ജോടിയാക്കിയിക്കുന്നത്.
ലംബോർഗിനി ഉറൂസ്: കാലം മാറുന്തോറും മോഹൻലാലിന്റെ ചോയ്സുകൾ ആഡംബരവും സ്പോർട്ടിയുമായ പുതുപുത്തൻ കാറുകളിലേക്കായി മാറി. സൂപ്പർസ്റ്റാറിന്റെ പോർച്ചിലെ ഏറ്റവും വിലയേറിയ കാർ എന്ന പദവി അലങ്കരിക്കുന്നത് സ്പോർട്ടി എസ്‌യുവിയായ ലംബോർഗിനി ഉറൂസാണ്. കണ്ണുതള്ളുന്ന പെർഫോമൻസും ഫീച്ചറുകളുമുള്ള മോഡൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന എസ്‌യുവികളിൽ ഒന്നാണ്.

657 bhp പവറിൽ പരമാവധി 850 Nm ടോർക്ക് വരെ നിർമിക്കാൻ കഴിവുള്ള 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് ഉറൂസിന്റെ ഹൃദയം. എസ്‌യുവിക്ക് വെറും 3.5 സെക്കൻ്റിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം മണിക്കൂറിൽ 305 കിലോമീറ്ററാണ് ലംബോർഗിനിയുടെ വണ്ടിക്ക് പുറത്തെടുക്കാനാവുന്ന പരമാവധി വേഗം. പ്രീമിയം മെറ്റീരിയലുകൾ, നൂതന സാങ്കേതികവിദ്യ, ഒന്നിലധികം ഡ്രൈവിംഗ് മോഡലുകൾ എന്നിവയുള്ള ഉറൂസിന് 4 കോടിയലധികം രൂപ വരും വില.
ടൊയോട്ട വെൽഫെയർ: സ്റ്റൈലിൻ്റെ കാര്യത്തിലോ ആഡംബരത്തിൻ്റെ കാര്യത്തിലോ ഒട്ടുംതന്നെ പുറകിലല്ല പ്രീമിയം എംപിവിയായ ടൊയോട്ട വെൽഫെയർ. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ ഉപയോഗിച്ച്കൊണ്ട് പ്രവർത്തിക്കുന്നത് കൊണ്ടുതന്നെ 19 കിലോമീറ്റർ മൈലേജാണ് മോഡലിൽ കമ്പനി പറയുന്നത്. വിശാലമായ 7 സീറ്റർ ലേഔട്ടിനൊപ്പം രണ്ടാം നിരയിലെ VIP ക്യാപ്റ്റൻ സീറ്റുകളാണ് അകത്തളത്തിലെ പ്രധാന ഹൈലൈറ്റ്.

ഇതിൽ വെൻ്റിലേഷൻ, മസാജ് ഫംഗ്ഷനുകൾ, പവർ അഡ്ജസ്റ്റ്മെൻ്റുകൾ എന്നിവ ഉൾപ്പെടുന്നു. 14 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, JBL പ്രീമിയം ഓഡിയോ, ട്വിൻ സൺറൂഫുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും കൂടിയാവുമ്പോൾ യാത്രകൾ അടിപൊളിയാവും. ടൊയോട്ടയുടെ സുരക്ഷസംവിധാനങ്ങൾ മികച്ചതാക്കുന്നതിനായി ADAS സ്യൂട്ട്, 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറകൾ, ലെയ്ൻ അസിസ്റ്റ് എന്നിവയും വെൽഫെയറിൽ ഒരുക്കിയിട്ടുണ്ട്. ഏകദേശം 1.20 കോടി വിലയാണ് ഈ എംപിവിക്കുള്ളത്.
ടൊയോട്ട ലാൻഡ് ക്രൂയിസർ: ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഈ ഫ്ലാഗ്ഷിപ്പ് ആഡംബര എസ്‌യുവിയാണ് കൂട്ടത്തിൽ ലാലേട്ടന്റെ പ്രിയങ്കരൻ. സ്റ്റൈലിന്റേയും ഫീച്ചറുകളുടെയും കാര്യത്തിൽ പോലും ഒട്ടും പുറകിലല്ല ആശാൻ. 304 bhp കരുത്തിൽ 700 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 3.3 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ എഞ്ചിനാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ഫുൾടൈം 4WD സിസ്റ്റത്തോടുകൂടിയ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

ഏകദേശം 240 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, ഡിഫറഷ്യൽ ലോക്കുകൾ, ഒന്നിലധികം ടെറൈൻ മോഡലുകൾ എന്നിവപോലുള്ള വൈവിദ്യമാർന്ന സവിശേഷതകളും ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ പ്രത്യേകതകളാണ്. വെന്റിലേറ്റഡ് സീറ്റുകൾ, 12.3 ഇഞ്ച് ടച്ച്സ്ക്രീൻ, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 10 എയർബാഗുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രെയ്സിംഗ് അസിസ്റ്റ് എന്നിവ ഉൾകൊണ്ടുള്ള ടൊയോട്ടയുടെ ADAS സ്യൂട്ടും ലാൻഡ് ക്രൂയിസറിനെ വേറിട്ടുനിർത്തും.


Click it and Unblock the Notifications








